തിരുവനന്തപുരം: ഒന്നോ രണ്ടൊ ചെറുമീനുകളുടെ പേരില്‍ നടപടി എടുത്ത് മെഡിക്കല്‍ കോളേജ് കോഴ ഒതുക്കി തീര്‍ക്കാനുള്ള ബി.ജെ.പിയുടെ നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായും അഭിഭാഷകരുമായും കൂടിയാലോചിച്ച ശേഷം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കേരളത്തില്‍ നടന്ന 5.6 കോടി രൂപയുടെ അഴിമതി മാത്രമല്ല മുഴുവന്‍ കൊള്ളയും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി, മെഡിക്കല്‍ കൗണ്‍സില്‍ ഉന്നതര്‍, ഉന്നത ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന വലിയ മാഫിയ ആണ് അഴിമതിക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
വന്‍ അഴിമതിയുടെ തീരെ ചെറിയ ഭാഗം മാത്രമാണ് കേരളത്തില്‍ കണ്ടത്. സുപ്രീംകോടതി നിര്‍ദേശങ്ങളുടെ അന്ത:സത്ത കാറ്റില്‍ പറത്തി നടത്തിയ വന്‍അഴിമതിയെക്കുറിച്ച് കോടതിയില്‍ ബി.ജെ.പി എണ്ണിയെണ്ണി ഉത്തരം പറയേണ്ടിവരുമെന്നും ചെന്നിത്തല പറയുന്നു.
എഴുപതോളം മെഡിക്കല്‍ കോളജുകള്‍ക്കു കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയുമായി ബന്ധപ്പെട്ടു രാജ്യത്ത് ആയിരം കോടിയുടെ അഴിമതി നടന്നുവെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ഒരു എം.എല്‍.എ മാത്രമുള്ള കേരളത്തില്‍ ഇത്രയുമൊക്കെ ചെയ്തുകൂട്ടാമെങ്കില്‍ കുറച്ചു ജനപ്രതിനിധികള്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍ ബി.ജെ.പി കേരളത്തെ തീറെഴുതി കൊടുക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴവിവാദം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട അഴിമതി തടയുന്നതിനു സുപ്രീകോടതി നിയോഗിച്ച ജസ്റ്റിസ് ലോധാ കമ്മിറ്റിയെ മറികടന്നായിരുന്നു നടപടികളെന്നും അദ്ദേഹം ആരോപിക്കുന്നു.