| Tuesday, 1st December 2020, 2:16 pm

മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല; രാജിവെക്കണമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അല്‍പ്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക്ക് ഉടന്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

അതിനര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ്. മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല.

കെ.എസ്.എഫ്.ഇ യിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക് നേരത്തെ ചോദിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയത്.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്ഡ് നടന്നത് എന്നു വേണം അദ്ദേഹത്തിന്റെ ന്യായീകരണത്തില്‍ നിന്നു മനസിലാക്കാന്‍. റെയ്ഡില്‍ ഗൂഢാലോചന എന്ന് ഐസക്ക് പറഞ്ഞതില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരസ്പര വിശ്വാസവും, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടിരിക്കുകയാണിവിടെ. കെ.എസ്.എഫ്.ഇ റെയ്ഡില്‍ ആര്‍ക്കാണ് വട്ടെന്ന പഴയ ചോദ്യത്തില്‍ തോമസ് ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ.എസ്.എഫ്.ഇ റെയ്ഡുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. റെയ്ഡ് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദമായ സാഹചര്യത്തിലാണ് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേര്‍ത്തത്.

യോഗത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി അതൃപ്തി ആവര്‍ത്തിച്ചു. വിജിലന്‍സ് റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്നും റെയ്ഡ് വകുപ്പുമന്ത്രി അറിയണമായിരുന്നുവെന്നും തോമസ് ഐസക്ക് യോഗത്തില്‍ പറഞ്ഞിരുന്നു.

നവംബര്‍ പത്തിനാണ് വിജിലന്‍സ് ഡയറക്ടര്‍ റെയ്ഡിനുള്ള ഉത്തരവില്‍ ഒപ്പുവെക്കുന്നത്. അതിനുശേഷം ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും തോമസ് ഐസക്ക് യോഗത്തില്‍ പറഞ്ഞു.

കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്ന് കഴിഞ്ഞദിവസം തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനേ വിജിലന്‍സ് റെയ്ഡ് ഉപകരിക്കൂ, ശാഖകളില്‍ കൂട്ടത്തോടെ മിന്നല്‍പ്പരിശോധന നടത്തേണ്ട കാര്യമില്ല. വിജിലന്‍സ് അന്വേഷണത്തിന് ആരും എതിരല്ല. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. വിജിലന്‍സ് ഭാഗത്തുനിന്നുള്ള വീഴ്ച സര്‍ക്കാര്‍ പരിശോധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

എന്നാല്‍ കെ.എസ്.എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തെരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയത്, വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ നിലപാട് ന്യായീകരിച്ച് മന്ത്രിമാരായ ഇ.പി ജയരാജനും ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

കെ.എസ്.എഫ്.ഇയില്‍ നടന്നത് റെയ്ഡല്ല എന്നാണ് മന്ത്രി ഇ.പി ജയരാജന്‍ പറയുന്നത്. മുഖ്യമന്ത്രി നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസകിന് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിക്കാണുമെന്നും ഇ.പി കണ്ണൂരില്‍ പ്രതികരിച്ചിരുന്നു.

കെ.എസ്.എഫ്.ഇ പരിശോധനക്ക് വിജിലന്‍സിന് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. വിജിലന്‍സ് സ്വതന്ത്ര പരിശോധന നടത്തുന്നു. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഇപ്പോഴുണ്ട്. നേരത്തേ അതില്ലായിരുന്നു. പരിശോധനയ്ക്ക് എതിരെ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസകിനും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിക്കാണുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്ന് മന്ത്രി ജി സുധാകരനും തുറന്നടിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടുപറന്നതുകൊണ്ട് ഇവിടുത്തെ വിജിലന്‍സിനെ പിരിച്ചുവിടണം എന്ന് പറയാനാവുമോയെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more