'ഇങ്ങനെയെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരും'; വിമര്‍ശനവുമായി ചെന്നിത്തല
Sabarimala women entry
'ഇങ്ങനെയെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരും'; വിമര്‍ശനവുമായി ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 9:31 am

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്ന നാടാടിതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണെന്നും അത് മനസിലാക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്നും കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല. ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല പറഞ്ഞു.


പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്ന നാടാണിത്; ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി


ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിധി അട്ടിമറിക്കാന്‍ ബി.ജെ.പി തന്നെയാണ് രംഗത്തുള്ളതെന്നും ശബരിമല സംഘര്‍ഷഭൂമിയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.

ഒരു കൂട്ടര്‍ കൊടിയെടുത്തും മറ്റ് ചിലര്‍ കൊടിയില്ലാതെയും പ്രതിഷേധിക്കുന്നു. കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നെന്നും പിണറായി പറഞ്ഞിരുന്നു.