| Tuesday, 15th September 2020, 12:07 pm

മോദിയും പിണറായിയും തമ്മിലെന്താണ് വ്യത്യാസം; മുഖ്യമന്ത്രി സാങ്കല്‍പ്പിക ലോകത്തില്‍; നാണം കെട്ട അഴിമതിക്ക് കൂട്ടുനില്‍ക്കുന്നെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സാങ്കല്‍പ്പിക ലോകത്തിലാണ് ഉള്ളതെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെതിരെ വരുന്ന ഓരോ ആരോപണങ്ങളും അദ്ദേഹത്തെ സംബന്ധിച്ച് സാങ്കല്‍പ്പികം മാത്രമാണെന്നും നാണം കെട്ട അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.

‘സ്വര്‍ണക്കള്ളക്കടത്ത് സാങ്കല്‍പ്പിക കഥ, സ്വപ്‌നയേയും സംഘത്തേയും അറസ്റ്റ് ചെയ്തത് സാങ്കല്പ്പിക കഥ, ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തത് സാങ്കല്‍പ്പിക കഥ, നയതന്ത്ര ചാനലിലൂടെ പാഴ്‌സല്‍ കടത്തിയത് സാങ്കല്‍പ്പികമായ കഥ, കോടിയേരിയുടെ മകനെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യുന്നത് സാങ്കല്‍പ്പിക കഥ, ലൈഫ് മിഷനില്‍ ഒരു മന്ത്രി പുത്രന്‍ കമ്മീഷന്‍ പറ്റിയത് സാങ്കില്‍പ്പിക കഥ, കെ.ടി ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത് സാങ്കല്‍പ്പിക കഥ, വ്യവസായ മന്ത്രിയുടെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പാഞ്ഞുകയറി ലോക്കര്‍ പരതിയത് സാങ്കല്‍പ്പിക കഥ, അങ്ങനെ സര്‍വം സാങ്കല്‍പ്പികം. സര്‍വം കെട്ടുകഥ.

എത്രനാള്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിക്കും. എത്ര നാള്‍ സാങ്കല്‍പ്പിക കഥയാണെന്ന് പറഞ്ഞ് കുറ്റവാളികള്‍ക്ക് സംരക്ഷണം കൊടുക്കും. ഇവിടെ നടക്കുന്ന നാണംകെട്ട അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് മുഖ്യമന്ത്രിയാണ്. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്,’ ചെന്നിത്തല പറഞ്ഞു.

ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് നുണക്കഥകളാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും മന്ത്രിമാരും അവരുടെ മക്കളും അഴിമതി കേസുകളില്‍ പെടുന്നത് പകല്‍പോലെ സത്യമാണെങ്കിലും മുഖ്യമന്ത്രിക്ക് വിശദീകരിക്കാന്‍ കഴിയാതെ വരുന്നത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും സാങ്കല്‍പ്പികമാണെന്ന് നാളെ ചിലപ്പോള്‍ മുഖ്യമന്ത്രി പറയും. ഉയര്‍ന്ന സാക്ഷരതാ ബോധമുള്ള ജനതയെ പറ്റിക്കുകയാണ് അദ്ദേഹം.

ഇ.പി ജയരാജന്റെ ഭാര്യ ലോക്കര്‍ പരിശോധിക്കാന്‍ പാഞ്ഞുചെന്നത് എന്തിനാണ് എന്നതിനെ പറ്റി അദ്ദേഹം പറഞ്ഞത് സീനിയര്‍ മാനേജറായ ഒരാള്‍ക്ക് ലോക്കര്‍ ഉണ്ടെന്നതില്‍ എന്ത് ആശ്ചര്യമാണ് ഉള്ളതെന്നാണ്.

അത് ആശ്ചര്യമാണെന്ന് ആരെങ്കിലും പറഞ്ഞോ. സ്രവപരിശോധനയ്ക്ക് ശേഷം ക്വാറന്റൈനില്‍ കഴിയേണ്ട അവര്‍ ലോക്കര്‍ തുറക്കാന്‍ പാഞ്ഞുചെന്നതാണ് അതിശയകരം. അതും മന്ത്രി പുത്രന്‍ ലൈഫ് മിഷനില്‍ കമ്മീഷന്‍ വാങ്ങി എന്ന വാര്‍ത്ത പുറത്തുവന്ന സമയത്താണ് ഈ പരിഭ്രാന്തിയോട് കൂടി ബാങ്കില്‍ പോയി ലോക്കര്‍ തുറന്നത്.

ഒരു പവന്റെ മാല തൂക്കി നോക്കിയതാണ് ഭയങ്കര കാര്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനാണോ അവര്‍ പോകുന്നത്. ദീര്‍ഘകാലം സേവനമുള്ള അവര്‍ക്ക് ഒരു പവന്റെ മാല കണ്ടാല്‍ തിരിച്ചറിയാനുള്ള സാമാന്യബോധമുണ്ടാകുമെന്നാണ് വിശ്വാസം. ലോക്കര്‍ തുറന്ന്, മാറ്റേണ്ടത് മാറ്റിയ ശേഷം ഒരു പവന്റെ മാല തൂക്കിനോക്കിയെന്ന് പറയാനുള്ള ബുദ്ധി ആരുടേതാണെന്നും ചെന്നിത്തല ചോദിച്ചു.

സഹപ്രവര്‍ത്തകര്‍ക്ക് നേരെ വ്യക്തമായ ആരോപണം ഉയരുമ്പോള്‍ അന്വേഷിച്ച് നിജസ്ഥിതി അറിയുന്നതിന് പകരം സാങ്കല്‍പ്പിക കഥയെന്ന് പറഞ്ഞ് ഒഴിയുകയാണ് അദ്ദേഹം.

ഇതിന് പുറമെ മാധ്യമങ്ങളെ കണക്കറ്റ് ശകാരിച്ചിരിക്കുന്നു. പത്രക്കാരനായവരെ പിടിക്കാനായി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചിരിക്കുന്നു. വ്യാജ വാര്‍ത്ത ഉണ്ടാക്കുന്നവരെ പിടിക്കാന്‍ എന്ന് പറഞ്ഞാണ് ഇത്. പിന്നെ മോദിയും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം. ഇത് ചെയ്യുന്നത് മോദിയാണ്. അതേ കാര്യം പിണറായിയും ചെയ്യുന്നു. കേരളത്തില്‍ ആദ്യമായിട്ടാണോ മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കന്നത്. ഇത് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ അങ്ങനെയെങ്കില്‍ ആദ്യത്തെ പ്രതിപ്പട്ടികയില്‍ വരേണ്ടത് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ അദ്ദേഹം തന്നെയാണ്.

ഇന്നലെ അദ്ദേഹം പറഞ്ഞു മന്ത്രിയെ തടഞ്ഞത് ശരിയായില്ല എന്ന്. മുന്‍പ് മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച സംഭവത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഒന്നും പറയാനില്ലാതെ ജനങ്ങള്‍ അത് കാണുന്നുണ്ടെന്ന് പറഞ്ഞ് ഒഴിയുകയാണ് ഉണ്ടായത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന അക്രമത്തെ അപലപിക്കാന്‍ പോലും പാര്‍ട്ടി സെക്രട്ടറിയായ അദ്ദേഹം അന്ന് തയ്യാറായില്ല. വളരെ സമാധാനപരമായ സമരമാണ് കെ.ടി ജലീലിനെതിരെ നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കെ.എസ്.യു പ്രവര്‍ത്തകേയും പൊലീസ് ഭീകരമായി മര്‍ദ്ദിച്ചു. ഇതുപോലൊരു പൊലീസ് മര്‍ദ്ദനം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഭീകര ഭരണകൂടമായി സംസ്ഥാന സര്‍ക്കാര്‍ മാറി. ഭീകരമായ രീതിയിലാണ് സമരക്കാരെ നേരിടുന്നത്. ഇതാണോ ഇടതുമുന്നണിയുടെ നയം. ഈ കിരാത നയം കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ല. മാധ്യമങ്ങള്‍ക്ക് നേരെയും പ്രതിപക്ഷത്തിന് നേരേയും ഉയര്‍ത്തുന്ന ശകാരവര്‍ഷം പൊതുസമൂഹം വിലയിരുത്തണമെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: Remesh Chennithala Against Pinarayi Vijayan

We use cookies to give you the best possible experience. Learn more