തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും കെ.എസ്.ഇ.ബിക്കുമെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ ആയിരുന്നെന്നും ലാഭക്കൊതിയുള്ള കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡാമുകള്‍ തുറന്നുവിടുമ്പോള്‍ പ്രത്യാഘാതം പരിശോധിച്ചില്ല. ജാഗ്രതാ നിര്‍ദേശം നല്‍കിയില്ല. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലടി, പെരുമ്പാവൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ രാത്രി ആളുകള്‍ ഉറങ്ങുമ്പോഴാണ് വെള്ളം ഇരച്ചുകയറിയത്. ഇടുക്കിയില്‍ ഗുരുതര പ്രശ്‌നമുണ്ടായി. ഇടുക്കിയിലെ മിക്ക ഡാമുകളും നേരത്തെ തന്നെ 90 ശതമാനവും നിറഞ്ഞിരുന്നു. മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കെ.എസ്.ഇ.ബിയും സര്‍ക്കാരും അവഗണിച്ചു. വ്യാപകമായ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതും അവഗണിച്ചു.
ഇടുക്കി തുറക്കാന്‍ അനുമതി കൊടുക്കേണ്ടത് സര്‍ക്കാരാണ് മറ്റെല്ലാ ഡാമുകള്‍ക്കും അനുമതി കെ.എസ്.ഇ.ബി. അല്ലെങ്കില്‍ ഇറിഗേഷന്‍ ഡിപാര്‍ട്‌മെന്റാണ്. എന്നാല്‍ അവര്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ല. ഡാമുകള്‍ തുറന്നുവിടേണ്ട സമയത്ത് അത് ചെയ്തില്ല.
ഇതിന് പുറമെയാണ് മുല്ലപ്പെരിയാര്‍ നിറഞ്ഞ് ഇടുക്കിയിലെത്തിയത്. എന്നിട്ടും ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ ഒന്നും ചെയ്തില്ല. ലാഭക്കൊതിയന്‍മാരായ ഇലക്ട്രിസിറ്റിബോര്‍ഡ് കുറ്റകരമായ അനാസ്ഥ കാണിച്ചു. വൈദ്യുതി മന്ത്രി 2397 അടിയായാല്‍ ട്രയല്‍ റണ്‍ എന്ന് ജൂലൈ 27 ന് പറഞ്ഞിരുന്നു. എന്നിട്ടും ട്രയല്‍ റണ്‍ നടത്തിയില്ല. 2399.98 ആകുന്നത് വരെ കാത്തിരിക്കുകയായിരുന്നു.
2397 അടി ആയാല്‍ ഡാം തുറക്കുമെന്ന് മണി പറഞ്ഞപ്പോള്‍ മണിയുടെ അഭിപ്രായത്തെ എതിര്‍ത്ത് ജലവിഭവ വകുപ്പ് മന്ത്രി വന്നു. കോഡിനേഷന്‍ ഇല്ലായ്മയാണ് ഇടുക്കി ഡാം തുറക്കുന്ന കാര്യത്തില്‍ പ്രതിഷന്ധി സൃഷ്ടിച്ചത്.
ആഗസ്റ്റ് 9 ന് ആയപ്പോഴാണ് 50 സെന്റി മീറ്റര്‍ ഒരു ഷട്ടര്‍ തുറക്കാന്‍ അനുവാദം കൊടുത്തത്. 9ാംതിയതി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. കളക്ടര്‍മാര്‍ മുന്‍കരുതല്‍ റിപ്പോര്‍ട് ഉണ്ടാക്കണമെന്ന് പറഞ്ഞു. എന്നാല്‍ ഉണ്ടാക്കിയില്ല. ഇന്ന് പിടിച്ചാല്‍കിട്ടാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.
ആഗസ്റ്റ് 10 ന് ഇടുക്കിയിലെ അഞ്ച് ഷട്ടറും തുറന്നു. ഇത്രയും വലിയ പ്രളയത്തിന്റെ മുഖ്യകാരണം ഇതാണ്. ഡാം തുറന്ന് കാര്യത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കവും മുന്‍കൂട്ടി കാര്യങ്ങള്‍ കാണാന്‍ കഴിയാത്തതും വിവിധ വിഭാഗങ്ങളുടെ കഴിവില്ലായ്മയുമാണ് ഇടുക്കി ഡാമിന്റെ കാര്യത്തില്‍ സംഭവിച്ചത്.
2013 ല്‍ മഴയുടെ വരവ് മുന്‍കൂട്ടി കണ്ട് ചെറിയ ഡാമുകള്‍ തുറന്ന് വെച്ചിരുന്നു. ഇടുക്കിയിലെ വൈദ്യുതി ഉദ്പാദനം വര്‍ധിപ്പിച്ചു. ജലനിരപ്പ് താഴ്ത്തിക്കൊണ്ട് അന്ന് ആര്യാടന്‍ മുഹമന്മദ് നടപടി സ്വീകരിച്ചു. എന്നാല്‍ ഈ സര്‍ക്കാര്‍ അത്തരത്തിലൊരു നടപടിയും എടുത്തില്ല.
ആലുവ പറവൂര്‍ അങ്കമാലി കാലടി തുടങ്ങിയ മേഖലയെ പ്രളയം കാര്‍ന്നുനിന്നു. മുന്നറിയിപ്പുകള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. പെരുമ്പാവൂര്‍ അടക്കമുള്ള മേഖലയിലുണ്ടായ പ്രധാന കാര്യം ഇതായിരുന്നു. ചാലക്കുടി പുഴയിലെ ആറ് ഡാമും ഒന്നിച്ചു തുറന്നു.
പെരിങ്ങല്‍കുത്ത് ജൂണ്‍ 10 ന് പൂര്‍ണസംഭരണ ശേഷയിലെത്തിയിരുന്നു. മഴശക്തിയായിട്ടും തുറന്നില്ല. ഡാം അതോറിറ്റി ജൂണ്‍ 24 ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും അവര്‍ തുറന്നില്ല.
ഇതിനിടെ അപ്പര്‍ഷോളയാര്‍ കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടു. അങ്ങനെയാണ് കേരളത്തില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായത്. തമിഴ്‌നാടിനോട് വെള്ളം വിടരുത് എന്ന് ഇറിഗേഷന്‍ എഞ്ചിനിയര്‍ തമിഴ്‌നാടിനോട് പറഞ്ഞിരുന്നെങ്കില്‍ ചാലക്കുടിയെ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് ജലവിഭവ മന്ത്രിക്കും ഇറിഗേഷന്‍ ഡിപാര്‍ട്‌മെന്റിനും ഉണ്ടായത്.
അതുപോലെ പമ്പയിലെ ഒമ്പത് ഡാം ഒന്നിച്ച് തുറന്നുവിട്ടു. ഈ ഡാമുകളൊന്നും വലിയ കപ്പാസിറ്റിയുള്ളതല്ല. നേരത്തെ തുറന്നുവിട്ടിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാമായിരുന്നു. ഇന്നുവരെ വെള്ളപ്പൊക്കമില്ലാത്ത ചെങ്ങന്നൂരില്‍ എന്താണ് സംഭവിച്ചത്. മണിമലയും പമ്പയും അച്ചന്‍കോവിലും ഒരുമിച്ച് തുറന്നപ്പോഴാമ് പത്തനംതിട്ട ഒന്നടങ്കം മുങ്ങിപ്പോയി. ഇവിടേയും ഒരു മുന്നറിയിപ്പും നല്‍കിയില്ല. ജനങ്ങള്‍ ഉറങ്ങുമ്പോഴാണ് ഡാമുകള്‍ തുറന്നത്.
മലമ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. 30 സെന്റി മീറ്ററാണ് ആദ്യം തുറന്നത്. ആഗസ്റ്റ് 9 ന് ഒരു മുന്നറിയിപ്പും ഇല്ലാതെ 150 സെന്റിമീറ്റര്‍ തുറന്നു. വയനാട്ടിലും ഇത് തന്നെയാണ് സംഭവിച്ചത്. ബാണാസുര സാഗര്‍ ജില്ലാ കളക്ടറെ പോലും അറിയിക്കാതെ തുറക്കുകയായിരുന്നെന്നും അതുകൊണ്ട് തന്നെ ഈ പ്രളയം മനുഷ്യസൃഷ്ടി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.