തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി കണ്‍സല്‍ട്ടന്‍സി പണം തട്ടാനുള്ള തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര അനുമതി ഇല്ലാതെയാണ് സില്‍വര്‍ലൈന്‍ സ്പീഡ് റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇത് ചട്ടലംഘനം ആണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാരിസ്ഥിതിക പഠനമോ കേന്ദ്ര സര്‍ക്കാരിന്റെയോ നീതി ആയോഗിന്റെയോ അനുമതിയോ ഇല്ലാതെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാനൊരുങ്ങുന്നത്. അനുമതി ഇല്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ റവന്യൂ വകുപ്പും എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അട്ടിമറിച്ചു കൊണ്ടാണ് പുതിയ പദ്ധതി കൊണ്ടുവന്നത്. റവന്യൂ വകുപ്പിന്റെ അതിര്‍പ്പ് അവഗണിച്ചാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍. കേന്ദ്രം തള്ളിയ പദ്ധതിക്കായി വിദേശത്തുനിന്ന് 34,000 കോടി സമാഹരിക്കാന്‍ നീക്കം നടക്കുന്നു. വന്‍ തട്ടിപ്പ് നടത്താനുള്ള നീക്കമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പിന്നില്‍ നിന്നും രമേശ് ആരോപിച്ചു
തിരുവനന്തപുരം കാസര്‍കോട് സില്‍വര്‍ ലൈന്‍ റെയില്‍ പാതക്ക് ആകെ ചെലവ് 64941 കോടി രൂപയാണ്. മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഉപേക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പദ്ധതിക്ക് 13000 കോടി കേന്ദ്രമാണ് നല്‍കേണ്ടത്. കേന്ദ്രം വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി പകുതിയില്‍ കൂടുതല്‍ തുക മുടക്കേണ്ടത് കേന്ദ്രമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും ചെന്നിത്തല ചോദിച്ചു.
കേന്ദ്രം ഉപേക്ഷിച്ച പദ്ധതിക്ക് എങ്ങനെയാണ് വിദേശ സഹായം ലഭിക്കുക, റെയില്‍വെ മന്ത്രാലയത്തിന്റെയോ വകുപ്പിന്റേയോ അനമുതിയില്ലാതെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന റവന്യു വകുപ്പ് നിര്‍ദ്ദേശവും മറികടന്നാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് സ്പ്രിംക്ലര്‍ മാതൃകയില്‍ തട്ടിപ്പ് ലക്ഷ്യമിട്ടെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത് അഴിമതിക്ക് കളമൊരുക്കാനാണ്. പാരിസ്ഥിതിക അനുമതിയോ ധനസമാഹരണം എങ്ങനെയെന്നോ അറിയാത്ത പദ്ധതിയുടെ സൂത്രധാരന്‍ എം ശിവശങ്കര്‍ ആണെന്നും ചെന്നിത്തല പറഞ്ഞു.
അന്താരാഷ്ട്ര കമ്പനിയായ സിസ്ട്രയെ ആണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ചുമതല. ടാന്‍സാനിയയിനും ഘാനയിലും ലോക ബാങ്ക് വിലക്കിയ കമ്പനിയെയാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പ്പിച്ചിട്ടുള്ളത്. 27 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ചെലവെന്നും ചെന്നിത്തല വിശദീകരിച്ചു.
പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ 20000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. 145 ഹെക്ടര്‍ കൃഷി ഭൂമി ഇല്ലാതാകും. 50000 കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതാകും. അടിയന്തരമായി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Remesh Chennithala Against K Rail Project