| Friday, 24th August 2018, 3:48 pm

യു.എ.ഇയുടെ 700 കോടി സഹായം: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 700 കോടി സഹായവാഗ്ദാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന യു.എ.ഇ അംബാസിഡറുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യു.ഇ.എ 700 കോടി സഹായം നല്‍കുമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു.

2016 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഡിസാസ്റ്റര്‍ ആക്ട് പ്രകാരം ഏത് രാജ്യം സ്വമേധയാ സഹായം നല്‍കിയാലും അത് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 700 കോടി കൊടുക്കാമെന്ന് യു.എ.ഇ പറഞ്ഞതായി മുഖ്യമന്ത്രി നമ്മളെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ചില വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം തന്നെ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് നല്ലത്. മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ വ്യക്തത ഉണ്ടാവേണ്ട കാര്യമാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് 10000 രൂപ ഉടന്‍ നല്‍കണമെന്നും കുട്ടനാട്ടില്‍ ഒരു രൂപയുടെ സഹായം പോലും ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ച സംഭാവന 539 കോടി


പ്രളയക്കെടുതി നേരിടുന്നവരുടെ കടങ്ങള്‍ എഴുതിത്തള്ളണം. സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ഈ ദുരന്തത്തിന് കാരണമെന്ന നിലപാടില്‍ നിന്നും മാറുന്നില്ല. കേരളത്തില്‍ ഡാം ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.

ഞാന്‍ മാത്രമല്ല പല വിദഗ്ധരും ഇതുപറഞ്ഞുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തിന് സാധ്യത കണ്ട് നടപടികള്‍ വേണമായിരുന്നു. ഡാമുകളില്‍ നിന്ന് കുറേശെ വെള്ളം തുറന്നുവിടണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ കൂടുതല്‍ മഴ ലഭിച്ചാലും ആ വെള്ളം ഡാമിന് സംഭരിക്കാന്‍ കഴിയാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അന്വേഷിക്കുമോ എന്ന് നമുക്ക് നോക്കാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

We use cookies to give you the best possible experience. Learn more