| Saturday, 1st August 2020, 4:21 pm

സ്വര്‍ണക്കടത്ത്; പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി വീണ്ടും ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് വീണ്ടും പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍. നേരത്തേയും പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു.

എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം മുഖ്യമന്ത്രി അറിയാതെ പോയതാണോ എന്നതാണ് ഒന്നാമത്തെ ചോദ്യം. സ്വന്തം ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേയെന്നും മന്ത്രിയുടെ വിദേശ കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നുമാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം.

എം ശിവശങ്കറിന്റെ ദുരൂഹമായ കണ്‍സള്‍ട്ടന്‍സി ഇടപാടുകള്‍ മുഖ്യമന്ത്രി ന്യായീകരിച്ചത് എന്തിനാണെന്നാണാണ് നാലാമത്തെ ചോദ്യം.

കണ്‍സള്‍ട്ടന്‍സി തട്ടിപ്പും പിന്‍വാതില്‍ നിയമനവും സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിക്കുന്നു.

സ്വര്‍ണക്കടത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതിരുന്നതാണോയെന്നും അല്ലെങ്കില്‍ ഐ.ബിയുടെ വായ മൂടിക്കെട്ടിയതാണോയെന്നും ചെന്നിത്തല കത്തില്‍ ചോദിക്കുന്നു.

കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്നാണ് അടുത്ത ചോദ്യം. സീതാറാം യെച്ചൂരിക്ക് നല്‍കിയ തന്റെ കത്തിന് മറുപടി നല്‍കുന്നതില്‍ നിന്നും കേന്ദ്രകമ്മിറ്റിയെ തടഞ്ഞത് ആരാണ് എന്ന ചോദ്യവും ചെന്നിത്തല ഉന്നയിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി ചേരാനിരുന്ന യോഗം തടഞ്ഞതെന്തിനാണെന്നും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാത്തതെന്തുകൊണ്ടാണെന്നുമാണ് മുഖ്യമന്ത്രിയോടുള്ള ചെന്നിത്തലയുടെ മറ്റ് ചോദ്യങ്ങള്‍.

ഒരു ഭരണകൂടം എന്തിനുവേണ്ടി നിലകൊള്ളണം എന്ന അടിസ്ഥാന വസ്തുത പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ മറന്നുപോയിരിക്കുന്നെന്നും ജനക്ഷേമത്തിലല്ല, മറിച്ച് സ്വര്‍ണകള്ളക്കടത്തിലും കണ്‍സള്‍ട്ടന്‍സി കൊള്ളയിലും, യുവാക്കളെ വഞ്ചിക്കുന്ന പിന്‍വാതില്‍ നിയമനങ്ങളിലുമാണ് ആണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യാപൃതരായിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more