‘ഇതു നമ്മുടെ ഭൂമിയുടെ കുഴപ്പമാണ്, മണ്ണിന്റെ കുഴപ്പമാണ്, നഗരത്തിന്റെ കുഴപ്പമാണ്. ഭൂമിയിലാകമാനമുള്ള മണ്ണും മാരിഗോള്‍ഡ് പുഷ്പങ്ങളെ ശത്രുപക്ഷത്താണു നിര്‍ത്തുന്നത് എന്നാണു ഞാന്‍ വിചാരിക്കുന്നത്. അത്തരം പൂക്കള്‍ക്ക് ഈ മണ്ണ് നല്ലതല്ല. ചിലതരം വിത്തുകള്‍ ഇവിടെ മുളയ്ക്കില്ല. ചിലതരം പഴങ്ങള്‍ ഇവിടെ കായ്ക്കില്ല.’
ഇവിടെ മാരിഗോള്‍ഡ് വെറും പുഷ്പങ്ങളല്ല. അവ കറുത്ത വര്‍ഗത്തെ പ്രതിനിധീകരിക്കുന്നു. വെളുത്തവര്‍ഗത്തിന്റെ വംശീയ ചിന്ത കറുത്തവര്‍ഗക്കാരുടെ ഉന്മൂലനത്തിലേ പര്യവസാനിക്കൂവെന്ന യാഥാര്‍ഥ്യത്തില്‍ നിന്നാണ് ടോണി മോറിസണ്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി തൂലിക ചലിപ്പിച്ചത്.
അവസാന ശ്വാസം വരെ അവര്‍ സംസാരിച്ചത് മാരിഗോള്‍ഡ് പുഷ്പങ്ങള്‍ക്കു വേണ്ടിയായിരുന്നു, കറുത്തവര്‍ഗക്കാര്‍ക്കു വേണ്ടിയായിരുന്നു. പത്തോ നൂറോ അല്ല. അതിനും എത്രയോ കാലം മുന്‍പു മുതല്‍ക്ക് അമേരിക്കന്‍ കറുത്ത വംശജര്‍ നേരിട്ടിരുന്ന, ഇപ്പോഴും അതേ തീവ്രതയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വംശീയ വിവേചനത്തെ അതേ ആഴത്തില്‍ വായനക്കാരുടെ മനസ്സില്‍ രേഖപ്പെടുത്തുന്നുണ്ട് ടോണി മോറിസന്റെ എഴുത്തുകള്‍.
വായനക്കാരെ ക്ഷോഭിപ്പിക്കുകയും ആകുലതയിലേക്കെത്തിക്കുകയും ചെയ്യുന്നുണ്ട് അവരുടെ വരികള്‍. എഴുത്തുകളില്‍ മാത്രമായിരുന്നില്ല ടോണി അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ‘കറുത്തവര്‍ഗക്കാര്‍ ലജ്ജകൊണ്ട് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലും വെള്ളക്കാര്‍ അവ അവസാനിപ്പിക്കാന്‍ സമ്മതിക്കുന്നില്ല. ആ കുത്സിതപ്രവര്‍ത്തികളുടെ പ്രഭവകേന്ദ്രങ്ങളെ സമാക്രമിക്കൂ’ എന്നാഹ്വാനം ചെയ്യാന്‍ പോലും അവര്‍ മടിച്ചില്ല.
തന്റെ രാഷ്ട്രീയചിന്തകളെ അപ്പാടെ എഴുത്തിലേക്ക് ആവാഹിച്ചുകൊണ്ടായിരുന്നു ആറു ദശാബ്ദക്കാലം റ്റോണി സാഹിത്യലോകത്ത് നിലനിന്നത്. ‘ദ ബ്ലൂവെസ്റ്റ് ഐ’, ‘ദ ബിലവ്ഡ്’, ‘സോങ് ഓഫ് സോളമന്‍’, ‘മേഴ്‌സി’ തുടങ്ങി താനെഴുതിയ 11 നോവലുകളിലും അഞ്ച് ബാലസാഹിത്യ കൃതികളിലും രണ്ട് നാടകങ്ങളിലും ടോണി ആ ചിന്തകളെ സന്നിവേശിപ്പിച്ചു.
1931 ഫെബ്രുവരി 18-ന് ഒഹിയോ നഗരത്തിലെ ലൊറെയ്‌നില്‍ മാറിസണ്‍ നീ വില്ലിസിന്റെയും ജോര്‍ജ് വൊഫോര്‍ഡിന്റെയും നാലു മക്കളില്‍ രണ്ടാമത്തവളായി ജനിച്ച ടോണിയുടെ ആദ്യ പേര് ക്ലോയ് ആര്‍ഡെലിയ വൊഫോര്‍ഡ് എന്നായിരുന്നു.
ഷിപ്പ്‌യാര്‍ഡ് വെല്‍ഡറായിരുന്ന ജോര്‍ജ് തന്റെ കുട്ടിക്കാലം മുതല്‍ക്ക് കടുത്ത വംശീയവിവേചനത്തിന് ഇരയായിട്ടുള്ളതായി ടോണി പിന്നീട് പറഞ്ഞിട്ടുണ്ട്. ജോര്‍ജിന്റെ കുട്ടിക്കാലത്ത് അയാള്‍ കറുത്തവര്‍ഗക്കാരായ രണ്ടുപേരെ വെള്ളക്കാര്‍ തല്ലിക്കൊല്ലുന്നതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്നുമുതല്‍ അയാള്‍ക്ക് വെള്ളക്കാര്‍ എന്നതൊരു പേടിസ്വപ്‌നമായിരുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ടു. ടോണി ജനിച്ചു. അവള്‍ക്കു രണ്ടുവയസ്സായപ്പോഴായിരുന്നു തങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്മെന്റ് അതിന്റെ ഉടമസ്ഥര്‍ തീയിട്ടു നശിപ്പിക്കുന്നത്. വാടക നല്‍കാത്തതിന്റെ പേരിലായിരുന്നു ഈ ക്രൂരത. രണ്ടാംവയസ്സില്‍ തുടങ്ങുകയായിരുന്നു ടോണിയുടെ രാഷ്ട്രീയപ്പോരാട്ടം. ടോണിയെ ആഫ്രിക്കന്‍-അമേരിക്കന്‍ നാടോടിക്കഥകള്‍ പറഞ്ഞാണ് ജോര്‍ജ് വളര്‍ത്തിയത്.
12-ാം വയസ്സില്‍ അവള്‍ കത്തോലിക്ക വിഭാഗത്തിലേക്കു മാറി. സ്‌കൂൡ ചേര്‍ന്നു പഠിക്കാനുള്ള മോഹം അവളെക്കൊണ്ട് വെള്ളക്കാരുടെ അടുക്കളകളിലെത്തിച്ചു. അവിടെ അവള്‍ നിലംതുടച്ചു. പിന്നീട് പോയത് ലൊറെയ്ന്‍ പബ്ലിക് ലൈബ്രറിയിലേക്കാണ്. അവിടുത്തെ ഹെഡ്ഡ് ലൈബ്രേറിയന്റെ സെക്രട്ടറിയായി ചേര്‍ന്നു. അക്കാലയളവിലാണ് ജെയ്ന്‍ ഓസ്റ്റണ്‍, റിച്ചാര്‍ഡ് റൈറ്റ്, മാര്‍ക്ക് ട്വെയ്‌നിനെയും അവള്‍ വായിക്കുന്നത്.
ഏറെനാളുകള്‍ക്കു ശേഷം ഹൊവാര്‍ഡ് സര്‍വകലാശാലയിലെത്തി. അവിടെ ഹ്യുമാനിറ്റിസ് പഠിച്ച മോറിസണ്‍, സര്‍വകലാശാലയിലെ തിയേറ്റര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു.
1953-ല്‍ ബിരുദം നേടിയശേഷം കോര്‍നലില്‍വെച്ച് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. വില്യം ഫോക്ക്‌നറിനെയും വിര്‍ജീനിയ വൂള്‍ഫിനെയും കുറിച്ചായിരുന്നു അക്കാലത്ത് ടോണി മോറിസന്റെ തീസിസ്.
കോര്‍നലിലെ പഠനത്തിനുശേഷം ടെക്‌സാസ് സത്തേണ്‍ സര്‍വകലാശാലയില്‍ അധ്യാപകജോലിയില്‍ പ്രവേശിച്ച ടോണി, തിരികെ വീണ്ടും ഹൊവാര്‍ഡിലെത്തി. അവിടെവെച്ചാണ് ഹാരോള്‍ഡ് ടോണി മോറിസണെ കാണുന്നത്. ആര്‍ക്കിടെക്ടായ ഹാരോള്‍ഡിനെ 1958-ല്‍ വിവാഹം കഴിച്ചു. 1964-ല്‍ വിവാഹമോചനം നേടി. ഫോര്‍ഡ്, സ്ലേഡ് എന്നീ രണ്ടു കുട്ടികളാണ് ഈ ബന്ധത്തില്‍ അവര്‍ക്കുള്ളത്.
പിന്നീട് നൊബേല്‍ പുരസ്‌കാരവും കറുത്തവര്‍ഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഫോര്‍ ഫ്രീഡം പുരസ്‌കാരവും അവര്‍ നേടിയെടുത്തു.
വിവാഹമോചിതയായ ശേഷമാണ് ആദ്യ നോവലായ ‘ദ ബ്ലൂവെസ്റ്റ് ഐ’ എഴുതുന്നത്. വെള്ളക്കാരുടെ നിരന്തരമായ ക്രൂരതയ്ക്കും വിവേചനത്തിനും പരിഹാസത്തിനും ഇരയായ കറുത്ത വര്‍ഗക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ദ ബ്ലൂവെസ്റ്റ് ഐ. തന്റെ കണ്ണുകള്‍ക്കു നീലനിറം നല്‍കണേ എന്നു ദൈവത്തോടു പ്രാര്‍ഥിക്കുകയാണ് ആ പെണ്‍കുട്ടി.
‘എനിക്ക് ഈ പുസ്തകം വായിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി. ആരും എഴുതാതിരുന്നതിനാല്‍, ഒരിക്കല്‍ ഞാന്‍ തന്നെ എഴുതിയാല്‍പ്പോരേ എന്നു ചിന്തിച്ചു. അങ്ങനെയാണ് ഈ നോവല്‍ എഴുതുന്നത്.’- താന്‍ ബ്ലൂവെസ്റ്റ് ഐ എഴുതാനുണ്ടായ കാരണത്തെക്കുറിച്ച് നാലുവര്‍ഷം മുന്‍പ് ദ ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ബ്ലൂവെസ്റ്റ് ഐയിലെ ഒരു രംഗം ഇങ്ങനെയാണ്- കറുത്തവര്‍ഗക്കാരനായ ഒരാണ്‍കുട്ടി കറുത്തവര്‍ഗക്കാരിയായ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെ സാന്ദര്‍ഭികവശാല്‍ രണ്ടു വെള്ളക്കാര്‍ ആ വഴി വന്നു. അവര്‍ ആണ്‍കുട്ടിയുടെ പിറകില്‍ ടോര്‍ച്ച് ലൈറ്റ് തെളിച്ചു. അവന്‍ അതോടെ ഭയന്നരണ്ട് ആ പ്രവൃത്തിയില്‍ നിന്നു പിന്മാറി. ടോര്‍ച്ച് അങ്ങനെതന്നെ അവര്‍ തെളിച്ചുനിന്നു. എന്നിട്ട് അവനോടു പറഞ്ഞു, ‘നടക്കട്ടെ നടക്കട്ടെ. പൂര്‍ണമാക്കിക്കോളൂ നീഗ്രോ. ഇതു നന്നായി നടത്തൂ.’ അവരവിടെ നില്‍ക്കെത്തന്നെ അവന്‍ ഭയത്തില്‍ നിന്നുകൊണ്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.
‘വെളുത്തവര്‍ഗം ടോര്‍ച്ച് ലൈറ്റ് തെളിച്ച് കറുത്തവര്‍ഗക്കാരുടെ സ്വകാര്യപ്രവൃത്തികളെപ്പോലും തടയുന്നു’ എന്നാണ് ഈ രംഗത്തെക്കുറിച്ച് റ്റോണി പറയുന്നത്. കറുത്ത വംശജരുടെ നിഷ്‌കളങ്കതയുടെ നേര്‍ക്കുള്ള വെളുത്ത വംശജരുടെ ക്രൂരതയെ ഇതിലും ഭംഗിയായി, സൂക്ഷ്മതയോടെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമോയെന്ന കാര്യം ഉറപ്പില്ല.
ഒരുവശത്ത് നീലനിറമുള്ള കണ്ണുകള്‍ക്കുവേണ്ടി ഒരുവള്‍ കൊതിക്കുന്നു. മറുവശത്ത് അടിമകളും ഉടമകളും തമ്മില്‍ സംഘട്ടനമുണ്ടാകുന്നു. കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള സ്ത്രീകള്‍ രോഷം കൊണ്ട് ജ്വലിക്കുന്നു. അത് വെള്ളക്കാരോടുള്ള പ്രതിഷേധമാണ്. ആ പ്രതിഷേധത്തിന്റെ ഭാഗമായി ക്ലോഡിയ എന്ന കൊച്ചു പെണ്‍കുട്ടി വെള്ളക്കാരിയുടെ രൂപത്തില്‍ നിര്‍മ്മിച്ച പാവയെ പിച്ചിച്ചീന്തുന്നു.
ടോണിയുടെ ഓരോ കഥാപാത്രങ്ങള്‍ക്കും ഭീതിജനകമായ ഭൂതകാലമുണ്ട്. അവ ഓരോന്നും നമ്മെ വേട്ടയാടും, ജീവിതം മുഴുവന്‍.
ബിലവ്ഡ് എന്ന നോവല്‍ ഒരുപക്ഷേ ക്ലോഡിയയേക്കാള്‍ നിങ്ങളെ വേട്ടയാടിയേക്കാം.
ബിലവ്ഡിലെ സെതെ എന്ന പ്രധാന സ്ത്രീ കഥാപാത്രം കറുത്ത വംശജയും അടിമയുമാണ്. സിന്‍സിനറ്റി പട്ടണത്തിലെ 124 എന്ന വീട്ടിലാണ് അവര്‍ താമസിക്കുന്നത്. പക്ഷേ ആ വീട്ടില്‍ അവള്‍ ഭീതിയോടെയാണു കഴിയുന്നത്. അവിടെവെച്ച് സെതെ ഒരു പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തു കൊല്ലുന്നു. വെള്ളക്കാരന്റെ ക്രൂരമായ നിയമത്തിന്റെ ബാക്കിപത്രമാണ് സെതെയുടെ ജീവിതം.
സെതെയുടെ വീടിനടുത്തെത്തുമ്പോള്‍ കുതിരസവാരിക്കാര്‍ കുതിരയെ ചാട്ടവാറുകൊണ്ടടിച്ച് ക്രൂരമായി അടിക്കുന്നു. ആ ഓരോ അടിയും സെതെയോടുള്ള വെറുപ്പാണ്.
അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനും ശേഷമാണ് ഈ കഥ നടക്കുന്നത്. അക്കാലത്ത് എണ്ണിയാലൊടുങ്ങാത്ത കറുത്തവര്‍ഗക്കാരെയാണ് വെള്ളക്കാര്‍ തൂക്കിക്കൊന്നത്. ആ ഓരോ തൂക്കിക്കൊലകളും ഇതിലെ കഥാപാത്രങ്ങളെ വേട്ടയാടുന്നുണ്ട്.
ബിലവ്ഡില്‍ കഴുത്തറുക്കപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട രണ്ടുവയസ്സു പോലും തികയാത്ത കുഞ്ഞ് കറുത്തവര്‍ഗക്കാരുടെ ചരിത്രമാണ്. അത് ഭൂതകാലത്തുനിന്നും പുനരാവിഷ്‌കരിക്കപ്പെട്ടതാണ്. തന്നെ വേട്ടയാടുന്ന ആ വീട് വിട്ടൊഴിയാന്‍ സെതെ തയ്യാറാകുമ്പോള്‍ അവളുടെ അമ്മ പറയുന്നുണ്ട്- ‘വെളുത്ത വര്‍ഗക്കാരുടെ ചാട്ടവാറടിയേല്‍ക്കാത്ത ഒരു വീടും ഈ നാട്ടിലില്ല’ എന്ന്.
കഴുത്തറുക്കപ്പെടുന്ന കുഞ്ഞുങ്ങളും ടോര്‍ച്ച് ലൈറ്റില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന ആണ്‍കുട്ടികളും ചാട്ടവാറടിയേല്‍ക്കേണ്ടി വരുന്ന സെതെയുമൊക്കെ പ്രതീകങ്ങളായിരുന്നു. ഇന്നും വായിക്കപ്പെടേണ്ട പ്രതീകങ്ങള്‍. ‘പുസ്തകങ്ങളാണ് ചിലപ്പോഴൊക്കെ പോരാട്ടങ്ങളുടെ ആദ്യരൂപം’ എന്നായിരുന്നു തന്റെ എഴുത്തിനെക്കുറിച്ച് ടോണി പറഞ്ഞത്.
മറ്റൊരിക്കല്‍ അവര്‍ തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. അവരെന്തായിരുന്നു, അവര്‍ എന്തിനു വേണ്ടിയായിരുന്നു നിലകൊണ്ടത് എന്നൊക്കെ ആ രണ്ടുവരികളില്‍ കൃത്യമാണ്. ‘ഒരു ചെറിയ കറുത്ത പെണ്‍കുട്ടിയില്‍ നിന്നു ലോകമൊരിക്കലും ഇത്രയൊന്നും പ്രതീക്ഷിച്ചുകാണില്ല. പക്ഷേ എന്റെ അച്ഛനും അമ്മയും അതു പ്രതീക്ഷിച്ചിരുന്നു.’