പാരീസിന്റെ മണ്ണിലെ ഇന്ത്യയുടെ മൂന്നാം വെള്ളി; 124 വര്‍ഷം മുമ്പ് ഇന്ത്യക്കായി ഇരട്ട മെഡല്‍ നേടിയവനെ ഇന്ന് മറക്കുന്നതെങ്ങനെ
Sports News
പാരീസിന്റെ മണ്ണിലെ ഇന്ത്യയുടെ മൂന്നാം വെള്ളി; 124 വര്‍ഷം മുമ്പ് ഇന്ത്യക്കായി ഇരട്ട മെഡല്‍ നേടിയവനെ ഇന്ന് മറക്കുന്നതെങ്ങനെ
ആദര്‍ശ് എം.കെ.
Friday, 9th August 2024, 3:38 pm

ചാട്ടുളി പോലെ നീരജ് തൊടുത്തുവിട്ട ജാവലിന്‍ പറന്നിറങ്ങിയത് 89.45 മീറ്റര്‍ ദൂരത്തേക്കാണ്. ഫൈനലിലെ ആറ് ശ്രമങ്ങളില്‍ ഫൗളാകാതെ നീരജ് എറിഞ്ഞ ഏക ത്രോ! എന്നാല്‍ ഈ ഒരൊറ്റ ത്രോ മാത്രം മതിയായിരുന്നു ചോപ്രക്ക് വെള്ളി മെഡല്‍ ഉറപ്പിക്കാന്‍. ടോക്കിയോയിലെ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൈവിടാതെ കാത്തു.

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡലാണ് നീരജ് പാരീസില്‍ എറിഞ്ഞിട്ടത്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാം മെഡലും.

ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത 1900ലാണ് ഇതിന് മുമ്പ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ മെഡല്‍ സ്വന്തമാക്കിയത്. രസകരമെന്ന് പറയട്ടെ ഈ ഒളിമ്പിക്‌സിനും വേദിയായത് പാരീസായിരുന്നു.

1900 ഒളിമ്പിക്‌സിന്റെ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ പേരിന് നേരെ രണ്ട് വെള്ളി മെഡല്‍ കുറിക്കപ്പെട്ടിട്ടുണ്ട്. 200 മീറ്റര്‍ ഓട്ടത്തിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലുമായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇതിന് കാരണമായതാകട്ടെ നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ അത്‌ലീറ്റും.

1900 ഒളിമ്പിക്‌സില്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. അഞ്ച് ഇവന്റുകളില്‍ മത്സരിച്ച താരം രണ്ട് ഇവന്റില്‍ മെഡല്‍ നേടുകയും ചെയ്തു.

60 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് പ്രിച്ചാര്‍ഡ് മത്സരിച്ചത്.

200 മീറ്ററില്‍ 22.8 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പ്രിച്ചാര്‍ഡ് 26.0 സെക്കന്‍ഡിലാണ് 200 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി മെഡല്‍ നേടിയത്.

ഏഴ് രാജ്യങ്ങളില്‍ നിന്നുമായി എട്ട് അത്‌ലീറ്റുകള്‍ മത്സരിച്ച 200 മീറ്ററില്‍ അമേരിക്കയുടെ വാള്‍ട്ടര്‍ ട്യൂക്‌സ്‌ബെറി സ്വര്‍ണം നേിടയപ്പോള്‍ ഓസ്‌ട്രേലിയക്കാരന്‍ സ്റ്റാന്‍ റൗളിയാണ് വെങ്കലം നേടിയത്.

ഹര്‍ഡില്‍സില്‍ അന്നത്തെ ഒളിമ്പിക്‌സ് റെക്കോഡോടെ അമേരിക്കയുടെ അല്‍വിന്‍ ക്രെയ്ന്‍സ്ലൈനാണ് സ്വര്‍ണമണിഞ്ഞത്. അമേരിക്കയുടെ തന്നെ വാള്‍ട്ടര്‍ ട്യൂക്‌സ്‌ബെറി ഈ ഇനത്തില്‍ മൂന്നാമനുമായി.

എന്നാല്‍ മറ്റ് മത്സരങ്ങളില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല. 60 മീറ്ററിലും 100 മീറ്ററിലും ഫൈനലിലേക്ക് മുന്നേറാന്‍ താരത്തിന് സാധിക്കാതെ വന്നപ്പോള്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കാനും പ്രിച്ചാര്‍ഡിനായില്ല.

2005ല്‍ ഐ.എ.എ.എഫ് (ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍) 2004 ഒളിമ്പിക്‌സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ 1900 ഒളിമ്പിക്‌സില്‍ പ്രിച്ചാര്‍ഡ് ഗ്രേറ്റ് ബ്രിട്ടണ് വേണ്ടി മത്സരിച്ചു എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയാകട്ടെ പ്രിച്ചാര്‍ഡ് ഇന്ത്യയെ പ്രതിനിധീകരിച്ചാണ് 1900 പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്തത് എന്നാണ് ഇന്നും കണക്കാക്കുന്നത്.

പ്രിച്ചാര്‍ഡിന്റെ ഇരട്ട മെഡലിന്റെ കരുത്തില്‍ ഇന്ത്യ അന്ന് 19ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ നീരജ് ചോപ്ര ഇന്ത്യക്കായി ജാവലിനില്‍ സ്വര്‍ണം നേടുന്നത് വരെ അത്ലറ്റിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയ ഏക താരവും പ്രിച്ചാര്‍ഡ് തന്നെയായിരുന്നു.

 

സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യ ഒളിമ്പിക്‌സില്‍

1900ന് ശേഷം 1920ലാണ് ഇന്ത്യ അടുത്ത ഒളിമ്പിക്‌സിനെത്തുന്നത്. ഗുസ്തിയിലും അത്‌ലറ്റിക്‌സിലുമായി അഞ്ച് താരങ്ങളാണ് അന്ന് പങ്കെടുത്തത്. എന്നാല്‍ ടീമിന് മെഡലുകളൊന്നും നേടാന്‍ സാധിച്ചില്ല. അടുത്ത ഒളിമ്പിക്‌സിലും ഇന്ത്യക്ക് കാര്യമായ ചലനുമുണ്ടാക്കാനായില്ല.

ആംസ്റ്റര്‍ഡാം വേദിയായ 1928 ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണമണിഞ്ഞു. പുരുഷ ഹോക്കി ടീമാണ് ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ഇരട്ട ഗോളിന്റെ കരുത്തില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്.

ശേഷം 1932, 1936 ഒളിമ്പിക്‌സിലും ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞു.

 

സ്വതന്ത്ര്യത്തിന് ശേഷം

രണ്ടാം ലോക മഹായുദ്ധം കാരണം 1948ലാണ് അടുത്ത ഒളിമ്പിക്‌സ് അരങ്ങേറിയത്. വെംബ്ലിയില്‍ നടന്ന കായികമാമാങ്കത്തിലാണ് ആദ്യമായി ‘ഇന്ത്യ ഇന്ത്യയായി’ എത്തുന്നത്. ഇത്തവണ 79 അത്‌ലീറ്റുകള്‍ അടങ്ങുന്നതായിരുന്നു ഇന്ത്യയുടെ ടീം. ഇത്തവണയും ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണിഞ്ഞപ്പോള്‍ മറ്റ് ഇവന്റുകളില്‍ നിരാശപ്പെടുത്തി.

1952ല്‍ ഹോക്കിയിലെ സ്വര്‍ണത്തിനൊപ്പം ഗുസ്തിയില്‍ ഇന്ത്യ വെങ്കലവും നേടി. ഫ്രീ സ്‌റ്റൈലില്‍ കെ.ഡി. ജാദവാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. പ്രിച്ചാര്‍ഡിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ വ്യക്തിഗത ഒളിമ്പിക്‌സ് മെഡല്‍ എന്ന നേട്ടവും ഇതോടെ ജാദവിന്റെ പേരില്‍ കുറിക്കപ്പെട്ടു.

1956ല്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീം 1960ല്‍ സില്‍വര്‍ മെഡലും നേടി. പ്രിച്ചാര്‍ഡിന് ശേഷമുള്ള ആദ്യ വെള്ളി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് പാകിസ്ഥാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

തൊട്ടടുത്ത ഒളിമ്പിക്‌സില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഹോക്കിയിലെ സ്വര്‍ണം തിരിച്ചുപിടിച്ചെങ്കിലും വ്യക്തിഗത ഇനങ്ങളില്‍ നിരാശയായിരുന്നു ഫലം.

പിന്നിടുള്ള വര്‍ഷങ്ങളില്‍ ഹോക്കിയില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടിയെങ്കിലും വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ അത്‌ലീറ്റുകള്‍ക്ക് സാധിച്ചില്ല.

ഇതിന് ഒരു ഇന്ത്യമിട്ടത് 1996ലെ ഒളിമ്പിക്‌സില്‍ ലിയാണ്ടര്‍ പേസാണ്. ടെന്നീസില്‍ വെങ്കലം നേടിയാണ് താരം ഇന്ത്യയെ പോഡിയത്തിലേറ്റിയത്.

2000ലെ സിഡ്‌നി ഒളിമ്പിക്‌സ് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടായി അടയാളപ്പെടുത്തി. കര്‍ണം മല്ലേശ്വരി ഇന്ത്യക്കായി വെങ്കലം നേടി. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ താരത്തിന്‍രെ പേരില്‍ കുറിക്കപ്പെടുന്ന ആദ്യ മെഡലായിരുന്നു അത്.

2004ല്‍ ഏഥന്‍സിന്റെ ഷൂട്ടിങ് റേഞ്ചില്‍ നിന്നും ഇന്ത്യ ഒരു വെള്ളി മെഡല്‍ വെടിവെച്ചിട്ടു. രാജ്യവര്‍ധന്‍ സിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രിച്ചാര്‍ഡിന് ശേഷമുള്ള ആദ്യ വ്യക്തിഗത വെള്ളിയാണ് 104 വര്‍ഷത്തിന് ശേഷം ഇന്ത്യ റാത്തോഡിലൂടെ കഴുത്തിലണിഞ്ഞത്.

2008ല്‍ ഷൂട്ടിങ് റേഞ്ചും ഗോദയും ബോക്‌സിങ് റിങ്ങും ഇന്ത്യയെ തുണച്ചപ്പോള്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും അടകം മൂന്ന് മെഡലുകള്‍ ഇന്ത്യയുടെ പേരില്‍ കുറിപ്പെട്ടു. അഭിനവ് ബിന്ദ്രയും സുശീല്‍ കുമാറും വിജേന്ദര്‍ സിങ്ങുമാണ് ഇന്ത്യയെ പോഡിയത്തിലേറ്റിയത്.

2012ലും 2016ലും പി.വി. സിന്ധു, സുശീല്‍ കുമാര്‍, ഗഗന്‍ നാരംഗ്, സൈന നെഹ്‌വാള്‍, മേരി കോം, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക് എന്നിവരിലൂടെ ബാഡ്മിന്റണ്‍ കോര്‍ട്ടും ഗോദയും ഇന്ത്യയിലേക്ക് മെഡലുകളെത്തിച്ചു.

2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരത്തിലേക്ക് ജാവലിന്‍ പായിച്ച് നീരജ് ചോപ്ര അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം നേടിത്തന്നു. 1990ല്‍ പ്രിച്ചാര്‍ഡിന്റെ മെഡല്‍ നേട്ടത്തിന് ശേഷം അത്‌ലറ്റിക്‌സില്‍ മറ്റൊരു മെഡല്‍ നേടാന്‍ ഇന്ത്യ കാത്തിരുന്നത് 120 വര്‍ഷങ്ങളാണ്.

അന്ന് ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയുള്‍പ്പെടെ ഏഴ് മെഡലുകളുമായി ഇന്ത്യ 48ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2024 പാരീസില്‍ നീരജ് വീണ്ടും മെഡല്‍ നേടി. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡല്‍, സ്വതന്ത്ര ഇന്ത്യയുടെ രണ്ടാം മെഡലും. വെള്ളി മെഡലിലേക്ക് മാത്രമല്ല നോര്‍മന്‍ പ്രിച്ചാര്‍ഡിന്റെ റെക്കോഡിലേക്ക് കൂടിയാണ് നീരജിന്റെ ജാവലിന്‍ പറന്നിറങ്ങിയത്. 2028 ലോസ് ആഞ്ചലസില്‍ നീരജിന്റെ ത്രോ ആ റെക്കോഡ് തകര്‍ക്കുമെന്ന് തന്നെ നമുക്ക് ഉറച്ചുവിശ്വസിക്കാം.

 

Content Highlight: Remembering the historic feat of Norman Pritchard while celebrating Neeraj Chopra’s silver medal

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.