'എന്നിലേ സാഗരം മൂകമായ് വാര്‍ന്നുവോ...പിന്‍നിലാ ചന്ദനം പെയ്തനാള്‍ വിങ്ങിയോ..' ; കണ്ണീര്‍പൂക്കളുമായി വിദ്യാസാഗര്‍
Malayalam Cinema
'എന്നിലേ സാഗരം മൂകമായ് വാര്‍ന്നുവോ...പിന്‍നിലാ ചന്ദനം പെയ്തനാള്‍ വിങ്ങിയോ..' ; കണ്ണീര്‍പൂക്കളുമായി വിദ്യാസാഗര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th June 2020, 12:55 pm

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി സംഗീത സംവിധായകന്‍ വിദ്യാസാഗര്‍. സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിന്റെ സംഗീത സംവിധാന വേളയില്‍ സച്ചിക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിദ്യാ സാഗറിന്റെ കുറിപ്പ്.

സംവിധായകനായി അരങ്ങേറ്റം കുറിച്ചുകൊണ്ടുള്ള സച്ചിയുടെ അനാര്‍ക്കലി എന്ന ചിത്രത്തിന് സംഗീതം നല്‍കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നെന്നും അദ്ദേഹത്തിന്റെ നന്മയും സൗഹൃദവും ഈ അവസരത്തില്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുകയാണെന്നും വിദ്യാസാഗര്‍ ഫേബ്‌സുക്കില്‍ കുറിച്ചു.

അദ്ദേഹത്തിനൊപ്പമുള്ള ഒരു ഫോട്ടോയും തന്റെ കൈയില്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ചെറിയ ക്ലിപ്പ് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് വിദ്യാ സാഗര്‍ സച്ചിക്കൊപ്പമുള്ള തന്റെ വീഡിയോ പങ്കുവെച്ചത്.

അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണെന്നും ആത്മാവിന് നിത്യാശാന്തി നേരുന്നെന്നും വിദ്യാസാഗര്‍ കുറിച്ചു.

സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. സാഹെബാ എന്ന് തുടങ്ങുന്ന ഗാനം ഏറെ പ്രേക്ഷക പ്രശംസയും പിടിച്ചുപറ്റിയിരുന്നു.