കാലം മായ്ക്കാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍, ഒരിക്കലും നഷ്ടമാവാതെ 'മുരളി'നടനം
Daily News
കാലം മായ്ക്കാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍, ഒരിക്കലും നഷ്ടമാവാതെ 'മുരളി'നടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th August 2014, 6:55 pm

murali-668[] അഭിനയത്തെ ആരാധനയോടും ആവേശത്തോടും സമീപിച്ച കലാകാരന്‍.  അരങ്ങിലും തിരശ്ശീലയിലും അഭിനയമുഹൂര്‍ത്തങ്ങളെ അനശ്വരമാക്കിയ പ്രതിഭ. മുരളിയെന്ന നടനവൈഭവം ഓര്‍മായായിട്ട് ഇന്ന് അഞ്ച് വര്‍ഷം.

സിനിമയിലും ജീവതത്തിലുമുള്ള  മുരളിസ്പര്‍ശം ഈ കലാകാരനെ എന്നും വേറിട്ടു നിര്‍ത്തുന്നു.   സിനിമ, നാടകം, സാഹിത്യം, രാഷ്ട്രീയം..മുരളി ജീവിതം അഭിനയിച്ചു തീര്‍ത്ത ഇടങ്ങള്‍.

ഭരത് ഗോപിയുടെ ഞാറ്റാടി എന്ന സിനിമയിലൂടെ സിനിമലോകത്തേക്ക് കടന്ന് വന്ന മുരളി മലയാളത്തിലും തമിഴിലുമായി നൂറ്റിയറുപതോളം കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി. പ്രശസ്തരായ സംവിധായകരോടൊപ്പം ഒരുപിടി ചിത്രങ്ങള്‍. അരവിന്ദന്റെ ചിദംബരം, ലെനില്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ പഞ്ചാഗ്നി ഇവയൊക്കെ മുരളി എന്നീ സിനിമകള്‍ മുരളിയുടെ സിനിമാജീവിതത്തെ കരുത്തുറ്റവയാക്കി.  പ്രിയനന്ദനന്റെ നെയ്ത്തുകാരനിലൂടെ 2002ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഈ കലാകാരന്റെ അഭിനയജീവിതത്തിന് മാറ്റുകൂട്ടുന്നു. നാല് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും മുരളി സ്വന്തമാക്കി.

സിനിമയക്കേളാറെ മുരളിയ്ക്ക് അഭിനിവേശം നാടകങ്ങളോടായിരുന്നു. നടന്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘത്തില്‍ മുരളി സജീവമായിരുന്നു. ജി. ശങ്കരപിള്ളയുടെ കൂടെ നിരവധി നാടകപ്രവര്‍ത്തനകളിലും മുരളി പങ്കാളിയായി.  സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ നാടകത്തില്‍ മുരളിയുടെ രാവണ കഥാപാത്രം വിമര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.  ലങ്കാലക്ഷ്മിക്ക് ശേഷം കര്‍ണ്ണനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മുരളി. എന്നാല്‍ അഭിനയത്തെ ജീവനായി കണ്ട മുരളി എന്ന കലാകാരന് ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ വിധി അനുവദിച്ചില്ല.

മുരളിയെന്ന എഴുത്തുകാരനെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ അഞ്ച് പുസ്തകങ്ങളുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ പുസ്തകമായിരുന്നു അഭിനേതാവും ആശാന്റെ കവിതയും. അഭിനയത്തിന്റെ രസതന്ത്രം എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചിന്തകള്‍ക്കൊണ്ടും പ്രവര്‍ത്തികള്‍ക്കൊണ്ടും  ഇടത്തായിരുന്നു മുരളിയുടെ ജീവിതം.1999ല്‍ ആലപ്പുഴയില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും പരാജയമായിരുന്നു മുരളിയെ തേടിയെത്തിയത്. ഇന്നത്തെ കെ.പി.സി.സി പ്രസഡന്റ് വി.എം സുധീരനായിരുന്നു 99ല്‍ മുരളിയുടെ  എതിര്‍സ്ഥാനാര്‍ത്ഥി.

അഭ്രപാളികളില്‍ മുരളി നെയ്തു കൂട്ടിയ അഭിനയമുഹൂര്‍ത്തങ്ങള്‍ എന്നും  കാലം മായ്ക്കാതെ ആസ്വാദകമനസ്സില്‍ തങ്ങിനില്‍ക്കും.