| Monday, 17th August 2020, 12:06 am

'എന്നും ഗാബോയുടെ വലംകൈ'; ഗബ്രിയേല്‍ മാര്‍ക്വേസിന്റെ ജീവിതപങ്കാളി മെഴ്‌സിഡസ് ബര്‍ച്ച അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ ജീവിത പങ്കാളിയായിരുന്ന മെഴ്‌സിഡസ് ബര്‍ച്ച പാര്‍ഡോ അന്തരിച്ചു. മാര്‍ക്വേസിന്റെ ബന്ധു ഗബ്രേിയേല്‍ ടോറെസ് ഗാര്‍ഷ്യ മരണം സ്ഥിരീകിരച്ചു. 87 വയസ്സായിരുന്നു.

മെഴ്‌സിഡസിനെയും മാര്‍ക്വേസിനെയും സ്‌നേഹത്തോടെ ആളുകള്‍ വിളിക്കുന്നത് ഗാബോ എന്നാണ്. 2014ല്‍ 87ാം വയസ്സിലാണ് മാര്‍ക്വേസ് മരിക്കുന്നത്. അതുവരെയും മാര്‍ക്വേസിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മെഴ്‌സിഡസായിരുന്നു.

മാര്‍ക്വേസിന്റെ സഹോദരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗാബോയുടെ വലം കൈ ആയിരുന്നു മെഴ്‌സിഡസ്.

1932ല്‍ നവംബറില്‍ ഉത്തര കൊളംബിയയിലാണ് മെഴ്‌സിഡസ് ജനിക്കുന്നത്.
തന്റെ 18ാമത്തെ വയസ്സിലാണ് മാര്‍ക്വേസ് മെഴ്‌സിഡസിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. അന്ന് മെഴ്‌സിഡസിന് പ്രായം 13. കത്തുകളിലൂടെ കത്തിജ്വലിച്ച നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിതമാരംഭിക്കുന്നത്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മയില്ലെന്നായിരുന്നു അവരുടെ മറുപടി.

‘കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. കാരണം ഞങ്ങളിരുവരും കുട്ടികളായിരുന്നു. ഓര്‍ത്തു വെക്കാന്‍ ഒരാളെങ്കിലും മുതിര്‍ന്നതാവണ്ടെ,’ അവര്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ച് മെഴ്‌സിഡസ് പറഞ്ഞതിങ്ങനെ; ഒരിക്കല്‍ നേരെ വന്ന് എന്നോട് പറഞ്ഞു, നീയെന്നെ വിവാഹം കഴിക്കണം. ഞാന്‍ ആദ്യം ഒന്ന് പകച്ച് പോയി. പക്ഷെ ഞാന്‍ സമ്മതിച്ചു.

1958ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്.

അധികമൊന്നും അറിയപ്പെടാതിരുന്ന മാര്‍ക്വേസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ രചിക്കുന്നതിലൂടെയാണ് ലോക പ്രശസ്തനാകുന്നത്.

കയ്യിലുള്ളത് വിറ്റുപെറുക്കിയാണ് ഇരുവരും പുസ്തകം പ്രസാധകര്‍ക്ക് അയച്ച് കൊടുക്കാനുള്ള പണം കണ്ടെത്തുന്നത്.

‘നൂറുവര്‍ഷത്തെ ഏകാന്തത’ പ്രസിദ്ധീകരിക്കുമ്പോള്‍ ഗാബോയ്ക്ക് 40 വയസ്സായിരുന്നു. ഗാബോയുടെയും മെഴ്സിഡസിന്റെയും മേല്‍പ്പറഞ്ഞ സംഭവത്തെക്കുറിച്ച് ‘ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്: എ ലൈഫ്’ എന്ന പുസ്തകം രചിച്ച ജെറാള്‍ഡ് മാര്‍ട്ടിന്‍ അവരെ വിശേഷിപ്പിച്ചത് ‘ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍’ എന്നാണ്.

Content Highlight: Remembering Mercedes Barcha, partner and companion of Gabriel Garcia Marquez

We use cookies to give you the best possible experience. Learn more