| Friday, 5th February 2021, 3:18 pm

ആ കായിക താരങ്ങളുടെ ഭരണകൂടസേവ കാണുമ്പോള്‍ ക്രൈഫിനെ ഓര്‍ത്തുപോവുകയാണ്, കളിക്കളത്തിലും പുറത്തും രാഷ്ട്രീയം പറഞ്ഞവന്‍

നാസര്‍ മാലിക്‌

പ്രശസ്ത പോപ് ഗായിക റിഹാന അടക്കമുള്ളവര്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷ സമരത്തിന് പിന്തുണ അറിയിച്ചതോടെ ഇന്ത്യന്‍ കായിക ലോകത്ത് കണ്ട കാഴ്ച്ച മറ്റൊന്നായിരുന്നു. ഉള്ളില്‍ വിഷം പേറി നടക്കുന്ന, മനുഷ്യത്വമെന്നത് തൊട്ട് തീണ്ടാത്ത പല കായിക താരങ്ങളുടെയും മനസ്സ് കൂടിയാണ് കര്‍ഷകര്‍ ഉഴുതു മറിച്ച് പുറത്തിട്ടത്.

അന്നം തരുന്ന കര്‍ഷകര്‍ സ്വന്തം നിലനില്‍പിനായി ജീവന്‍ മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ട നേരം, വിവരവും വിദ്യാഭ്യാസവുമുള്ള, സമൂഹത്തോട് പ്രതിബദ്ധത വേണ്ട, ഇന്ത്യയിലെ സച്ചിന്‍ അടക്കമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങളും മറ്റ് കായിക താരങ്ങളും സംഘ്പരിവാര്‍ ഫാസിസ്റ്റ് സര്‍ക്കാരിന് വേണ്ടി കര്‍ഷകരെ രാജ്യദ്രോഹികളും ഭീകരരുമാക്കി മാറ്റുവാനുള്ള പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്.

ഏത് ഉന്നത കായിക താരമായാലും നിലപാടില്ലാത്ത മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക്ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തന്നെയായിരിക്കും സ്ഥാനം. ഒരു കായിക പ്രതിഭയ്ക്ക് സമൂഹത്തോട് പ്രതിബദ്ധതയുള്ള ആര്‍ജ്ജവമുള്ള രാഷ്ട്രീയ നിലപാട് ഉണ്ടായിരിക്കുക എന്നത് കൊണ്ട് ആ പ്രതിഭയുടെ മാറ്റ് കൂടുകയല്ലാതെ ഒരിക്കലും കുറയാന്‍ പോവുന്നില്ല. എന്നാല്‍ പണത്തിനും അത്യാഗ്രഹത്തിനും പിറകെ പായുന്നവര്‍ നാളെകളില്‍ വെറുക്കപ്പെട്ടവര്‍ തന്നെ ആയിരിക്കും, അതും അന്നം തരുന്നവരുടെ വയറിന് തന്നെ ചിവിട്ടുന്നവര്‍ പ്രത്യേകിച്ചും.

ഇവിടെയാണ് ക്രൈഫ് എന്ന ഇതിഹാസ താരം ഇന്നും ആവേശമായി മാറുന്നത്. അന്നം തരുന്നവരെ ചവിട്ടിയ കായിക താരങ്ങളെക്കാളൊക്കെ എത്രയോ മുകളില്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന സമയത്താണ് ജനറല്‍ ഫ്രാന്‍കോ എന്ന ഫാസിസ്റ്റിനെതിരെ പോരാടാന്‍, കര്‍ഷകരടക്കമുള്ള തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി ക്രൈഫ് മുന്നോട്ടുവന്നത്. കഷ്ടതകളില്‍ നിന്ന് കര കയറി വന്ന പി.ടി. ഉഷയെ പോലുള്ള കായിക താരങ്ങള്‍ പോലും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നില്ല എന്ന് വരുമ്പോള്‍ ക്രൈഫിന്റെ കായിക ജീവിതവും രാഷ്ട്രീയവും വീണ്ടും വീണ്ടും ചര്‍ച്ചയാവേണ്ടതുണ്ട്.

അയാക്‌സിന്റെ സ്റ്റേഡിയം വൃത്തിയാക്കാന്‍ പോവുമ്പോഴും, കളിക്കാരുടെ ജേഴ്‌സി അലക്കാന്‍ പോവുമ്പോഴും പെട്രോനെല്ല ദ്രായര്‍ എന്ന തൂപ്പുകാരി എന്നെങ്കിലും ചിന്തിച്ചു കാണുമോ താന്‍ തൂപ്പുകാരിയായ ഈ സ്റ്റേഡിയം വരും നാളുകളില്‍ തന്റെ മകന്റെ പേരില്‍ അറിയപ്പെടുമെന്ന്.

അമ്മയുടെ കൈ പിടിച്ചുകൊണ്ട് അയാക്‌സിന്റെ മണ്ണില്‍ പതിഞ്ഞ കുഞ്ഞു പാദങ്ങള്‍ പിന്നീട് അയാക്‌സിന്റെ പുല്‍ തകിടികളില്‍ തീ പടര്‍ത്തുമെന്ന് ചുറ്റും നിന്നവര്‍ അറിഞ്ഞു കാണുമോ? ആ തീ ലോകത്തെ മൊത്തം പുല്‍തകിടികളിലേക്ക് പടര്‍ന്ന് കയറുമെന്ന് ആരെങ്കിലും അറിഞ്ഞു കാണുമോ?

ലോക ഫുട്ബോളിന്റെ അനശ്വര സൗന്ദര്യമായി ആ നാമം എന്നും തിളങ്ങി നില്‍ക്കുമെന്ന് ഒരു പക്ഷെ അയാക്‌സിന്റെ പച്ചപ്പുല്‍മൈതാനത്തിനെങ്കിലും സൂചന കിട്ടി കാണുമോ? എങ്ങിനെ ആയിരുന്നാലും ആ തൂപ്പുകാരിയുടെ മണ്‍മറഞ്ഞുപോയ മകനാണ് ഇന്ന് ഫുട്ബോളിന്റെ എല്ലാം.

പതിറ്റാണ്ടുകള്‍ക്കിപ്പുറം അയാക്‌സ് പ്രതാപം വീണ്ടെടുത്ത് നില്‍ക്കുന്ന വേളയില്‍ ക്രൈഫ് ഉയര്‍ത്തിയ ആര്‍ജ്ജവത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ നിലപാടും ചര്‍ച്ചയാവേണ്ടതുണ്ട്. ജേഴ്‌സി അലക്കാന്‍ അമ്മയ്‌ക്കൊപ്പം ഏത് സ്റ്റേഡിയത്തിലാണോ ക്രൈഫ് പോയത് അത് തന്റെ പേരില്‍ കുറിക്കാന്‍ ക്രൈഫ് എന്ന ഇതിഹാസം ഒരുപാട് ചെറുതായിട്ടുണ്ട്. ഒരുപാട് ചെറുതായത് കൊണ്ടാണ് ക്രൈഫ് ഒടുവില്‍ ഒരുപാട് വലുതായത്.

അതും സ്വന്തം നേട്ടത്തിന് വേണ്ടിയും ആയിരുന്നില്ല ആ ചെറുതാവല്‍. പണവും പ്രശസ്തിയും അംഗീകാരവും വാരി കോരി കിട്ടുമായിരുന്നിട്ടും ക്രൈഫ് അതിനെ തന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ തിരസ്‌കരിച്ചത് കൃഷിക്കാര്‍ വരെ ഉള്‍പ്പെടുന്ന തൊഴിലാളി വര്‍ഗമായ കാറ്റലന്‍സിനോട് സ്പെയിനിലെ ഫാസിസ്റ്റ് അധികാരികള്‍ കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നതാണ് ക്രൈഫ് എന്ന ഇതിഹാസ പുരുഷന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്.

ആരവത്തോടെ സ്പെയിനിന്റെ മണ്ണില്‍ വരവേല്‍ക്കപ്പെടേണ്ട അതുല്യ താരമായിട്ടും ക്രൈഫ് അന്ന് അതിനൊന്നും മൂല്യം നല്‍കാതെ സ്‌പെയിനിലെ ബാഴ്സയില്‍ എത്തിയ മാര്‍ഗം എന്തെന്ന് കൂടി അറിഞ്ഞാല്‍ ആകാശത്തിരുന്ന് ഇന്നും ക്രൈഫ് കര്‍ഷകര്‍ക്കൊപ്പം സമരം ചെയ്യുന്ന കാവ്യാത്മകതയുണ്ട് അതില്‍. അത്രക്ക് നാടകീയമായ രീതിയിലാണ് ക്രൈഫ് ബാഴ്‌സയില്‍ എത്തുന്നത്. അതിനായി ക്രൈഫ് സ്വീകരിച്ച വേഷമാണ് കര്‍ഷകര്‍ക്ക് ഇന്നും ആവേശമാവുക.

ആംസ്റ്റര്‍ഡാമില്‍ ഇതിഹാസം രചിച്ച ക്രൈഫിനെ 73 ല്‍ റയല്‍ മാഡ്രിഡിലേക്ക് ട്രാന്‍സഫര്‍ ചെയ്യാനായിരുന്നു അജാക്‌സ് അധികൃതര്‍ ശ്രമിച്ചത്. അയാക്‌സ് മാനേജ്‌മെന്റിനോട് ഇത് കേട്ട് ക്രൈഫ് പ്രതികരിച്ചത് ഇങ്ങനെയാണ്.

‘ഒരിക്കലും ഞാന്‍ റയല്‍ മാഡ്രിഡിലേക്ക് പോവില്ല. അതെന്റെ രാഷ്ട്രീയനീതി ബോധത്തിന് ചേര്‍ന്നതല്ല. ജനറല്‍ ഫ്രാങ്കോ എന്ന ഫാസിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ പിന്തുണയും സാമ്പത്തിക പിന്തുണയും ലഭിക്കുന്ന ക്ലബ് ആണ് റയല്‍. അവിടേക്ക് ഞാന്‍ പോവുന്നത് തൊഴിലാളി വര്‍ഗ ക്ലബ്ബായ കാറ്റലന്‍സിന്റെ ബാഴ്സയോടും കാറ്റലന്‍ ജനതയോടും ചെയ്യുന്ന രാഷ്ട്രീയ അനീതിയാണ്. അതുകൊണ്ട് എന്നെ ബാഴ്സയിലേക്ക് അയക്കുക. അല്ലെങ്കില്‍ ഇവിടെ തുടരാന്‍ അനുവദിക്കുക.’

അയാക്‌സ് മാനേജ്മെന്റ് ക്രൈഫിന്റെ ആവശ്യ പ്രകാരം ബാഴ്സയിലേക്ക് തന്നെ അയക്കുന്നു. ജനറല്‍ ഫ്രാങ്കോ എന്ന ഫാസിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ സ്വാധീനം മൂലം ക്രൈഫിന്റെ ട്രാന്‍സ്ഫര്‍ പ്രതിസന്ധിയിലാവുന്നു. ഒടുവില്‍ ഒരു കൊയ്ത്തു മെഷീന്റെ ലൈസന്‍സിലാണ് ക്രൈഫിനെ അയാക്‌സ് സ്പെയിനില്‍ എത്തിക്കുന്നത്.

ലോക ഫുട്ബോളിലെ ഇതിഹാസം, തന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലം അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്കൊപ്പം നിന്ന് പോരാടാന്‍ ഒരു കൊയ്ത്ത് മെഷീനായി എങ്കിലും സ്പെയിനില്‍ എത്താന്‍ തയ്യാറാവുക. ഇന്നുള്ള കായിക താരങ്ങളില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ ഒന്ന് ചിന്തിക്കാനെങ്കിലും കഴിയുമോ.

ഒരു ക്‌ളബ്ബില്‍ നിന്ന് മറ്റൊരു ക്ലബ്ബിലേക്ക് കൂട് മാറുന്ന നേരം ആരാധകരുടെ കരഘോഷമേറ്റു വാങ്ങി തെരുവുകള്‍ വരെ ആഘോഷമാക്കാന്‍ ഏതൊരു താരവും സ്വാഭാവികമായും ആഗ്രഹിക്കും, അവിടെയാണ് ക്രൈഫ് കാറ്റലന്‍സിന്റെ നീതിയ്‌ക്കൊപ്പം നില്‍ക്കാന്‍ അവര്‍ക്ക് വേണ്ടി പന്ത് തട്ടുക എന്ന ലക്ഷ്യത്തിന് വേണ്ടി ‘ഒരു കൊയ്ത്ത് മെഷീനായി’ ചുരുങ്ങാന്‍ തയ്യാറായതിന്റെ രാഷ്ട്രീയ സൗന്ദര്യം ഈ കര്‍ഷക സമര കാലഘട്ടത്തില്‍ ഓര്‍ക്കുന്നത് തന്നെ എന്തൊരു ആവേശ ഭരിതമാണ്. നരഭോജികളായ ഫാസിസ്റ്റുകള്‍ക്ക് വേണ്ടി കുഴലൂതുന്ന കായിക താരങ്ങള്‍ വാഴുന്ന കാലത്ത് ക്രൈഫ് എന്ന വാക്ക് പറയുന്നത് പോലും വലിയ രാഷ്ട്രീയമാണ്.

ക്രൈഫിന്റെ വരവോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്സ അത്ഭുതങ്ങള്‍ രചിക്കാന്‍ തുടങ്ങി. ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായി സ്പാനിഷ് കിരീടം ചൂടിയത് കാറ്റലന്‍സിന് നല്‍കിയ രാഷ്ട്രീയ ഊര്‍ജ്ജം ചെറുതല്ല. ആ നേട്ടത്തിന് കരണമായ നിര്‍ണായകമായ ഗോളായിരുന്നു അത്‌ലറ്റിക്കോക്ക് എതിരെ ക്രൈഫ് നേടിയ ‘ഫാന്റം ഗോള്‍’.

ഫാന്റം ഗോളിലൂടെ നേടിയ ലീഡിലൂടെയാണ് ബാഴ്സ ഒന്നര പതിറ്റാണ്ടിന് ശേഷം സ്പാനിഷ് ലീഗ് കിരീടം എന്ന ചരിത്ര നേട്ടം കുറിയ്ക്കുന്നത്. കാറ്റലന്‍സിന്റെ തെരുവുകളില്‍ രാഷ്ട്രീയ വിജയത്തിന്റെ കൂടി ആഘോഷം തിമിര്‍ക്കുന്ന നേരം ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകന്‍ കുറിച്ചത് ഇങ്ങനെയാണ്

‘കാറ്റലന്‍സിന് വേണ്ടി അവരുടെ രാഷ്ട്രീയ നായകരെക്കാള്‍ വലിയ പോരാട്ടം ക്രൈഫ് ഉരുണ്ട് പന്ത് കൊണ്ട് നടത്തിയിരിക്കുന്നു’

കാറ്റാലന്‍സിന്റെ നീതിക്ക് മുകളില്‍ അനീതിയുടെ കളകള്‍ വിതച്ചവരെ പിഴുതെറിഞ്ഞ് നീതിയുടെ വിളവ് കൊയ്യാനുള്ള കൊയ്ത്ത് മെഷീനായാണ് ക്രൈഫ് സ്പെയിനില്‍ അവതരിച്ചത്. ആരും തന്നെ പ്രതീക്ഷിക്കാത്ത വിപ്ലവ വീര നായകനായാണ് ക്രൈഫ് അവതരിച്ചത്. അതുകൊണ്ട് ഇന്ത്യയില്‍ പോരാടുന്ന പ്രിയ കര്‍ഷകരെ നിങ്ങളെ തേടിയും ഒരു രക്ഷകന്‍ വരും. അത് റിഹാനയാവാം മറ്റാരുമാവാം.

ആര്‍ജ്ജവത്തോടെ പോരാടുക. വെറും കാറ്റ് നിറഞ്ഞ ഉരുണ്ട പന്ത് കൊണ്ട് മാത്രം രാഷ്ട്രീയത്തിന്റെ ഗതി മാറ്റി മറിക്കാന്‍ മാത്രം കഴിവുള്ളവനാണ് ദൈവം. അവിടെ നിങ്ങളുടെ വിളവായ നീതിക്ക് മുകളില്‍ വന്ന കളകളെ പറിച്ചെറിയപ്പെടുക തന്നെ ചെയ്യും!

Content Highlight: Remembering Johan Cruyff- Nazar Malik Writes

നാസര്‍ മാലിക്‌

We use cookies to give you the best possible experience. Learn more