| Wednesday, 29th April 2020, 3:51 pm

ഇങ്ങനെയും താരങ്ങളുണ്ട്, ഇങ്ങനെയും ആണുങ്ങളുണ്ട്

ലിജീഷ് കുമാര്‍

നോക്കൂ, ഞാന്‍ വളരെ ഹാപ്പിയല്ലേ,
അകത്ത് പക്ഷേ ഞാന്‍ നീറുകയാണ്

”അയാന്‍, സാധാരണക്കാരില്‍ അസാധാരണക്കാരനായ ഒരു മനുഷ്യനുണ്ട് നമുക്ക് – നീ അദ്ദേഹത്തെ പഠിക്കണം.” മകന്റെ കൈ പിടിച്ച് സബര്‍മതിയിലേക്ക് നടക്കുമ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ മകനോട് പറഞ്ഞതാണിത്, ലോക പിതൃദിനമായിരുന്നു അന്ന്. ബോളിവുഡിന്റെ നക്ഷത്രതാരം മകനൊപ്പം പിതൃദിനത്തിന് എങ്ങോട്ടാവും ഉല്ലാസയാത്ര നടത്തുക എന്ന് നോക്കിയിരുന്ന പാപ്പരാസികള്‍ അഹമ്മദാബാദിലേക്ക് ഓടിയ ഇര്‍ഫാന്‍ ഖാന്റെ വണ്ടി കണ്ട് അമ്പരുന്നു.

ഒരു 11 വയസ്സുകാരന് സബര്‍മതി ആശ്രമത്തില്‍ എന്തുണ്ട് എന്ന് ചോദിച്ചവരോട് ചിരിച്ച് കൊണ്ട് ആ മനുഷ്യന്‍ പറഞ്ഞു, ”ഗാന്ധിയന്‍ ഫിലോസഫിയെക്കുറിച്ച് അവന് ബോധമുണ്ടാവണം. അതൊരു ജീവിത രീതിയാണ്. എന്റെ മകന്‍ അത് പഠിക്കണം.” ഒരച്ഛന്‍ മകന് നല്‍കുന്ന സന്ദേശം, ഗാന്ധി. മറ്റേത് ബോളിവുഡ് നടനുണ്ടാവും ഇങ്ങനെ ഒരു കഥ പറയാന്‍? അസാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യന്‍, എനിക്കതാണ് ഇര്‍ഫാന്‍ ഖാന്‍.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബോളിവുഡിന്റെ അമരത്തോളം വളര്‍ന്ന ആ മനുഷ്യന്റെ തിരക്കാഴ്ചകളെക്കുറിച്ച് ഞാനെന്ത് പറയാനാണ്. ലഞ്ച് ബോക്‌സും പികുവും മഖ്ബൂലും ലൈഫ് ഓഫ് പൈയും തല്‍വാറും സ്ലം ഡോഗ് മില്യണറും പാന്‍ സിങ് ടോമാറുമെല്ലാം എപ്പോഴും ഇവിടുണ്ട്.

പത്മശ്രീയും മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവുമെല്ലാം ഇവിടുണ്ട്. അവസാന കാലം പാര്‍വതിക്കൊപ്പം ഖരീബ് ഖരീബ് സിംഗ്ലെയിലും ദുല്‍ഖറിനൊപ്പം കാര്‍വാനിലും വന്നത് നമ്മളും അയാളെ മറക്കരുത് എന്നോര്‍മ്മിപ്പിക്കാനാവും. ആഴത്തില്‍ പതിപ്പിക്കാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു ഇര്‍ഫാന്‍ ഖാന്‍. അത്തരം രസകരമായ ഒരോര്‍മ്മ 2012 ലെ പേരു മാറ്റവുമായി ബന്ധപ്പെട്ടാണ്. അന്ന് കൃളമി എന്ന പേരിനൊപ്പം ഒരു ൃ കൂടെ കൂട്ടി കൃൃളമി എന്ന് തിരുത്തി ഇര്‍ഫാന്‍ ഖാന്‍. ഇതെന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഒരു കുട്ടിയെപ്പോലെ ചിരിച്ച് കൊണ്ട് പറഞ്ഞു, ”ആളുകള്‍ ഇഫാന്‍ എന്ന് പരിഷ്‌കരിച്ച് വിളിക്കുന്നു, ഇര്‍ഫാന്‍ എന്ന് വിളിക്കുമ്പഴേ ഒരു ഗമയുള്ളൂ. ആ ആര്‍ ഒന്ന് മുഴങ്ങിക്കേള്‍ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ” എന്ന്. എന്ത് പാവം മനുഷ്യനാണയാള്‍, അസാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍.

ഇര്‍ഫാനെക്കുറിച്ചുള്ള മറ്റൊരോര്‍മ്മ 2005 ല്‍ പുറത്തിറങ്ങിയ ‘ചോക്ലേറ്റ്, ദി ഡീപ്പ് ഡാര്‍ക്ക് സീക്രട്ട്’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ്. ഇക്കഥ പറഞ്ഞത് തനുശ്രീ ദത്താണ്. വിവേക് അഗ്‌നിഹോത്രിയായിരുന്നു ചോക്ലേറ്റിന്റെ സംവിധായകന്‍. ഷൂട്ടിംഗിനിടെ ഇര്‍ഫാന്‍ ഖാന്റെ മുഖത്ത് ഭാവം വരാന്‍ വേണ്ടി വിവേക് അഗ്‌നിഹോത്രി തനുശ്രീയോട് വസ്ത്രമഴിച്ച് വെച്ച് നൃത്തം ചെയ്യാന്‍ പറഞ്ഞു.

ഷൂട്ടിനിടെയാണ്, യാതൊരു മുന്‍ധാരണയും ഇതിനെക്കുറിച്ച് തനുശ്രീക്കില്ല. തനുശീ പറഞ്ഞു, ”അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പെട്ടന്ന് ഇര്‍ഫാന്‍ ദേഷ്യപ്പെട്ടു. എനിക്ക് ഭാവം വരാന്‍ നടി വസ്ത്രം അഴിക്കേണ്ടതില്ലെന്ന് പറഞ്ഞു. എന്റെ ക്‌ളോസപ്പ് രംഗം നിങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും അതിനെങ്ങനെ അഭിനയിക്കണമെന്നും എനിക്കറിയാം ഇര്‍ഫാന്റെ മറുപടി കേട്ട് എല്ലാവരും സ്തംഭിച്ച് പോയി. എനിക്കത്ഭുതം തോന്നി, ഇങ്ങനെയും താരങ്ങളുണ്ട് – ഇങ്ങനെയും ആണുങ്ങളുണ്ട്.” തനുശ്രീ ദത്ത് പറഞ്ഞതിലപ്പുറം എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല, ഇങ്ങനെയും താരങ്ങളുണ്ട് – ഇങ്ങനെയും ആണുങ്ങളുണ്ട്

അങ്ങേയറ്റം പൊളിറ്റിക്കലായിരുന്നു ഇര്‍ഫാന്‍ ഖാന്റെ സിനിമാ ജീവിതവും പൊതു ജീവിതവും. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം രാജ്യത്തെ ദിവസവേതനക്കാരും കര്‍ഷകരും ചെന്ന് പതിച്ചത് കടുത്ത പ്രതിസന്ധിയിലേക്കാണ്. തങ്ങളുടെ ജീവിതാവസ്ഥ ഭരണകൂടത്തെ അറിയിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 10 ആം തീയ്യതി, ഗ്രാം സേവാ സംഘം രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെ ഉപവാസം നടത്തിയിരുന്നു. അന്നവരെ പിന്തുണച്ച് കൊണ്ട് ഇര്‍ഫാന്‍ ഖാന്‍ എഴുതി, ”വിപ്ലവം അടിത്തട്ടില്‍ നിന്നാരംഭിക്കണം. ഞാന്‍ ഈ മനുഷ്യര്‍ക്കൊപ്പമാണ്.” എന്ന്.

വ്യക്തിപരമായി കൊവിഡ് ലോക്ഡൗണ്‍ വലിയ ദുരന്തമാണ് ഇര്‍ഫാന്‍ ഖാന്റെ ജീവിതത്തിലുണ്ടാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്റെ ഉമ്മ മരിക്കുന്നത്. ജയ്പൂരിലായിരുന്നു ഉമ്മ. അവരെ അവസാനമായി ഒന്ന് കാണാന്‍ പോലും ലോക്ഡൗണ്‍ ഇര്‍ഫാനെ അനുവദിച്ചില്ല. പക്ഷേ ഒരു പരിഭവവും അയാള്‍ കാണിച്ചില്ല. എന്റെ ഉമ്മ പോയി എന്ന് മാത്രം ലോകത്തോട് പറഞ്ഞു, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ലോകം അയാളോടും. അപ്പോഴും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇര്‍ഫാന്‍ ഖാന്‍ ആവശ്യപ്പെട്ടില്ല.

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ഒരിക്കല്‍ മരണത്തിലേക്ക് നടന്നതാണ് ഇര്‍ഫാന്‍. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ തിരിച്ച് വന്നു, നിഴല് പോലെ കൂടെ നിന്ന ഭാര്യ സുതപ സിക്തറിന് നന്ദി പറഞ്ഞ് കൊണ്ട് അന്ന് ഇര്‍ഫാനെഴുതി: ”ഞങ്ങള്‍ ഒരുപാട് കരഞ്ഞു, ഒരുപാട് ചിരിച്ചു. സന്തോഷകരമായ അത്ഭുതം നിറഞ്ഞ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയായിരുന്നു അത്. സുതപ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ടാവണം അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നല്‍ എന്നില്‍ ശക്തമായുണ്ടായിരുന്നു.”

ദിവസങ്ങള്‍ക്കപ്പുറം ഇര്‍ഫാന്‍ ഖാന്‍ സിനിമയിലേക്ക് മടങ്ങി. അസുഖം പക്ഷേ അയാളെ വിട്ടു പോയിരുന്നില്ല. എല്ലാ മാസവും ലണ്ടനില്‍ അയാള്‍ ചികിത്സയ്ക്ക് പോയി. പുഞ്ചിരിച്ച് കൊണ്ട് ധീരതയോടെ എല്ലാത്തിനേയും നേരിട്ടു. ലോക്ഡൗണ്‍ കാരണം ലണ്ടനിലെ പ്രതിമാസ ചികില്‍സ മുടങ്ങി, ആരോഗ്യനില വഷളായിത്തുടങ്ങി. ആരോടും പരിഭവിക്കാതെ ഇര്‍ഫാന്‍ മടങ്ങി. അത്ഭുതപ്പെടുത്തിക്കൊണ്ട് ഇക്കുറിയും അയാള്‍ തിരിച്ച് വരുമെന്ന് എല്ലാവരും കരുതിയിരുന്നു, അതുണ്ടായില്ല. ഇര്‍ഫാന്‍ അവസാനമായി പങ്കുവെച്ച ഫോട്ടോ അംഗ്രേസീ മീഡിയത്തിന്റെ പോസ്റ്ററായിരുന്നു. ആ പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരുന്നു, ”inside i’m very EMOTIONAL, outside i’m very HAPPY -” ഇതായിരുന്നു ഇര്‍ഫാന്‍ ഖാന്റെ അവസാനത്തെ സന്ദേശം. വലിയ സന്തോഷം കാണിക്കുമ്പോഴും എന്റെ അകം നീറുന്നുണ്ട്, അകത്ത് ഞാന്‍ വളരെ വികാരാധീനനാണ് എന്ന്. ഇര്‍ഫാന്‍ വേദനിക്കാതെ മടങ്ങൂ,

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more