രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സ്വീകാര്യനായ ഏവര്‍ക്കും ബഹുമാന്യനായ നേതാവിനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരള രാഷ്ട്രീയ ഭൂമികക്കും നഷ്ടമാകുന്നത്. ഇ.കെ നായനാര്‍ക്ക് ശേഷം പാര്‍ട്ടിയിലെ സൗമ്യമുഖമായ കോടിയേരി കാര്‍ക്കശ്യങ്ങളില്ലാത്ത പ്രായോഗികവാദിയും സമര്‍ഥനായ രാഷ്ട്രീയക്കാരനുമായിരുന്നു. പ്രതിസന്ധികളെ രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെ കൈകാര്യം ചെയ്ത നേതൃത്വമാണ് കോടിയേരിയുടേത്.
പാര്‍ട്ടി ശത്രുക്കളോട് കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും അതേസമയം തന്നെ പൊതുവായ കാര്യങ്ങളില്‍ സംയമനത്തോടെയും ആരും അംഗീകരിക്കുന്ന തരത്തിലും ഇടപെടുകയും ചെയ്യുന്ന ശീലം കോടിയേരി എന്നും മുറുകെപ്പിടിച്ചു. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ പെരുമാറിക്കൊണ്ട് തന്നെ നിലപാടുകളില്‍ നിന്ന് അണുവിട വ്യതിചലിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പടവുകളൊന്നായി ചവിട്ടിക്കയറിയ കരുത്തനായ പാര്‍ട്ടി സഖാവ്. ആരോഗ്യം അനുവദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കേരള മുഖ്യമന്ത്രിപദത്തിലേക്ക് പോലും എത്തിച്ചേരുമായിരുന്ന കേരള രാഷ്ട്രീയത്തില്‍ ദൃഢമായ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ നേതാവാണ്. പ്രതിസന്ധിയിലും പ്രസ്ഥാനത്തെ കൃഷ്ണമണിപോലെ സംരക്ഷിച്ച സഖാവാണ്.
1973-ലാണ് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷണന്‍ കടന്നുവരുന്നത്. എസ്.എഫ്.ഐ. ചരിത്രത്തിലേറ്റവും കഠിനമായ പീഡനങ്ങളും രൂക്ഷമായ വേട്ടയാടലുകളും നേരിട്ട കാലമായിരുന്നു അത്. സ്വാതന്ത്ര്യവും ജനാധിപത്യവുമെല്ലാം റദ്ദായ ആ പ്രതികൂല സാഹചര്യത്തിലും ഗ്രാമാന്തരങ്ങളില്‍ വരെ ചെന്ന് സജീവ സംഘടനാ ശക്തിയാക്കി എസ്.എഫ്.ഐയെ മാറ്റുന്നതിന് കോടിയേരിയുടെ നേതൃത്വത്തിന് കഴിഞ്ഞു.
വിദ്യാര്‍ത്ഥി പ്രസ്ഥാനം പുരോഗമന പാര്‍ട്ടിക്ക് നല്‍കിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍. 16ാം വയസില്‍ പാര്‍ട്ടി അംഗമായ കോടിയേരി പാര്‍ട്ടി കാര്യങ്ങളില്‍ സൗമ്യതയും വ്യക്തതയും ഒരുപോലെ ഇടകലര്‍ന്ന സമീപനമാണ് എക്കാലത്തും ബാലകൃഷ്ണന്‍ ഉയര്‍ത്തിപ്പിടിച്ചത്. സംഘടനാ കാര്യങ്ങള്‍ ആയാലും ആശയപരമായ പ്രശ്‌നങ്ങള്‍ ആയാലും വ്യക്തതയോടെ ഇടപെടാനും സഖാക്കളെ ശരിയായ ബോധത്തിലേക്ക് നയിക്കാനും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലത്ത് തന്നെ കോടിയേരിക്ക് സാധിച്ചിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടന്‍ തന്നെ തലശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടന്നത് കോടിയേരിയുടെ കൂടി നേതൃത്വത്തിലാണ്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് അതിക്രൂരമായ മര്‍ദ്ദനമാണ് ലോക്കപ്പില്‍ ഏല്‍ക്കേണ്ടിവന്നത്. അതുല്യ സംഘാടകനായ സഖാവ് സി.എച്ച്. കണാരന്റെ നാട്ടില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച അമൂല്യ നേതൃത്വമാണ് കോടിയേരി ബാലകൃഷ്ണന്റേത് എന്ന് നിസ്സംശയം പറയാം. അത് തന്നെയാണ് ചെറിയ പ്രായത്തില്‍ തന്നെ സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ബാലകൃഷ്ണനെ ഉയര്‍ത്തിയ ഘടകവും.
1990-95 ഘട്ടത്തില്‍ സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കോടിയേരി ജില്ലയിലെ പാര്‍ട്ടിയെ നയിച്ചത് പ്രക്ഷുബ്ധമായ പ്രശ്നങ്ങളെ അതിജീവിച്ചാണ്. കൂത്തുപറമ്പ് വെടിവെപ്പ്, കെ.വി. സുധീഷിന്റെ കൊലപാതകം തുടങ്ങിയവയൊക്കെ കാരണം സംഭവ ബഹുലമായ ആ കാലത്തെ ഭീഷണികളെയും വെല്ലുവിളികളെയും ചെറുത്ത് പാര്‍ട്ടിയെ ശക്തമാക്കി നിലനിര്‍ത്തുന്നതില്‍ സെക്രട്ടറി എന്ന നിലയില്‍ കോടിയേരി വഹിച്ച നേതൃത്വപരമായ പങ്ക് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.
മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സി.പി.ഐ.എമ്മിനെ നയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് തവണ തലശ്ശേരിയില്‍ നിന്ന് എം.എല്‍.എയായി. 2001ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. 1995 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ്, 2002ല്‍ കേന്ദ്രകമ്മിറ്റി അംഗമായി. 2008 മുതല്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദം നിയമസഭക്കകത്തുയര്‍ത്തുന്നതില്‍ അദ്ദേഹം കണിശത കാണിച്ചു. 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ ആഭ്യന്തര- ടൂറിസം മന്ത്രിയെന്ന നിലയില്‍ നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പൊലീസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിലും ജനകീയവല്‍ക്കരിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രശംസനീയമാണ്.
ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ടി സംഘടനയെ സദാ തയ്യാറാക്കി നിര്‍ത്തുന്നതിലുള്ള നിഷ്‌കര്‍ഷത എന്നിവയൊക്കെ കോടിയേരിയില്‍ എന്നും തിളങ്ങി നിന്നു. ജീവിതം തന്നെ പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ന് കാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും നല്‍കിയ കോടിയേരി സഖാവ് കേരള രാഷ്ട്രീയത്തിൽ എന്നും സമാനതകളില്ലാത്ത വ്യക്തിത്വമായി നിലനില്‍ക്കുമെന്നതില്‍ സംശയമേതുമില്ല.
Content Highlight: Remembering CPIM Leader Kodiyeri Balakrishnan