ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാം
Daily News
ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th June 2015, 3:27 pm

mensus ആര്‍ത്തവ കാലത്തെ ശാരീരികവും മാനസികവുമായ അസ്വസ്ഥകള്‍ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. മാസം തോറുമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും അനാവശ്യ അവധികളിലേക്കും നയിക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതെങ്ങനെയെന്നല്ലേ, പറയാം.

വേദന

മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്തുണ്ടാവുന്ന പ്രശ്‌നമാണ് സന്ധിവേദനയും വയറുവേദനയും. ആര്‍ത്തവ രക്തം പുറംന്തള്ളുന്നതിനായി സ്ത്രീകളുടെ ഗര്‍ഭാശയ മുഖം അല്പം വികസിക്കുന്നതാണ് ഇതിനു കാരണം. ആര്‍ത്തവമുണ്ടായ ഉടനെ അധികം തീവ്രമല്ലാത്ത വേദനാസംഹാരികള്‍ കഴിക്കുക. ഓരോ ആറുമണിക്കൂറിനുശേഷവും ഇത് ആവര്‍ത്തിക്കുക.

വേദനാസംഹാരി കഴിച്ചയുടന്‍ ഫലം ലഭിക്കണമെന്നില്ല. അതു പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനു മുമ്പ് വയറിന്റെ താഴെ ചൂടുവെള്ളം പിടിക്കുന്നത് ആശ്വാസം നല്‍കും.

തലവേദന

ആര്‍ത്തവ സമയത്തെ മൈഗ്രേനാണ് മറ്റൊരു പ്രശ്‌നം. തലയിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതാണ് ഇതിനു കാരണം. ഇതു തടയാന്‍ ഒരു വേദനാസംഹാരിയെടുത്ത് അത് കഫീനുള്ള വെള്ളത്തില്‍ കഴുകിയശേഷം കഴിക്കുക. കഫീന്‍ രക്തക്കുഴലുകള്‍ സങ്കോചിക്കാന്‍ സഹായിക്കും. ശക്തികൂടിയ പ്രകാശവും, ബഹളമയമായ അന്തരീക്ഷവും മൈഗ്രേന്‍ വര്‍ധിപ്പിക്കും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക.

സ്തനങ്ങള്‍ക്കുണ്ടാവുന്ന വേദന

ആര്‍ത്തവ സമയത്ത് ശരീരം കൂടുതല്‍ ദ്രവങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതുവഴി പ്രോലാക്ടിന്‍ എന്ന ഹോര്‍മോണിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് സ്തനങ്ങള്‍ വേദനിക്കുന്നത്. ഇതു തടയാന്‍ കഫീന്‍, ആല്‍ക്കഹോള്‍, ഉപ്പു കൂടിയ ഭക്ഷണം എന്നിവ ആര്‍ത്തവ സമയത്ത് കഴിക്കരുത്. പോട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക.

ശരീരം വീര്‍ക്കുക

ശരീരം ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് വീര്‍ക്കുന്നത്. വാഴപ്പഴം പോലെ പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഇതു തടയാം.