പലപ്പോഴും പുറത്തുപറയാനും വേണ്ട ചികിത്സ നേടാനും സ്ത്രീകള്‍ മടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് വെള്ളപോക്ക് അഥവാ ലുക്കേറിയ. യോനിയിലൂടെ ഉണ്ടാകുന്ന വെള്ള സ്രാവം ആണ് വെള്ളപ്പോക്ക് എന്ന് പരക്കെ അറിയപ്പെടുന്നത്.
അസ്ഥിയുരുക്കം, മേഘം എന്നീ പേരുകളില്‍ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടുന്ന ഈ രോഗം കൃത്യമായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ മറ്റ് പല അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്താണ് വെള്ളപോക്ക്?
സ്ത്രീകളുടെ യോനീഭാഗത്തെ നശിച്ച കോശങ്ങളും മറ്റും യോനിഗ്രന്ഥിയിലുണ്ടാകുന്ന ദ്രാവകം വഴി പുറം തള്ളുന്നു. തികച്ചും സാധാരണമായ ഈ പ്രക്രിയയെ അസ്ഥി ഉരുക്കമെന്നും മറ്റ് അണുബാധയെന്നും പലരും തെറ്റിദ്ധരിക്കാറുണ്ട്. സാധാരണയായി ആര്‍ത്തവഘട്ടത്തിനും, അണ്ഡോല്‍പ്പാദനസമയത്തും വെള്ളപ്പോക്കുണ്ടാകുന്നത് സാധാരണമാണ്.
എന്നാല്‍ വെള്ളനിറത്തിലല്ലാതെ ഇവ പുറത്തുവരാന്‍ തുടങ്ങിയാല്‍ ഉടന്‍ തന്ന വൈദ്യസഹായം തേടേണ്ടതാണ്. മാത്രമല്ല ഇവയുണ്ടാകുന്ന സാഹചര്യത്തില്‍ യോനിഭാഗത്ത് ചൊറിച്ചിലുണ്ടാകുകയോ പുകച്ചില്‍ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
പ്രതിവിധികള്‍
1. ആര്‍ത്തവസമയങ്ങളില്‍ കൃത്യമായി ശുചിത്വം ഉറപ്പാക്കുക. പാഡുകളും മെന്‍സ്ട്രല്‍ കപ്പുകളും കൃത്യമായ ഇടവേളകളില്‍ മാറ്റുക.
2. സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക.
3. സോപ്പുപയോഗിച്ച് യോനിഭാഗം കഴുകുന്നതിനു പകരം വീര്യം കുറഞ്ഞ വജൈനല്‍ വാഷുകള്‍ ഉപയോഗിക്കുക.
4. നന്നായി വെയിലത്ത് വെച്ച് ഉണക്കിയ കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. നനഞ്ഞ അടിവസ്ത്രങ്ങള്‍ ഉപേയാഗിക്കാതിരിക്കുക.
5. ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഫ്‌ളേവേര്‍ഡ് കോണ്ടങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇവ സ്ത്രീകളില്‍ യീസ്റ്റ് അണുബാധ യോനിഭാഗത്ത് ഉണ്ടാകാന്‍ കാരണമാകാറുണ്ട്.