“എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം” എന്ന് പറഞ്ഞ് രോഹിത് വെമുല മരണത്തിലേക്ക് നടന്നുകയറിയിട്ട് 2018 ജനുവരി 17ന് രണ്ടുവര്‍ഷം കഴിയുകയാണ്.
ദളിത് വിമോചന രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ഊര്‍ജവുമായി രോഹിത്തിന്റെ ആത്മഹത്യാക്കുറിപ്പ് പരിണമിക്കുന്നത്. കാള്‍സാഗിനെപ്പോലെ ശാസ്ത്ര ലേഖകന്‍ ആകാന്‍ ശേഷിയുണ്ടായിരുന്ന, രണ്ട് സ്‌കോളര്‍ഷിപ്പ് ഉണ്ടായിരുന്ന, ബുദ്ധിശാലിയായ ശാസ്ത്രഗവേഷകന്‍ ആത്മാഹുതി ചെയ്തത് ഭീരുത്വം കൊണ്ടായിരുന്നില്ല. മറിച്ച് ദളിത് ജീവിതത്തിന് വിലകല്‍പ്പിക്കാത്ത ഇന്ത്യന്‍ ജാതി സമൂഹത്തിന്റെ ജാതി വംശീയ അധികാര ഘടനതന്നെയാണ് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവുകൊണ്ടും ജീവിതത്തിന്റെ സമസ്ത മേഖലയിലും പടര്‍ന്ന് കയറിയ ശ്രേണീകൃതമായ ഈ ജാതീയ അധികാര വ്യവസ്ഥിതിയുടെ തീഷ്ണമായ അനീതിയെ മറികടക്കാന്‍ കഴിയാത്തതുകൊണ്ടും കൂടിയാണ്.
“വിദ്യാഭ്യാസം കൂടൂന്തോറം അതികൗശലത്തോടെ ജാതി പ്രയോഗം നടത്തുന്ന മനുഷ്യരെയാണ് ഇന്ത്യന്‍ യൂണിവേഴ്സിറ്റികള്‍ സൃഷ്ടിക്കുന്നത്” എന്ന സണ്ണി എം. കപിക്കാടിന്റെ നിരീക്ഷണത്തിന്റെ വേരുകള്‍ കിടക്കുന്നത് യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന ആത്മഹത്യകളുടെയും ജാതീയ അപരവല്‍ക്കരണങ്ങളുടെയും സാമൂഹിക യാഥാര്‍ത്ഥ്യത്തിലാണ്.
“നക്ഷത്രങ്ങളില്‍ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിര്‍മ്മിക്കപ്പെടുന്നത്; പഠനങ്ങളിലും, തെരുവുകളിലും രാഷ്ട്രീയത്തിലും ചേതനവും അചേതനവുമായ എല്ലാ മേഖലയിലും” എന്ന് മനുഷ്യനേയും പ്രകൃതിയേയും അചേതനവുമായതിനേയുമെല്ലാം ഒന്നായി ദര്‍ശിച്ച രോഹിത് വെമുലയ്ക്ക് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയേയും അധികാര ബന്ധങ്ങളേയും പുനര്‍നിര്‍മ്മിക്കാന്‍ ആത്മഹത്യ ഉപാധിയായി സ്വീകരിക്കേണ്ടിവരുന്നത് ദളിത് അവസ്ഥകളേയും പോരാട്ടങ്ങളേയും അംഗീകരിക്കുകയും വിലകല്‍പ്പിക്കുകയും ചെയ്യാത്ത ഒരു സമൂഹവും വ്യവസ്ഥിതിയും ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് അത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമായിരുന്നുവെന്ന് നമുക്ക് തിരുത്തിപ്പറയേണ്ടിവരുന്നത്.
അംബേദ്കര്‍ തുന്നിയ ആ നീലപ്പതാക രോഹിത് കെട്ടിയിറുക്കിയത് ഇന്ത്യന്‍ ജാതി രാഷ്ട്രീയ വ്യവസ്ഥിതിയുടെ കഴുത്തിലേയ്ക്ക് ആയിരുന്നു. അതൊരു ചോദ്യ ചിഹ്നമായി ഇപ്പോഴും അവിടെ തൂങ്ങി ആടുന്നുണ്ട്.
ആന്ധ്രാപ്രേദശിലെ മാലാ എന്ന ദളിത് സമുദായത്തില്‍ പിറന്നുവെന്ന ഒറ്റക്കാരണം കൊണ്ട് അനാഥത്വം അനുഭവിക്കേണ്ടിവരികയും, പട്ടിണിയും നിസ്സഹായതയും സൃഷ്ടിച്ച് അരക്ഷിതാവസ്ഥയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് കരകയറുകയും കൂലിപ്പണിയെടുത്ത് കോളജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും രണ്ട് സ്‌കോളര്‍ഷിപ്പോടെ ഇന്ത്യയിലെ തന്നെ വലിയ യൂണിവേഴ്സിറ്റികളിലൊന്നില്‍ പഠിക്കുകയും ചെയ്ത രോഹിത്തിന്റെ ശവശരീരം അംബേദ്കറിനെ സാക്ഷിയാക്കി തൂങ്ങിയാടുന്നതിന്റെ പ്രകമ്പനങ്ങള്‍ സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ രോഹിത്തിന് മുന്‍പെന്നും ശേഷമെന്നും രണ്ടായി പകുത്തിട്ടുണ്ട്. രാഷ്ട്രീയ പഠിതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചരിത്രകാരന്മാര്‍ക്കും ഇതിനെ അഭിസംബോധന ചെയ്യാതെ മുന്നോട്ടുപോകുവാന്‍ ഇനി സാധ്യമല്ല.
ജാതി-മത-വംശീയ-രാഷ്ട്രീയം ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായും അവര്‍ നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ഭരണത്തിനെതിരായും ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത് ഇന്ത്യന്‍ ക്യാമ്പസുകളില്‍ നിന്നാണ്. രോഹിത് വെമുലയുടെ മരണാനന്തരം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പൊട്ടിപ്പുറപ്പെട്ട അംബേദ്കറൈറ്റ് വിദ്യാര്‍ഥി പ്രക്ഷോഭം വളരെ പെട്ടെന്ന് ജെ.എന്‍.യു ഉള്‍പ്പെടെയുള്ള ക്യാമ്പസുകളിലേയ്ക്ക് പടരുകയാണ് ചെയ്തത്.
രോഹിത് വെമുല ഒരേപോലെ തന്നെ രാഷ്ട്രീയവും വികാരവുമായി ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലും പൊതുമണ്ഡലത്തിലും പ്രക്ഷോഭമായി രൂപപ്പെട്ടു. ഹിന്ദുത്വ ബി.ജെ.പി ഭരണത്തിനെതിരായി ഇന്ത്യയിലാകമാനം പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ആരംഭം കുറിക്കാന്‍ ഈ പ്രക്ഷോഭങ്ങള്‍ക്കു കഴിഞ്ഞു. ആദിവാസി-ദളിത്-പിന്നോക്ക-മുസ്ലിം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയമായ ഉണര്‍വ്വിനും മുമ്പില്ലാത്തവിധം വിശാലമായ ഐക്യപ്പെടലിനും രോഹിത് വെമുല പ്രക്ഷോഭത്തിലൂടെ കൈവരിക്കപ്പെട്ടു.
ചെറുതും വലുതുമായ നിരവധി മുന്നേറ്റങ്ങള്‍ക്ക് ഈ കാലയളവില്‍ ഇന്ത്യ സാക്ഷിയായി. ദളിത് രാഷ്ട്രീയത്തിന് മുന്‍പില്ലാത്തവിധം സ്വീകാര്യതയും ദൃശ്യതയും രോഹിത് വെമുല പ്രക്ഷോഭത്തിലൂടെ കൈവരിക്കപ്പെട്ടു. മാധ്യമങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളിലും ഈ ദൃശ്യത പ്രകടമായിരുന്നു. രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ദളിത് രാഷ്ട്രീയം പറയേണ്ടിവന്നു എന്നതാണ് വസ്തുത.
പശുവിന്റെ പേരില്‍ ഗുജറാത്തില്‍ ദളിതര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരായി ജിഗ്നേഷ് മെവാനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഉന പ്രക്ഷോഭത്തിന്റേയും ഉത്തര്‍പ്രദേശില്‍ സവര്‍ണരാല്‍ ദളിതര്‍ നിരന്തരം ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരായി ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെയും നേതൃത്വത്തില്‍ രൂപംകൊണ്ട ഭീംആര്‍മിയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കും ഏറ്റവും ഒടുവില്‍ ഭീമ കൊറേഗാവ് വിജയത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കാനെത്തിയ ദളിത് പ്രവര്‍ത്തകരെ സവര്‍ണ സംഘപരിവാര്‍ ഗുണ്ടാസംഘടനകള്‍ ആക്രമിച്ചപ്പോള്‍ അതിനെതിരായി മഹാരാഷ്ട്രയില്‍ രൂപപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രക്ഷോഭത്തിന്റേയുമെല്ലാം ഊര്‍ജം രോഹിത് വെമുലയുടെ മരണം സൃഷ്ടിച്ച രോഷം തന്നെയായിരുന്നു.
ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളെ ഹനിക്കുന്ന ഒരു ധാര്‍മ്മിക വ്യവസ്ഥിതിയായാണ് ഹിന്ദുത്വം ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ജനാധിപത്യത്തെ സ്ഥാപിക്കണമെങ്കില്‍ അടിസ്ഥാനപരമായി ഹിന്ദുത്വത്തേയും ഹിന്ദുത്വ രാഷ്ട്രീയത്തേയും നിഷേധിച്ചുകൊണ്ടു മാത്രമേ സാധ്യമാകുകയുള്ളൂ.
ഇന്ത്യയിലാണെങ്കില്‍ ജാതിയുടെ ശ്രേണീകൃതമായ അധികാര ബന്ധങ്ങള്‍ കൊണ്ട് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും പുറംന്തള്ളപ്പെട്ടുപോയ ദളിത് ജനതയ്ക്ക് തങ്ങളുടെ അധികാരത്തെ വീണ്ടെടുക്കുവാന്‍ ജനാധിപത്യത്തെ സ്ഥാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമായിരുന്നു. വിഭാവനം ചെയ്യപ്പെട്ട പൗരന്മാരെപ്പോലെ ഭരണകൂടത്തിനും ഒരുപോലെ അധികാരവും ഉത്തരവാദിത്വവുമുളള ഒരു ഭരണക്രമമായി അല്ല ജനാധിപത്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എങ്കിലും ദളിത് ആദിവാസി ജനതയ്ക്ക് ജനാധിപത്യത്തെ സ്ഥാപിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ആധുനിക ഇന്ത്യ രൂപപ്പെടുത്തുമ്പോള്‍ ദളിതര്‍ അടക്കമുള്ള സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ എന്തായിരിക്കും, അത് എങ്ങനെ സംരക്ഷിക്കപ്പെടും എന്നതായിരുന്നു അംബേദ്കറിന്റെ പ്രധാന രാഷ്ട്രീയ സിദ്ധാന്തം. ആ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയാണ് രോഹിത് വെമുല ഉയര്‍ത്തിപ്പിടിച്ചത്.
രോഹിത് വെമുലയുടെ ഈ രാഷ്ട്രീയ ബോധ്യവും അതില്‍ നിന്നുകൊണ്ടുള്ള ഇടപെടലുകളുമാണ് അദ്ദേഹത്തെ മരണാനന്തരം ദളിത് രാഷ്ട്രീയത്തിന്റെ ഊര്‍ജകേന്ദ്രമാക്കി മാറ്റുന്നത്. ഇതിന്റെ അലയൊലികള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും കാണുവാന്‍ കഴിയും
രോഹിത് വെമുലയും കേരള രാഷ്ട്രീയവും
കേരളത്തിലെ ദളിത് പിന്നോക്കാ മുന്നേറ്റങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെയോളം പഴക്കമുണ്ട്. കേരളത്തിന്റെ ആദിവാസി-ദളിത് പ്രസ്ഥാനങ്ങള്‍ സാമൂഹിക രാഷ്ട്രീയ വിഭവാധികാരത്തിനായി രാഷ്ട്രീയവും സമരങ്ങളും രണ്ടുപതിറ്റാണ്ടായി മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിലും അതിനെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു പൊതുബോധമനസായിരുന്നില്ല കേരളത്തിലുണ്ടായിരുന്നത്.
ദളിത് രാഷ്ട്രീയത്തില്‍ നിന്ന് രൂപപ്പെടുന്ന സമരങ്ങളേയും മൂന്നേറ്റങ്ങളേയും ആസൂത്രിതമായി തകര്‍ക്കുവാനുള്ള സംഘടിത നീക്കങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം ഇന്ത്യയിലും കേരളത്തിലും ആരംഭിച്ച ദളിത് അംബേദ്കറ്റൈറ്റ് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കൃത്യത വരുത്തുവാന്‍ തുടങ്ങി. കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ സംവാദാത്മകമായ ഒരു അന്തരീക്ഷം രൂപപ്പെടുത്തുവാന്‍ ഈ പോരാട്ടങ്ങള്‍ക്കു കഴിഞ്ഞു. ആദിവാസി ദളിത് മത്സ്യത്തൊഴിലാളി പിന്നാക്ക മുസ്ലിം രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ മുന്‍പേത്തേതിനേക്കാളും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായി.
ദേശീയതലത്തില്‍ ഹിന്ദുത്വത്തിനെതിരെ രൂപപ്പെട്ട അംബേദ്കറൈറ്റ് രാഷ്ട്രീയം തന്നെയായിരുന്നു കേരളത്തിലും പ്രതിഫലിച്ചത്. അതുകൊണ്ടുതന്നെ ദളിത് രാഷ്ട്രീയത്തിന്റെ കര്‍തൃത്വ നിര്‍വഹണത്തെ (സോഷ്യല്‍ ഏജന്‍സി) ഈ മുന്നേറ്റങ്ങള്‍ ഊട്ടിയുറപ്പിച്ചു.
ഭൂസമരങ്ങള്‍ക്കപ്പുറം ആദിവാസികളുടെയും ദളിതരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്ത്രീകളുടെയും മതന്യൂനപക്ഷങ്ങളുടെയും ട്രാന്‍സ്ജെന്ററുകളുടെയും രാഷ്ട്രീയ സാമൂഹിക വിഭവാധികാരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഭൂ-അധികാര സംരക്ഷണ സമിതി പോലുള്ള പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത് ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.
സ്വദേശീയമായി തന്നെ നിരവധി ദളിത് അംബേദ്കറൈറ്റ് കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നതിന് നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ദളിത് നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകത്തിനെതിരെയും ഗോവിന്ദപുരത്തെ അയിത്തത്തിനെതിരെയും ദളിത് യുവാവ് വിനായകന്റെ മരണത്തിനെതിരെയും ഏറ്റവും ഒടുവില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നടപടിക്കെതിരെയും ശക്തമായ ദളിത് സമരം രൂപപ്പെടുന്നതിനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിച്ചത് രോഹിത് വെമുലയുടെ മരണാനന്തരം ദേശീയതലത്തിലും കേരളത്തിലും ശക്തി പ്രാപിച്ച ദളിത് മുന്നേറ്റങ്ങളും അവ രൂപപ്പെടുത്തിയ ഐക്യപ്പെടലുകളുമായിരുന്നു.
വലത് പ്രസ്ഥാനങ്ങള്‍ കൊടുകുത്തിവാണിരുന്ന കേരള ക്യാമ്പസുകളില്‍ അംബേദ്കറൈറ്റ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുക അസാധ്യമായിരുന്നു. എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസ് മാത്രമായിരുന്നു ഇതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ഏക ക്യാമ്പസ്. ദളിത് രാഷ്ട്രീയം ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികളെ ഏറ്റവും പിന്തിരിപ്പന്‍മാരായും ജാതി വക്താക്കളായും മുദ്രകുത്തുന്ന സംഘടിത നീക്കങ്ങളാണ് മുഖ്യധാര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്. അവിടെ നിന്ന് ഒരു ദളിത് വിദ്യാര്‍ഥിനിയെ എസ്.എഫ്.ഐയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മഹാരാജാസ് കോളേജില്‍ ചെയര്‍പേഴ്സണായി നിര്‍ത്തേണ്ടിവന്നു എന്നതാണ് രോഹിത്തിന്റെ മരണത്തിനുശേഷമുള്ള കേരള ക്യാമ്പസിന്റെ രാഷ്ട്രീയ പരിണാമം.
ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസുകളായ ജെ.എന്‍.യുവിലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും രൂപപ്പെട്ട സമവായത്തിന്റെ മറ്റൊരു പ്രതിഫലനത്തില്‍ എം.ജി യൂണിവേഴ്സിറ്റിയില്‍ എ.എസ്.എ രൂപീകരിക്കുന്നതും സജീവമാകുന്നതും കോഴിക്കോട് ഫറൂഖ് കോജില്‍ ദിനു കെ.യുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ ആരംഭിക്കുന്നതും എറണാകുളം ലോ കോളജില്‍ നിയമബിരുദം പഠിക്കാന്‍ എത്തിയ രാമചന്ദ്രന്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ കേരളത്തിലെ ആദിവാസി ദളിത് നേതൃത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നതും മാറുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന്റെ മാത്രമല്ല, രാഷ്ട്രീയത്തിന്റെ ചിത്രമാണ് നമുക്ക് കാണിച്ചുതരുന്നത്. ഇവ വളരെ ചെറുതെങ്കിലും ഈ രാഷ്ട്രീയ മുന്നേറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാത്രമേ കേരള രാഷ്ട്രീയത്തിന് ഇനി മുന്നോട്ടുപോകുവാന്‍ കഴിയുകയുള്ളൂ.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആദിവാസിയും ദളിതരും ഇതര പിന്നോക്കക്കാരും മത്സ്യത്തൊഴിലാളികളും ന്യൂനപക്ഷങ്ങളും അടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സാമൂഹിക വിഭവാധികാരം കൂടിയേ മതിയാകൂ. അല്ലെങ്കില്‍ ഹിന്ദുത്വം നിലനിര്‍ത്തുന്ന ജാതീയ അധികാര ഘടനയുടെ ബന്ധനങ്ങള്‍ക്ക് എന്നും ഇന്ത്യന്‍ ജനാധിപത്യം വഴങ്ങേണ്ടിവരും. അത് ക്യാമ്പസിനുള്ളിലും പുറത്തും രോഹിത്തുമാരെ സൃഷ്ടിക്കുവാനേ ഉപകരിക്കൂ. ജാതിയുടെ ഈ അധികാര ബന്ധങ്ങളെയാണ് രോഹിത് ചോദ്യം ചെയ്തതും പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചതും. അതുതന്നെയാണ് രോഹിത് വെമുലയുടെ രാഷ്ട്രീയ പ്രസക്തിയും.