കൊച്ചിന്‍ ഹനീഫ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും മലയാളികള്‍ ഇന്നും കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ചയാണ് “ആസാനെ…” എന്ന വിളിയുമായി തലയുയര്‍ത്തി നടന്നു വരുന്ന കൊച്ചിന്‍ ഹനീഫയുടേത്.
മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്ത് ചിരിക്കാന്‍ ഒരുകൂട്ടം നല്ല കഥാപാത്രങ്ങളെ നല്‍കിയശേഷം കാലയവനികക്കുള്ളിലേക്കു നടന്നു മറഞ്ഞ ചിരിയുടെ “ആശാന്റെ” ഓര്‍മ്മകള്‍ക്ക് ഏഴു വയസ്സ്. സംവിധായകനായും നടനായും നിര്‍മ്മാതാവായും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന കൊച്ചിന്‍ ഹനീഫയെന്ന അതുല്ല്യ പ്രതിഭ 2010 ഫെബ്രുവരി രണ്ടിനായിരുന്നു കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് വിടപറഞ്ഞത്.
1970 മുതല്‍ 2010 വരെയുള്ള നാലു പതിറ്റാണ്ട് കാലം വില്ലനായും ഹാസ്യകഥാപാത്രങ്ങളുമായും നിറഞ്ഞ് നിന്ന താരം അവസാന കാലമാകുമ്പോഴേക്ക് വില്ലന്‍ കഥാപാത്രങ്ങളുടെ ഓര്‍മ്മകള്‍ വരെ അവശേഷിപ്പിക്കാത്ത രീതിയില്‍ തമാശകളും അബദ്ധങ്ങളും പൊട്ടിച്ചിരികളുമായി സിനിമാസ്വാദകരുടെ മനം കവര്‍ന്ന് കഴിഞ്ഞിരുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ കഥാപാത്രങ്ങള്‍ കൊണ്ടോ ഡയലോഗുകള്‍ കൊണ്ടോ പറഞ്ഞവസാനിപ്പിക്കാന്‍ പറ്റാത്ത താരമാണ് സലീം മുഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ. മലയാളികള്‍ക്ക് മുന്നില്‍ കൊച്ചിന്‍ ഹനീഫയായി തിളങ്ങി നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടുകാരുടെ സ്വന്തം വി.എം.സി ഹനീഫയായിരുന്നു ഇദ്ദേഹം.
കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി ജനിച്ച ഹനീഫ ബോട്ടണി ബിരുദ്ധധാരിയാണ്. സര്‍ഫ, മര്‍വ്വ എന്നി ഇരട്ടകുട്ടികളാണ് ഹനീഫ ഫാസില ദമ്പതികള്‍ക്കുള്ളത്. സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെയും കോളേജിലെയും വിദ്യാഭ്യാസ കാലത്ത് മോണോ ആക്ടിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. മിമിക്രി കലാകാരനില്‍ നിന്ന് 1970കളില്‍ ചെന്നൈയിലെത്തിയ ഹനീഫ പ്രതി നായക വേഷത്തിലൂടെ വെള്ളിത്തിരയില്‍ ചുവടുറപ്പിക്കുകയായിരുന്നു. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുമ്പോള്‍ തന്നെ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും റോളിലും ഹനീഫ കഴിവ് തെളിയിച്ചു.
1979ല്‍പുറത്തിറങ്ങിയ അഷ്ടാവക്രാന്‍ എന്ന ചിത്രത്തിലെ ചെറിയ റോളിലായിരുന്നു ഹനീഫ സിനിമാ ജീവിതം ആരംഭിച്ചത്. ചെറിയ വേഷങ്ങളില്‍ തുടങ്ങി മാമാങ്കം, അന്വേഷണം, മൂര്‍ഖന്‍, രക്തം, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ ഹനീഫയെ ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ മാത്രമായിരുന്നു തേടിയെത്തിയത്. ഒരു സന്ദേശം കൂടി എന്ന ചിത്രമാണ് താരം ആദ്യം സംവിധാനം ചെയ്തത്.
കിരീടത്തില്‍ “കീരിക്കാടന്‍ ചത്തേ..” എന്നാര്‍പ്പുവിളിച്ച് നടന്ന ചട്ടമ്പിയായ ഹൈദ്രോസിന്റെ സംവിധാനത്തിലാണ് മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിലൊന്നായ വാത്സല്യം പുറത്തിറങ്ങിയത് എന്നറിയാത്ത മലയാളികള്‍ ഇന്നും ഏറെയാണ്. ലോഹിതദാസിന്റെ തിരക്കഥയിലായിരുന്നു ഹനീഫ വാത്സല്യം അണിയിച്ചൊരുക്കിയത്. വാത്സല്യം ഉള്‍പ്പെടെ ഏഴു മലയാള ചിത്രങ്ങള്‍ക്ക് പുറമെ ആറ് തമിഴ് ചിത്രങ്ങളും കൊച്ചിന്‍ ഹനീഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നാല് മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥയും ഹനീഫയുടെ തൂലികയില്‍ പിറന്നിട്ടുണ്ട്.
പല അഭിനേതാക്കളെയും എതെങ്കിലും ഒരു ഡയലോഗിന്റെയോ കഥാപാത്രത്തിന്റെയോ പേരില്‍ അറിയപ്പെടുമ്പോള്‍ ഹനീഫ നിരവധി ഡയലോഗുകളാണ് മലയാള സിനിമക്കായി തന്നിട്ടു പോയത്. കിരീടത്തിലെ പേടിത്തൊണ്ടനായ ചട്ടമ്പി ഹൈദ്രാസിന്റെ “കീരിക്കാടന്‍ ചത്തേയ്” എന്നതും മാന്നാര്‍ മത്തായി സ്പീക്കിംഗിലെ “ആസാനെ..” എന്ന വിളിയും മലയാള സിനിമയുള്ളിടത്തോളം കാലം മലയാളി മറക്കുകയില്ല. മീശമാധവനിലെ ചേക്കിലെ യുത്ത് വിംങ് പ്രസിഡന്റായ പെടലിയുടെ “തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ പിള്ളേച്ചാ” എന്നതും “പിള്ളേച്ചാ ശവത്തില്‍ കുത്തരുത്” എന്ന വാക്കുകളും ഇന്നും പലരും ഏറ്റു പറയുന്നു.
പഞ്ചാബി ഹൗസിലെ ബോട്ട് മുതലാളിയും പറക്കും തളികയിലെ ഇന്‍സ്‌പെക്ടര്‍ വീരപ്പന്‍ കുറുപ്പിന്റെയും, പുലിവാല്‍ക്കല്ല്യാണത്തിലെ ടാക്‌സി ഡ്രൈവറുടെ “ധാരാവിയും” ഉള്‍പ്പടെ നിരവധി ഡയലോഗുകള്‍ കാലാതീതമായി എന്നും നിലനില്‍ക്കുന്നവയാണ്. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ ആനപ്പാപ്പാന്‍ കിട്ടുണ്ണിയുടെ “അപ്പത്തന്നെ സെര്‍ട്ടീട്ടും തന്നു. കിട്ടുണ്ണി എലിഫന്റ് ബി.എ” എന്ന വാക്കുകള്‍ തനിക്ക് കിട്ടിയ അംഗീകാരമായി വീട്ടുകാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന രംഗം സിനിമ കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയുന്നതല്ല.
1990ല്‍ പുറത്തിറങ്ങിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫയെന്ന സ്വന്തം പേരിലായിരുന്നു താരം വെള്ളിത്തിരയിലെത്തിയത്.സൂത്രധാരനിലെ റിക്ഷാക്കാരനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയതിന് 2001ല്‍ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌ക്കാരം ഹനീഫയെ തേടിയെത്തി. താരജാഡകളോ വിവാദങ്ങളോ ഇല്ലാത്ത ജീവിത വേഷം ആടിത്തീര്‍ത്ത് ഹനീഫ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും മലയാളികള്‍ ഇന്നും കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ചയാണ് “ആസാനെ…” എന്ന വിളിയുമായി തലയുയര്‍ത്തി നടന്നു വരുന്ന കൊച്ചിന്‍ ഹനീഫയുടേത്.