|

രോഹിത് വെമുല, വിനായകന്‍ - മറ്റനേകം മുഖമില്ലാത്ത ദലിതരും...

ബച്ചു മാഹി

ഇന്ന് രോഹിത് വെമുലയുടെ മൂന്നാം ചരമവാര്‍ഷിക ദിനമാണ്. വിനായകന്‍ മരിച്ചിട്ട് ഒന്നര വര്‍ഷം തികയുന്ന ദിവസവും. സാങ്കേതികാര്‍ത്ഥത്തില്‍ രണ്ടു പേരും ആത്മഹത്യ ചെയ്യുകയായിരുന്നു; അതേസമയം രണ്ടും ഇന്‍സ്റ്റിറ്റിയൂഷനല്‍ മര്‍ഡറും ആണ്. ആദ്യത്തേതില്‍ വിദ്യാര്‍ത്ഥിക്ഷേമം ഉറപ്പു വരുത്തേണ്ട യൂണിവേഴ്സിറ്റി അധികൃതരും കേന്ദ്രസര്‍ക്കാറുമാണ് പ്രതികളെങ്കില്‍, രണ്ടാമത്തേതില്‍ പൗരന്മാരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസുകാര്‍; അവരെ സംരക്ഷിക്കുന്ന കേരളസര്‍ക്കാറും. രണ്ടിലെയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല എന്ന സാമ്യതയുമുണ്ട്. രണ്ടുപേരും ദളിതരാണ് എന്നത് കുറച്ചേറെ ഊന്നല്‍ നല്‍കേണ്ട കാര്യവും.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്ന രോഹിത് വെമുല അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു. അതിന്റെ ബാനറില്‍ സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് വന്നതില്‍ വെറിപൂണ്ട് 2015 ജൂലൈ മുതല്‍ രോഹിത് വെമുലക്കുള്ള ഫെലോഷിപ് തുക സര്‍വ്വകലാശാല നിറുത്തിക്കളഞ്ഞു. അതിനിടെ 2015 ഓഗസ്റ്റില്‍ എ.എസ്.എയുടെ ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കലിപൂണ്ട് അവര്‍ക്കെതിരെ തിരിയുന്നു. എ.എസ്.എ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന എ.ബി.വി.പി ലീഡര്‍ സുശീല്‍കുമാറിന്റെ വ്യാജപരാതിയില്‍ രോഹിത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ 2015 ഓഗസ്റ്റില്‍ സര്‍വ്വകലാശാല അന്വേഷണം പ്രഖ്യാപിക്കുന്നു. സ്ഥലം ബി.ജെ.പി എം.പി. അവര്‍ ദേശദ്രോഹപരവും ജാതീയവുമായ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുകയാണ് എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതുന്നുമുണ്ട്.

കേന്ദ്രമന്ത്രിയുടെ ഇടപെടലിന്റെ കൂടെ അനന്തരഫലമെന്നോണം 2015 സെപ്റ്റംബറില്‍ സംഘിതോഴന്‍ കൂടിയായ വൈസ് ചാന്‍സലര്‍ അപ്പാറാവു, രോഹിത് വെമുല അടക്കമുള്ള ദളിത് ആക്റ്റിവിസ്റ്റുകളെ സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ക്യാംപസില്‍ സമരത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. 2016 ജനുവരി 3-ന് അവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി സര്‍വ്വകലാശാല ഉത്തരവിറക്കുകയും ചെയ്തു. തുടര്‍ന്ന് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചു.

രോഹിതിന്റെ 25000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടര്‍ന്ന് തനിക്കത് അനുവദിച്ച് തരുന്നിലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ പകരം തരണമെന്ന് രോഹിത് വി.സി ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. തന്നെ ജീവിക്കാന്‍ അനുവദിക്കണ മെന്നും രോഹിത് അപേക്ഷിച്ചിരുന്നു. 2016 ജനുവരി 17-ന് ഒരുമുഴം കയറില്‍ തൂങ്ങിയാടുന്ന രോഹിതിനെയാണ് കൂട്ടുകാര്‍ കണ്ടത്. അന്നയാള്‍ക്ക് 26 വയസ്സ്.

പൊലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നായിരുന്നു വിനായകന്‍ ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ 2017 ജൂലൈ 17-നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മനസ്സാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സ്റ്റേഷനില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ശരത്ത് പറഞ്ഞിരുന്നു. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നും മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചതിനും ശരത്ത് സാക്ഷിയാണ്. ഈ വസ്തുതകള്‍ സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താനും സ്ഥിരീകരിച്ചിരുന്നു.

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ അച്ഛനെ വിളിച്ചു വരുത്തിയ പോലീസ്, മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പറഞ്ഞു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളെന്നതിന് തെളിവത്രെ. മുടി മുറിപ്പിക്കാം എന്ന ഉറപ്പ് വാങ്ങിയാണ് പോലീസ് അച്ഛന്റെ കൂടെ വിട്ടത്. താന്‍ ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് വിനായകന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആ മാതിരി മര്‍ദ്ദനമാണ് ഏറ്റത്. പിറ്റേന്ന് മുറിയില്‍ തൂങ്ങിയാടുന്ന വിനായകനെയാണ് വീട്ടുകാര്‍ കണ്ടത്.

ദേഹത്താകമാനം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തലയില്‍ ചതവുണ്ടെന്നും കഴുത്തിലും നെഞ്ചിലും മുലക്കണ്ണിലും മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൂട്ടിട്ട് ചവിട്ടി എന്ന് ശരത്ത് പറഞ്ഞത് സാധൂകരിക്കുന്ന തരത്തില്‍ വിനായകന്റെ കാലില്‍ പാടുകളും ഉണ്ടായിരുന്നു.

രോഹിതിന്റെ മരണം ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു, കേരളത്തിലടക്കം. അവിടവിടെ അടക്കിപ്പിടിച്ചെന്നോണം ചെറിയ പറച്ചിലുകള്‍, കുഞ്ഞു പ്രതിഷേധങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അതിവേഗം കെട്ടടങ്ങിയ ചെറിയൊരു ഇളക്കം മാത്രമെ വിനായകന്റെ മരണം ഉണ്ടാക്കിയുള്ളൂ. പിന്നെയത് ഫേസ്ബുക്ക് ദളിത് കൂട്ടായ്മകളിലെ ഇടയ്ക്കും തലയ്ക്കുമുള്ള പായാരം പറച്ചിലായി ഒതുങ്ങിയെങ്കില്‍ അത് തന്നെയും നിലച്ചിട്ട് വര്‍ഷത്തിലേറെയായി.

രോഹിതിന്റെ അമ്മ രാധികാ വെമുലയെ നാമൊക്കെ അറിയും. കേരളത്തില്‍ അടക്കം അവര്‍ പല പൊതുപരിപാടികളിലും സംബന്ധിച്ചിട്ടുണ്ട്. വിനായകന്റെ അമ്മ ഓമനയെ നമ്മില്‍ എത്ര പേര്‍ അറിയും? മൂന്ന് തവണ ശ്രമിച്ചൊടുക്കം അവര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിരുന്നു. തന്റെ മകന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിച്ചുകൊണ്ട് അര്‍ഹിക്കുന്ന നീതികിട്ടണം എന്നപേക്ഷിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങവേ, എന്റെ കുഞ്ഞെന്ന് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ഉള്ളം പിടഞ്ഞ ഏങ്ങലായി പുറത്തുചാടിയപ്പോള്‍ ഈ കരച്ചിലൊന്നും ഇവിടെ വേണ്ടെന്ന് മുഖ്യന്‍ നിഷ്‌ക്കരുണം അപമാനിച്ചുവിട്ടുവെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞത് വിനായകന്റെ അച്ഛന്‍. അക്കാര്യമൊന്നും എവിടെയുമൊരു ചര്‍ച്ച പോലും തീര്‍ത്തില്ല!

നമ്മള്‍ കേരളക്കാര്‍ അല്ലേലും ഡീസന്റ് അല്ലെ?! വെമുലയുടെ ഫോട്ടോ ഡീപി ആക്കിയവര്‍ക്ക് വിനായകനെ അറിയേണ്ടതില്ല. ഉനയിലും മുംബൈയിലും ദളിത് മുന്നേറ്റത്തെ വലിയ വായില്‍ അഭിവാദനം ചെയ്ത് കൊണ്ട് തന്നെ, ഇവിടത്തെ ദളിതര്‍ക്ക് പ്രശ്‌നമുണ്ടെന്ന് പറയുന്നവരോട് സ്വത്വവാദത്തിന്റെ അപകടങ്ങളെക്കുറിച്ച് ക്ലാസ് കൊടുക്കും; തങ്ങളുടെ പൂര്‍വികര്‍ക്ക് വഴി നടക്കാനും മാറുമറക്കാനും അവകാശം നേടിക്കൊടുത്ത ചരിത്രപാഠം പകര്‍ന്ന് നല്‍കും.

ദളിത് മേലുദ്യോഗസ്ഥന്‍ ഇരുന്ന കസേര ചാണകവെള്ളം തളിച്ച് “അശുദ്ധി” മാറ്റുന്നത് സ്വാഭാവികമായി കണ്ട്, ദളിത് വിവേചനമെന്നത് ഉത്തരേന്ത്യയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് എന്ന് സ്വയം വിശ്വസിപ്പിക്കും.

മജിസ്‌ട്രേറ്റ് പദവിയില്‍ ഇരുന്ന ഒരു ദളിതന്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ക്രൂരമായ പിന്നാമ്പുറ സാഹചര്യം പാടേ തമസ്‌ക്കരിച്ച് മദ്യാസക്തിയുടെ സ്വാഭാവിക പരിണതിയായി കൊട്ടിഘോഷിച്ച് കളയും. വര്‍ക്കലയില്‍ ദളിത് വീടുകളില്‍ മാസത്തോളം അരങ്ങേറിയ പൊലീസ് നായാട്ട് ആരുടെയോ സ്വപ്നാടനമാണ്; നമുക്കത് അറിയുകയേ വേണ്ട.

പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരിച്ച് വീഴുന്ന കേരളത്തിലെ ആദിവാസികളുടെ അവസ്ഥ, ഉത്തരേന്ത്യയെ അപേക്ഷിച്ച് എത്ര മെച്ചമെന്ന് കോള്‍മയിര്‍ കൊള്ളും.

വിനായകന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്ന രേഖ സൂക്ഷ്മം പാലിക്കാത്ത വിവാഹങ്ങളില്‍ വരന്മാരെ പിടിച്ച് പോക്‌സോയില്‍ കുടുക്കി പത്തും പതിനഞ്ചും കൊല്ലം ഇരുമ്പഴിക്കകത്തിടുക വഴി ആദിവാസി സ്ത്രീകളുടെ ഉന്നമനം കൈവരിച്ചു എന്നഭിമാനിക്കും.

ഹിന്ദുത്വ ഫാഷിസമെന്നത് ബാന്റും മേളയുമായി തീയതി കുറിച്ച് വരുന്ന ഉത്തരേന്ത്യന്‍ ആഘോഷമെന്ന ഉറച്ച ധാരണയോടെ ഗുജറാത്തിലെ വംശഹത്യയെക്കുറിച്ച്, അഖ്‌ലാഖിനെച്ചൊല്ലി, ജുനൈദിനെ പ്രതി രോഷപ്പെടും, കണ്ണീര്‍ വാഴ്ത്തും. അപ്പോഴും കണ്മുന്നില്‍ ഹിന്ദുത്വയുടെ കത്തിമുനയില്‍ തീര്‍ന്ന മുസ് ലിം ജീവനുകളുടെ പേരുച്ചരിക്കാന്‍ വിമുഖരാകുന്നത് അത് കാരണം ഇവിടെ ഹിന്ദു-മുസ്ലിം വര്‍ഗീയത വളരരുത് എന്ന സദുദ്ദേശത്തില്‍ മാത്രമാണല്ലോ!

ജുനൈദ് ഖാന്‍

പള്ളിയില്‍ കേറി ഇമാമിനെ കൊന്നത് നാല് പെഗ്ഗില്‍ കൂടുതല്‍ ചെന്നാല്‍ വര്‍ഗ്ഗീയത പൂക്കുന്ന പുതിയ റം വന്നതിന്റെ കുഴപ്പമാണ് എന്ന പൊലീസ് FIR സമാധാനം കണ്ടെത്തും.

വര്‍ഗീയലഹളകളില്‍ പക്ഷം ചേരുന്ന ഉത്തരേന്ത്യന്‍, ഗുജറാത്ത്, മുംബയ് പൊലീസിനെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങള്‍ രചിക്കുമ്പോള്‍ തന്നെ പാലക്കാടും ബീമാപള്ളിയും കാസര്‍ഗോഡും നീതികരണമില്ലാതെ ഉതിര്‍ത്ത വെടികളെ, മറ്റു പോംവഴികളില്ലാതെ ചെയ്തതെന്ന് സിദ്ധാന്തിക്കും; അല്ലെങ്കില്‍ നാമൊന്നുമറിഞ്ഞില്ലേ രാമനാരായണ!

“ദൈവസൊന്ത” നാട്ടിലെ ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ, പീഡനങ്ങളുടെ പ്രധാനവും സവിശേഷവുമായ പ്രത്യേകത, അതിന്റെ വിസിബിലിറ്റി ഇല്ലായ്മയാണ്. മുസ്‌ലിംകള്‍ക്കോ ആദിവാസികള്‍ക്കോ വിവേചനങ്ങള്‍ നേരിടുമ്പോള്‍ പോലും ഇല്ലാത്ത പ്രതിസന്ധിയാണത്.

മീഡിയാ രംഗത്ത് ദലിത് പ്രാതിനിധ്യമിലായ്മ, ആദിവാസികളുടെ നേതാവായി ജാനു ഉയർന്നത് പോലെ, ദലിതർക്ക് തന്നെ സ്വീകാര്യമായ ഒരു പൊതുനേതൃത്വം ഇല്ലാത്തത് ഇവയൊക്കെയാകാം ദലിത് പ്രശ്നങ്ങൾ തമസ്കരിക്കപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ എന്ന് തോന്നുന്നു.

ബച്ചു മാഹി

Video Stories