ശ്രീനഗര്‍: ജമ്മു കശ്മീരിന് സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370-നെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതകളെയും ചരിത്രത്തെയും വളച്ചൊടിക്കുന്നതാണെന്ന് സി.പി.ഐ.എം നേതാവ് എം.വൈ തരിഗാമി. 370 എടുത്തുമാറ്റണമെന്ന് കാലങ്ങളായി ബി.ജെ.പി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കശ്മീരില്‍ നിന്നുള്ള തരിഗാമി നിലപാട് ആവര്‍ത്തിച്ചത്.
‘ഭരണഘടന നല്‍കുന്ന ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ജമ്മു കശ്മീര്‍ നിലനില്‍ക്കുന്നത്. അനുച്ഛേദം 370 ഒരു താത്കാലിക വ്യവസ്ഥയല്ല. അതേസമയം ഭരണഘടനയുടെ ഘടനയുമായും അടിസ്ഥാന തത്വങ്ങളുമായും അതു ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്.’- തരിഗാമി പറഞ്ഞു.
‘സ്വന്തം ഭരണഘടന വേണമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയ ഒരേയൊരു സംസ്ഥാനമാണ് ജമ്മു കശ്മീര്‍, 1948 മാര്‍ച്ച് അഞ്ചിന്. വിഭജനത്തിന്റെ സമയത്തും അതിനുശേഷവും കശ്മീരിന് പാക്കിസ്ഥാന്റെയോ ഇന്ത്യയുടെയോ ഭാഗമാകാനും അല്ലെങ്കില്‍ ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ചില പ്രത്യേക വ്യവസ്ഥകളിന്മേല്‍ ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.’- അദ്ദേഹം വ്യക്തമാക്കി.
370 നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ കശ്മീരില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ 370 ഉറപ്പുനല്‍കുന്ന പദവിയുടെ ചോര്‍ച്ച മൂലമാണു സംഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തെ വളച്ചൊടിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു കാര്യങ്ങളെത്തിക്കും. രാഷ്ട്രീയ നേതൃത്വം ചരിത്രത്തിലെ പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങളിലേക്ക് ചെല്ലുകയും സംസ്ഥാനത്തിന്റെ സ്വയംഭരണ പദവി ഊട്ടിയുറപ്പിക്കുകയും ചെയ്യുകയെന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ആവശ്യമാണ്.