മുന്‍ 'തമ്പുരാട്ടി' യുടെ ഏഴ് രാജ കല്‍പനകള്‍
Kerala News
മുന്‍ 'തമ്പുരാട്ടി' യുടെ ഏഴ് രാജ കല്‍പനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th January 2024, 5:14 pm

മുന്‍ തിരുവിതാകൂര്‍ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായി അടുത്ത കാലങ്ങളിലായി ഏതാനും വസ്തുതാ വിരുദ്ധമായ രാജ കല്‍പനകള്‍ പുറപ്പെടുവിച്ചിരുന്നു. ഈ രാജ കല്‍പനകള്‍ പ്രജകള്‍ ഏറ്റെടുക്കുകയും നവമാധ്യമങ്ങളില്‍ ആഘോഷമാക്കുകയും ചെയ്തു.

നിരന്തരമായി ഗൗരി ലക്ഷ്മി ഭായി നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. അതില്‍ ഏറ്റവും പുതിയത് ‘സ്വാമി വേഷം ധരിച്ചുകൊണ്ട് ചിലര്‍ ഇസ്ലാം മതം സംസാരിക്കുന്നു, അവര്‍ പ്രസംഗം അവസാനിപ്പിക്കുന്നത് ലാല്‍സലാം പറഞ്ഞും, എന്ന പരാമര്‍ശമാണ്. ‘ 12ാംമത് ഹിന്ദുമഹാ സമ്മേളനത്തിലാണ് ഗൗരി ലക്ഷ്മി ഭായി ഈ പരാമര്‍ശം നടത്തിയത്. ക്ഷേത്ര പ്രവേശനവിളംബരമാണ് കേരളത്തിലെ ഹിന്ദുക്കളുടെ ഐക്യത്തിന് കാരണമായതെന്ന അവകാശവാദവും ഗൗരി ലക്ഷ്മി ഭായി ഉയര്‍ത്തിയുന്നു.

കൂടാതെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാരിക പുരാവസ്തു വകുപ്പ് പുറത്തിറക്കിയ
പോസ്റ്ററില്‍ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി ഭായിയെയും ഗൗരി ലക്ഷ്മി ഭായിയെയും ഹിസ് ഹൈനസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വിവാദമായതോടെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട നോട്ടീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിക്കുകയും ചെയ്തു. പക്ഷെ നോട്ടീസ് പിന്‍വലിച്ചതുകൊണ്ടാണോ സര്‍ക്കാര്‍ തമ്പുരാട്ടിയെന്ന് വിളിക്കാതിരുന്നത് കൊണ്ടാണോ എന്നറിയില്ല രാജകുടുംബം പരിപാടിയില്‍ പങ്കെടുത്തില്ല.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ വാടിപ്പോകുമെന്ന് ശാസ്ത്രം തെളിയിച്ചതായും ഗൗരി ലക്ഷ്മി ബായി പറഞ്ഞു. എന്നാല്‍ അത് തന്റെ കണ്ടെത്തല്‍ അല്ലെന്നും കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയതാണെന്ന ന്യായീകരണവും അതിന് ലക്ഷ്മി ഭായി നല്‍കി.

അതിനേക്കാള്‍ രസകരം വാസ്തുപ്രകാരം നിര്‍മിക്കാത്തത് കൊണ്ടാണ് നിയമസഭയില്‍ പ്രശ്നങ്ങള്‍ നടക്കുന്നതെന്ന ഗൗരി ലക്ഷ്മി ഭായിയുടെ പരാമര്‍ശമായിരുന്നു. വലിയ വിവാദങ്ങള്‍ക്കാണ് ഈ പരാമര്‍ശം വഴിയൊരുക്കിയത്.

വാസ്തുവും പ്രശ്‌നം വെക്കലും ഇവിടംകൊണ്ടും തീര്‍ന്നില്ല. കേരളത്തിലെ കുട്ടികള്‍ പഠനത്തിനായി കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും പോവുന്നതിന്റെ കാരണം അറിയണമെങ്കില്‍ പ്രശ്‌നം വെച്ചുനോക്കണമെന്നും അല്ലെങ്കില്‍ 50 വര്‍ഷത്തിനുള്ളില്‍ കേരളം വൃദ്ധന്മാരുടെ ഇടമായി മാറുമെന്ന് കൂടി ഗൗരി ലക്ഷ്മി ഭായി പറഞ്ഞുകളഞ്ഞു.

നായന്‍മാരും നമ്പൂതിരിമാരും വര്‍മമാരും ജാതിപ്പേര് വെക്കുന്നതുപോലെ തന്നെയാണ് ക്ഷത്രിയ സ്ത്രീയെന്ന നിലയില്‍ തന്റെ ജാതിപ്പേരായ തമ്പുരാട്ടി എന്നും ജനാധിപത്യം വന്നെന്ന് കരുതി അവ മാറുകയില്ലെന്നും ഗൗരി ലക്ഷ്മി ഭായി ഒരിക്കല്‍ പറഞ്ഞിരുന്നു. ഒറ്റ ചോദ്യം തമ്പുരാട്ടിക്കെന്ത് ജനാധിപത്യം.. അല്ലേ..?

Content Highlight: Remarks by former Travancore royal family member Gawri Lakshmi Bayi