|

ശിവജിയെക്കുറിച്ചുള്ള പരാമർശം; പത്രപ്രവർത്തകൻ കൊരാത്കറെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ശിവജിയെയും സംഭാജിയെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നിയമനടപടി നേരിടുന്ന നാഗ്പൂർ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ പ്രശാന്ത് കൊരാത്കറെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ സെഷൻസ് കോടതിയുടേതാണ് വിധി. മാർച്ച് 28 വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

ഫെബ്രുവരി 26 ന് കോലാപ്പൂർ ആസ്ഥാനമായുള്ള ചരിത്രകാരൻ ഇന്ദ്രജീത് സാവന്തുമായുള്ള ഓഡിയോ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. തുടർന്ന് അദ്ദേഹത്തെ തെലങ്കാനയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അറസ്റ്റിന് മുമ്പ് അദ്ദേഹം നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ കോലാപ്പൂർ സെഷൻസ് കോടതി നിഷേധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോണിലെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറുന്നതിന് മുമ്പ് പത്രപ്രവർത്തകൻ മനഃപൂർവം ഇല്ലാതാക്കിയെന്ന് പറഞ്ഞായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.

കോലാപ്പൂർ ആസ്ഥാനമായുള്ള ചരിത്രകാരൻ ഇന്ദ്രജിത് സാവന്തുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ശിവജിയെയും സംഭാജിയെയും കുറിച്ച് കൊരാത്കർ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26നാണ് അദ്ദേഹത്തിനെതിരെ കോലാപ്പൂരിൽ കേസ് രജിസ്റ്റർ ചെയ്തത്.

1689ൽ സംഭാജിയെ മുഗളന്മാർ പിടികൂടിയതിനെക്കുറിച്ചും ഛാവ എന്ന സിനിമയെക്കുറിച്ചും ഇന്ദ്രജിത് സാവന്ത് നടത്തിയ പരാമർശങ്ങൾ ഇഷ്ടപ്പെടാതിരുന്ന കൊരാത്കർ സാവന്തിന്റെ വിമർശിച്ചെന്നും ശിവജിയെയും സംഭാജിയെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് കേസ്. ഗ്രൂപ്പുകൾക്കിടയിൽ വിദ്വേഷമോ ശത്രുതയോ വളർത്തുന്നു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പിന്നാലെ മാർച്ച് ഒന്നിന് കോടതി കൊരാത്കറിന് ഇടക്കാല സംരക്ഷണം നൽകുകയും 48 മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണും സിം കാർഡും നാഗ്പൂർ സൈബർ സെല്ലിന് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ നാഗ്പൂർ സിറ്റിയിലെ സൈബർ സെൽ ഡെപ്യൂട്ടി കമ്മീഷണർക്ക് ഫോൺ സമർപ്പിച്ചു, പിന്നീട് ഫോൺ കോലാപ്പൂരിലെ അന്വേഷണ ഉദ്യോഗസ്ഥന് അയച്ചു.

പക്ഷെ ഫോണിലെ എല്ലാ ഡാറ്റയും മായ്ച്ചുകളഞ്ഞതായി ഫോറൻസിക് വിദഗ്ധർ കണ്ടെത്തുകയായിരുന്നു. കൊരാത്കർ തെളിവുകൾ നശിപ്പിച്ചെന്നും കോടതി വിമർശിച്ചിരുന്നു.

Content Highlight: Remarks against Shivaji Maharaj: Journalist Koratkar gets 3-day police custody

Latest Stories

Video Stories