അലഹബാദ്: സുപ്രീംകോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലീമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരായ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. ഏപ്രില്‍ 24 വരെ കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് രാജീവ് ഗുപ്തയുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയത്തില്‍ 2019ലെ സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഉവൈസിക്കെതിരെ കേസെടുത്തത്. സുപ്രീംകോടതി പരമോന്നത കോടതിയാണെന്നും ആണെന്നും എന്നാല്‍ ഒരിക്കലും തെറ്റുപറ്റാത്ത ഒരു സംവിധാനമാണെന്ന് പറയാനാകില്ല എന്നുമായിരുന്നു ഉവൈസിയുടെ പരാമര്‍ശം.
കേസില്‍ ഒവൈസിയെ വിളിച്ചു വരുത്താനുള്ള സിദ്ധാര്‍ഥ് നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തില്‍ പരാതിക്കാരന് നോട്ടീസയച്ച കോടതി, കേസ് ഏപ്രില്‍ 24ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
രാകേഷ് പ്രതാപ് സിങ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉവൈസിക്കെതിരെ കേസെടുത്തത്. ഐ.പി.സി 153-A, 295-A, 298 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിദ്ധാര്‍ഥ് നഗറിലെ ഷൊഹ്‌രത്ഗര്‍ഗ് പൊലീസ് കേസെടുത്തത്.
Conent Highlights: Remarks against SC: HC Stays proceedings against Uwaisi