ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല പ്രക്ഷോഭകർക്കെതിരെ പരാമര്‍ശം നടത്തിയതില്‍ ക്ഷേത്ര പൂജാരിക്ക് സസ്പെന്‍ഷന്‍. ബ്രാംപ്ടണ്‍ ക്ഷേത്രത്തിലെ പൂജാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഹിന്ദു സഭാ മന്ദിറാണ് പൂജാരിയെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. രജീന്ദര്‍ പര്‍സാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കലാപത്തിന് ആഹ്വാനം ചെയ്യും വിധത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ചാണ് പൂജാരിയെ പുറത്താക്കിയത്. നവംബര്‍ ആറിനാണ് പൂജാരിക്കെതിരെ നടപടിയെടുത്തത്.
ബ്രാംപ്ടണിലെ ഹിന്ദുസഭ മന്ദിറിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖലിസ്ഥാന്‍ അനുകൂലികളും ഹിന്ദുക്കളായ ഇന്ത്യന്‍ വംശജരും ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടല്‍ ഉണ്ടാകും വിധം പൂജാരി സംസാരിച്ചെന്നാണ് ആരോപണം.
‘നമ്മള്‍ ആരെയും എതിര്‍ക്കില്ല, എതിര്‍ത്താല്‍ മരിക്കേണ്ടി വരും’ എന്ന് പൂജാരി ഭീഷണി ഉയര്‍ത്തിയെന്നാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ആരോപിക്കുന്നത്.
എന്നാൽ ഹിന്ദു വിഭാഗത്തിലുള്ളവരും സിഖ് വിഭാഗത്തിലുള്ളവരും ഐക്യത്തോടെ കഴിയുന്ന മേഖലയാണ് ഇവിടമെന്ന് ഏറ്റുമുട്ടലില്‍ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗൺ പറഞ്ഞു.
നേരത്തെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെ കാനഡയിലെ ഇന്ത്യന്‍ വംശജര്‍ തെരുവിലിറങ്ങിയിരുന്നു. ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തില്‍ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാനികള്‍ ആക്രമണം നടത്തിയത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ഭക്തര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ലക്ഷ്മി നാരായണ ക്ഷേത്രം. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിരുന്നു.
എന്നാല്‍ ആക്രമണത്തില്‍ പങ്കാളികളായ ഖലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ യാതൊരുവിധ പ്രതികരണങ്ങളും ട്രൂഡോ നടത്തിയിരുന്നില്ല.
അതേസമയം ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഹരീന്ദര്‍ സോഹിയെന്ന പൊലീസുകാരനെ കാനഡ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്ഷേത്രത്തിനുനേരെ നടന്ന പ്രതിഷേധത്തില്‍ ഹരീന്ദര്‍ സോഹിയും ഉള്‍പ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Content Highlight: Remarks against Khalistan plaintiffs; Temple priest suspended in Canada