കെ.കെ. ശൈലജക്കും മഞ്ജു വാര്യര്‍ക്കുമെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശം; മാപ്പു പറഞ്ഞ് ആര്‍.എം.പി നേതാവ്
Kerala News
കെ.കെ. ശൈലജക്കും മഞ്ജു വാര്യര്‍ക്കുമെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശം; മാപ്പു പറഞ്ഞ് ആര്‍.എം.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2024, 11:05 pm

വടകര: കെ.കെ. ഷൈലജക്കും മഞ്ജു വാര്യര്‍ക്കുമെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍. വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി ശ്രദ്ധയില്‍ പെട്ടെന്നും തെറ്റായ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും കെ.എസ്. ഹരിഹരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തക.രും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു’ കെ.എസ്. ഹരിഹരന്‍ പറഞ്ഞു.

ഇന്ന് വടകരയില്‍ യു.ഡി.എഫും ആര്‍.എം.പിയും സംയുക്തമായി സി.പി.ഐ.എമ്മിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ.എസ്. ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

‘ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് കേട്ടാല്‍ നമുക്ക് മനസിലാവും,’ എന്നാണ് കെ.എസ്. ഹരിഹരന്‍ പറഞ്ഞത്.

അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ വേദിയിലും സദസിലും ഇരിക്കുന്നവര്‍ ആര്‍ത്ത് ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കെ.എസ്. ഹരിഹരന്‍ മാപ്പുപറഞ്ഞിരിക്കുന്നത്.

content higlights: Sexual abuse against K.K. Shailaja and Manju Warrier: RMP leader apologizes