|

ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശം; ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്നും മാപ്പ് പറയില്ലെന്നും കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന്‌ സ്റ്റാന്‍ഡപ്പ് കൊമേഡിയനായ കുനാല്‍ കമ്ര. താന്‍ ജനക്കൂട്ടത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും അഭിപ്രായത്തിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കമ്രയോടേ് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ എടുക്കുന്ന ഏതൊരു നിയമപരമായ നടപടിക്കും പൊലീസുമായും കോടതിയുമായും സഹകരിക്കുമെന്ന പറഞ്ഞ  കമ്ര  എവിടേക്കും ഒളിച്ചോടില്ലെന്നും വ്യക്തമാക്കി.

‘എന്റെ നമ്പര്‍ ചോര്‍ത്തുന്നവരോ നിരന്തരം വിളിക്കുന്നവരോട് ഒരു കാര്യം പറയുകയാണ്. എല്ലാ അജ്ഞാത കോളുകളും എന്റെ വോയ്സ്മെയിലിലേക്കാണ് പോകുന്നത്. അവിടെ വെറുക്കുന്ന പാട്ട് കേള്‍ക്കേണ്ടിവരുമെന്ന് നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കും. രണ്ടാമത് ഈ സര്‍ക്കസ് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളോടാണ്. ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം 159-ാം സ്ഥാനത്താണ് എന്ന് ഓര്‍മ്മിക്കുക. ഞാന്‍ ക്ഷമ ചോദിക്കില്ല.

ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ച് അജിത് പവാര്‍ പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്. ഈ ജനക്കൂട്ടത്തെ ഞാന്‍ ഭയപ്പെടുന്നില്ല, ഇത് അവസാനിക്കുന്നതുവരെ ഞാന്‍ എന്റെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനുമില്ല,’ അദ്ദേഹം എക്സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തത്. തന്റെ ഒരു പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പരാമര്‍ശം നടത്തിയത്.

‘ആദ്യം ബി.ജെ.പിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍.സി.പിയില്‍ നിന്ന് എന്‍.സി.പിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി,’ കുനാല്‍ കമ്ര പറഞ്ഞു.

കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന എം.എല്‍.എ മുര്‍ജി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.

മാപ്പ് പറയാത്ത പക്ഷം കമ്രയെ മുംബൈയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും പട്ടേല്‍ ഭീഷണിപ്പെടുത്തി. പൊതുസ്ഥലത്ത് കണ്ടാല്‍ കമ്രയുടെ മുഖത്ത് കറുത്ത ചായം തേക്കുമെന്നും കമ്രക്കെതിരെ നടപടിയെടുക്കാന്‍ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.

ഇതിനിടെ കുനാല്‍ കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. മുംബൈയിലെ ഖാറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ഷിന്‍ഡെ അനുകൂലികള്‍ തകര്‍ത്തത്.

Content Highlight: Remarks against Eknath Shinde; Kunan Kamra says he is not afraid of the crowd and will not apologize

Latest Stories