വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍
Kerala
വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2013, 10:02 am

[]തൃശൂര്‍: വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍. ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ  ആളൂര്‍ സ്വദേശി ഭരതപിഷാരടിക്കാണ് മര്‍ദ്ദനമേറ്റത്. []

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തലയ്ക്ക് ശക്തമായ അടിയേറ്റതിനാലാണ് തലയ്ക്കകത്ത് രക്തസ്രാവമുണ്ടായതെന്നും ബോധം നഷ്ടപ്പെടാന്‍ കാരണമായതെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു.

അതേസമയം ഇയാള്‍ക്ക് മര്‍ദനമേറ്റ വിവരം ജയില്‍ അധികൃതര്‍ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്. സംഭവത്തെക്കുറിച്ച് വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭരതപിഷാരടി ജയിലിലെ സെല്ലില്‍ ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.

എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഭരതപ്പിഷാരടിയെ സഹതടവുകാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ വെളിപ്പെടുത്തിയത്.

കുപ്രസിദ്ധ കുറ്റവാളി കടവി രഞ്ജിത്തിന്റെ കൂട്ടാളി പാത്രം ഉപയോഗിച്ച് പിഷാരടിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പൊലീസിനോട് പറഞ്ഞത്.

1996 ല്‍അധ്യാപകനായിരുന്ന ഭരതപ്പിഷാരടി ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുങ്ങി നടന്ന ഇയാള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി പോലീസിന് പിടികൊടുക്കുകയായിരുന്നു.