ഒട്ടാവ: കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നതെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷം നീണ്ട പഠനത്തിനും അന്വേഷണത്തിനും ഒടുവിലായിരുന്നു ഈ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നത്.
1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ സജീവമായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ നടന്നിരുന്നത്.
റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് ഗോത്രവിഭാഗത്തിലെ കുട്ടികള്‍ ഇരയാക്കപ്പെട്ടിരുന്നതെന്ന് 2015ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശാരീരിക പീഡനം, ലൈംഗിക ഉപദ്രവം, ഗോത്രസംസ്‌കാരത്തിന്റെ ഭാഗമായ കാര്യങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ഉപേക്ഷിപ്പിക്കല്‍ തുടങ്ങി നിരവധി നടപടികളാണ് കുട്ടികള്‍ക്കെതിരെ സ്വീകരിച്ചിരുന്നത്.
150,000 കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ അക്കാലത്ത് പഠിച്ചിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 4100 കുട്ടികള്‍ ഈ സ്‌കൂളുകളില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ നേരത്തെ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
കംപൂല റസിഡന്‍ഷ്യല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ വിവരങ്ങള്‍ തങ്ങളുടെ കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്കിടിയില്‍ നിന്നും കണ്ടെത്തുമെന്നും പ്രാഥമിക റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കുമെന്നും ടെക്എംപസ് ട്വേ ഷ്വാംപെംക് നേഷന്‍ അറിയിച്ചു.
2018ല്‍ സ്‌കൂളുകളില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളില്‍ ഗോത്രവിഭാഗങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Remains Of 215 Children Found At Closed Indigenous School In Canada