ആര്‍.ബി.ഐയിലേക്ക്തിരിച്ചെത്താത്ത ആ 1% നോട്ടും തിരിച്ചുവന്നേക്കാം: 100% മോ അതിലേറെയോ തിരിച്ചെത്താമെന്ന് റിപ്പോര്‍ട്ട്
India
ആര്‍.ബി.ഐയിലേക്ക്തിരിച്ചെത്താത്ത ആ 1% നോട്ടും തിരിച്ചുവന്നേക്കാം: 100% മോ അതിലേറെയോ തിരിച്ചെത്താമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2017, 8:53 am

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിനുശേഷം തിരിച്ചെത്താത്തതെന്ന് ആര്‍.ബി.ഐ കഴിഞ്ഞദിവസം പറഞ്ഞ 1% അസാധുനോട്ടുകളും തിരിച്ചുവന്നേക്കാം. തിരിച്ചുവന്ന നോട്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്ക് പൂര്‍ണമല്ലെന്നാണ് റിപ്പോര്‍ട്ട്.

നോട്ടുനിരോധനത്തിനുശേഷം 99% പഴയ നോട്ടുകളും തിരിച്ചെത്തിയപ്പോള്‍ 16,000 കോടി രൂപ മൂല്യമുള്ള പഴയ നോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ആഗസ്റ്റ് 30ന് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

എന്നാല്‍ നേപ്പാളിലും ഭൂട്ടാനിലും വിനിമയം ചെയ്യുന്ന ഇന്ത്യന്‍ രൂപയുടെ കണക്കും ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കുകളിലും പോസ്റ്റ്ഓഫീസുകളിലും നിക്ഷേപിക്കപ്പെട്ട നോട്ടുകളുടെ കണക്കും ഇക്കൂട്ടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതുംകൂടി ചേര്‍ക്കുമ്പോള്‍ നിരോധിക്കപ്പെട്ട നോട്ടുകള്‍ മുഴുവനോ അതിലേറെയോ തിരിച്ചെത്തിയതായി കണ്ടേക്കാമെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ടു ചെയ്യുന്നത്.


Also Read: കെ.എം ഷാജി എം.എല്‍.എയുടെ വീട് ആക്രമിച്ചത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍: മൂന്നുപേര്‍ അറസ്റ്റില്‍


“100% നോട്ടുകളും തിരിച്ചെത്തുമെന്നാണ് തോന്നുന്നത്. തിരിച്ചെത്തിയ കറന്‍സി സംബന്ധിച്ച ആര്‍.ബി.ഐ കണക്കുകളില്‍ ഭൂട്ടാനിലും നേപ്പാളിലുമുള്ള കറന്‍സികളും നോട്ടുനിരോധനത്തിനുശേഷം തിരിച്ചുവന്നിട്ടില്ലാത്ത പ്രവാസികളുടെ പക്കലുള്ളതും ജില്ലാ കോപ്പറേറ്റീവ് ബാങ്കിലുള്ളതും ഉള്‍പ്പെട്ടിട്ടില്ല.” ഇ.വൈ ഇന്ത്യ ചീഫ് എക്‌ണോമിസ്റ്റ് ഡി.കെ ശ്രീവാസ്തവ പറഞ്ഞു.

ഭൂട്ടാന് സ്വന്തമായി കറന്‍സിയുണ്ടെങ്കിലും അത് വളരെ കുറച്ചുമാത്രമാണ് പ്രചാരത്തിലുള്ളത്. കൂടുതലായി ഇന്ത്യന്‍ രൂപയാണ് വിനിമയത്തിലുള്ളത്.