തിരുവനന്തപുരം: ബ്രാഹ്മണര്‍ ചെയ്യുന്ന പൂജകളാണ് നല്ലതെന്ന മുന്‍വിധി നിലനില്‍ക്കുന്നുണ്ടെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. അതുകൊണ്ടാവാം ബ്രാഹ്മണരല്ലാത്തവര്‍ നടത്തുന്ന പൂജകളില്‍ പങ്കെടുക്കാന്‍ ഭക്തര്‍ കുറയുന്നതെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താഴ്ന്ന വിഭാഗത്തില്‍പ്പെട്ട പൂജാരികളെ സ്വീകരിക്കാന്‍ ആളുകള്‍ക്ക് മടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണരല്ലാത്തവര്‍ നടത്തുന്ന പൂജകളിലേക്ക് ഭക്തരുടെ ഒഴുക്ക് കുറവാകുന്നതെന്ത് കൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ബ്രാഹ്മണര്‍ ചെയ്യുന്ന പൂജകളാണ് ഉത്തമമെന്ന മുന്‍വിധിയുള്ളത് കൊണ്ടാണത്. പിന്നോക്ക സമുദായത്തിലെ പൂജാരിമാരെ അംഗീകരിക്കാനും മടി കാണുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളുടെ ഭരണാധികാരം വഹിക്കുന്നത് ഉയര്‍ന്ന ജാതിക്കാരാണെന്നും ഈയിടെയാണ് സംവരണം വന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ വരുമാനം നോക്കി ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ ശ്രമിക്കുകയാണെന്ന മുന്‍ സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി.
‘സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് ഒരു പൈസ പോലും വാങ്ങുന്നില്ല. അതിന് പകരം അഞ്ച് വര്‍ഷങ്ങളായി ക്ഷേത്രങ്ങള്‍ക്ക് 458 കോടി രൂപ നല്‍കുന്നുണ്ട്. ശബരിമലയ്ക്ക് 30 കോടി രൂപയും നല്‍കുന്നു. ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ തുക നല്‍കാറുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശമ്പളം, പെന്‍ഷന്‍ വിതരണം, ക്ഷേത്ര ചെലവുകള്‍ എന്നിവയ്ക്കായി ഞങ്ങള്‍ പണം നല്‍കി. എന്നിട്ടും ഞങ്ങള്‍ കൊള്ളയടിക്കുകയാണെന്ന് പറയുകയാണ്,’ മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗോത്ര വിഭാഗങ്ങള്‍ക്കിയിലും ജാതി വിവേചനമുണ്ടെന്ന് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
‘ജാതി വിവേചനം ഗോത്ര വിഭാഗക്കാര്‍ക്കിടയിലുമുണ്ട്. അവര്‍ക്കിടയിലും ബ്രാഹ്മണന്‍മാരും ക്ഷത്രിയന്‍മാരും തുടങ്ങി പല വിഭാഗങ്ങളുണ്ട്. ഇന്ത്യയിലെ ജാതി വ്യവസ്ഥ നമ്മള്‍ കാണുന്നതിലും ആഴത്തിലുള്ളതാണ്. വളരെ ബുദ്ധിമാനായ ആളുകളാണ് ഇത് സൃഷ്ടിച്ചത്,’ രാധാകൃഷ്ണന്‍ പറഞ്ഞു.
CONTENT HIGHLIGHT: Reluctance to accept priests from backward classes; There is a preconceived notion that Brahmins are better off: Minister Radhakrishnan