| Monday, 15th November 2021, 10:48 am

ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയുടെ സ്ഥലം മാറ്റം; ബി.ജെ.പിയുടെ ശിക്ഷാ നടപടിയോ ?

അശ്വിന്‍ രാജ്

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായി എന്ന് അഭിപ്രായപ്പെട്ട, ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനുമിടയിലുള്ള പതിനാല് മാസം എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച ഒരു ചീഫ് ജസ്റ്റിസ്.

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പിനും റാലിക്കും അനുമതി കൊടുത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് പറഞ്ഞ, പോണ്ടിച്ചേരിയിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചരണ ആവശ്യങ്ങള്‍ക്കായി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് നിരീക്ഷിച്ച ഒരു ചീഫ് ജസ്റ്റിസ്.

2021ലെ ഐ.ടി. ചട്ടങ്ങളില്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വിഭാവനം ചെയ്തിട്ടുള്ള മേല്‍നോട്ട സംവിധാനം ‘മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നേക്കും’ എന്നും അതുവഴി ജനാധിപത്യത്തിന് ഭീഷണിയുണ്ടാകുമെന്നും നിരീക്ഷിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഒരു ചീഫ് ജസ്റ്റിസ്.

അത്തരമൊരാളെ വെറും പത്ത് മാസ കാലയളവിനുള്ളില്‍ പ്രതിവര്‍ഷം 35000 ത്തോളം കേസുകള്‍ പരിഗണിക്കുന്ന, 75 ജഡ്ജിമാരുള്ള ഒരു ഹൈക്കോടതിയില്‍ നിന്ന് നിലവില്‍ രണ്ട് ജഡ്ജിമാര്‍ മാത്രമുള്ള 70 മുതല്‍ 78 കേസുകള്‍ മാത്രം ഒരു വര്‍ഷം എത്താറുള്ള മറ്റൊരു ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതില്‍ ഒരു അസ്വാഭാവികതയുണ്ടോ?

ഉണ്ടെന്നാണ് തമിഴ്നാട് ഹൈക്കോടതിയിലെ അഭിഭാഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സഞ്ജീബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

നടപടിയില്‍ സംശയം പ്രകടിപ്പിച്ച് 230 ല്‍ അധികം അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍ക്കും കത്തയക്കുകയും ചെയ്തിട്ടുണ്ട്. 2019ല്‍ ജസ്റ്റിസ് താഹില്‍ രമണിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് സമാനമാണിത്.

എന്തുകൊണ്ടാണ് ഒരു ചീഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റം ഇത്രയും ചര്‍ച്ചയാവുന്നത്, ആരാണ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, സുപ്രീം കോടതി കൊളീജിയത്തിന് അഭിഭാഷകര്‍ അയച്ച കത്തില്‍ എന്താണ് പറയുന്നത്, 2019ലെ ജസ്റ്റിസ് തഹില്‍ രമണിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം എന്തായിരുന്നു? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

1983 ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും 1986-87 ല്‍ അതേ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബിയും പൂര്‍ത്തിയാക്കിയ സഞ്ജീബ് ബാനര്‍ജി 1990 നവംബറിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്.

ജസ്റ്റിസ് താഹില്‍ രമണി

ബോംബെ, കര്‍ണാടക, ഒഡീഷ, പട്ന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെയുള്ള ഹൈക്കോടതികളില്‍ അദ്ദേഹം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 2006 ജൂണ്‍ 22-നാണ് ജസ്റ്റിസ് ബാനര്‍ജി സ്ഥിരം ജഡ്ജിയാവുന്നത്.

2020 ഡിസംബര്‍ 31 നാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയെ തമിഴ്‌നാട് ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. തുടര്‍ന്ന് 2021 ജനുവരി മൂന്നിന് അദ്ദേഹം സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേല്‍ക്കുകയും ചെയ്തു.

ചുമതലയേറ്റ് എട്ട് മാസം മാത്രം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ സെപ്തംബര്‍ 16 ന് ജസ്റ്റിസ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം തീരുമാനമെടുത്തത്.

ഒന്നരമാസം മുമ്പെടുത്ത തീരുമാനം രണ്ട് ദിവസം മുമ്പാണ് പരസ്യപ്പെടുത്തിയത്. ഇതോടെയാണ് അഭിഭാഷകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ സുപ്രധാനമായ നിരവധി വിധികളും നിരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിന് എതിരായ നിരവധി വിധികളാണ് ഈ കാലയളവില്‍ സഞ്ജീബ് ബാനര്‍ജി പുറപ്പെടുവിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബാനര്‍ജിക്കെതിരായ ‘ശിക്ഷാവിധി’ ആണോ ഇതെന്ന് വ്യാപകമായ സംശയമുയരുന്നത്. കൊളീജിയം പ്രമേയം പ്രസിദ്ധീകരിക്കാന്‍ വൈകിയതും ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

സഞ്ജീബ് ബാനര്‍ജിയുടെ സ്ഥലം മാറ്റത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഇരുന്നൂറോളം അഭിഭാഷകരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള കൊളീജിയം അംഗങ്ങള്‍ക്ക് കത്ത് എഴുതിയത്.

കൊളീജിയം എടുത്ത തീരുമാനം പുനപരിശോധിക്കണമെന്നാണ് അഭിഭാഷകരുടെ കത്തിലെ പ്രധാന ആവശ്യം. മതിയായ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് കൊളീജിയം നടപടി. ഭയമോ, പക്ഷഭേദമോ ഇല്ലാതെ പ്രവര്‍ത്തിച്ചതിന് ജസ്റ്റിസ് ബാനര്‍ജിക്ക് നല്‍കിയ ശിക്ഷയാണ് സ്ഥലം മാറ്റമെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റത്തില്‍ ഇത്രയും ആരോപണം ഉന്നയിക്കാനുള്ള കാരണം എന്താണെന്ന സ്വാഭാവികമായ സംശയം എല്ലാവര്‍ക്കുമുണ്ടാകും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായതിന് ശേഷം അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളും വിധികളുമാണ് ഈ സംശയം ഉയര്‍ത്താനുള്ള പ്രധാന കരണങ്ങള്‍.

ജസ്റ്റിസ് സഞ്ജീവ് ബാനര്‍ജി നടത്തിയ സുപ്രധാന വിധികളും നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും

കൊവിഡ് ഭീഷണി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് റാലികള്‍ നടത്താന്‍ അനുവദിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

”കൊവിഡിന്റെ രണ്ടാം തരംഗത്തിന് കമ്മീഷന്‍ മാത്രമാണ് ഉത്തരവാദികളെന്നും കൊലപാതകക്കുറ്റം ചുമത്തണമെന്നും അദ്ദേഹം കോടതിയില്‍ പരാമര്‍ശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫെയ്‌സ് മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ സംബന്ധിച്ച് കോവിഡ് -19 മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചത്.

പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച്, ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍സുപ്രീം കോടതി ഇത്തരമൊരു ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

കൊവിഡിന്റെ രണ്ടാം വ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്നും ഒന്നാം തരംഗത്തിന് ശേഷം രണ്ടാം തരംഗം സംഭവിക്കുന്നത് വരെ 14 മാസത്തോളം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ബാനര്‍ജി ചോദിച്ചിരുന്നു.

ഇതിനെല്ലാം പുറമെ രാജ്യത്ത് ഉണ്ടായ ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ വിതരണത്തിലെ അപാകതകളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി കേന്ദ്രസര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായത്.

കേന്ദ്രസര്‍ക്കാരിനെതിരായ സഞ്ജീബ് ബാനര്‍ജിയുടെ വിമര്‍ശനങ്ങള്‍ ഇവിടെയും തീരുന്നില്ല.
2021ലെ ഐ.ടി. നിയമങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള നീക്കമാണെന്ന പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ജസ്റ്റിസ് ബാനര്‍ജി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിക്കാനും അദ്ദേഹം വിസമ്മതിച്ചു.

ഇതിന് പുറമെ നീറ്റ് പ്രവേശനത്തില്‍ ഒ.ബി.സി സംവരണം ഉള്‍പ്പെടുത്തണമെന്നും ഇതിനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും 2021 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഒ.ബി.സി സംവരണം നടപ്പാക്കുന്നത് മാറ്റിവെയ്ക്കാനുള്ള കേന്ദ്രത്തിന്റെ പ്രകടമായ ശ്രമങ്ങള്‍ 2020 ജൂലൈ 27 ലെ കോടതിയുടെ മുന്‍ ഉത്തരവിന്റെ നികൃഷ്ടമായ ലംഘനമാണെന്നും അത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

ഇതിനെല്ലാം പിന്നാലെ പോണ്ടിച്ചേരി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ദുരപയോഗപ്പെടുത്തിയെന്ന ഹരജിയും അദ്ദേഹം ശരിവെച്ചിരുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍/വോയ്‌സ് സന്ദേശങ്ങള്‍ അയച്ചത് ബി.ജെ.പിയാണെന്നും, ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇതിനൊക്കെ പുറമെ മതവിശ്വാസത്തിനുള്ള അവകാശത്തെക്കാള്‍ പ്രാധാന്യം ജീവിക്കാനുള്ള അവകാശത്തിനാണെന്നും, തോട്ടിപ്പണി നിരോധിക്കണമെന്നും തുടങ്ങിയ നിരവധി വിധികള്‍ അദ്ദേഹം പുറപ്പെടവിച്ചിരുന്നു.

അതേസമയം തമിഴ്നാട് ഹൈക്കോടതിയില്‍ നിന്നുള്ള ചീഫ് ജസ്റ്റിസുമാരുടെ സ്ഥലം മാറ്റം വിവാദമാകുന്നത് ഇതാദ്യമായല്ല. 2019 ലും തമിഴ്‌നാട് ഹൈക്കോടതിയില്‍ നിന്ന് സമാനമായ രീതിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

അന്ന് ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍ രമണിയെയായിരുന്നു മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളായിരുന്നു അവര്‍.

അത്തരമൊരാളെയാണ് അന്ന് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അയച്ചത്. ഇത് അസ്വാഭാവിക നടപടിയായിട്ടാണ് താഹില്‍ രമണി വിലയിരുത്തിയത്.

താഹില്‍ രമണിയുടെ സ്ഥലംമാറ്റം അസ്വാഭാവികമാണെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ ഒരുദിവസം കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു

മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന താഹില്‍ രമണിയുടെ അപേക്ഷ സുപ്രീം കോടതി കൊളീജിയം നിരസിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സ്ഥാനം താഹില്‍ രമണി രാജി വെച്ചു.

ഇതിന് തൊട്ടുപിന്നാലെ ഐ.ബി. താഹില്‍ രമണിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും പിന്നീട് സി.ബി.ഐ ഈ കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Relocation of Madras High court Justice Sanjeeb Banerjee; The BJP’s punitive action? Explainer

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more