കൊച്ചി: ചില വാക്കുകളെ പ്രൊജക്ട് ചെയ്ത് ഹലാല്‍ എന്നോ, ലവ് ജിഹാദ് എന്നോ അര്‍ത്ഥമറിയാതെ ഉപയോഗിച്ച് ചിലര്‍ അമ്മാനമാടിയെന്ന് കഴഞ്ഞ ദിവസം അന്തരിച്ച മലങ്കര യാക്കോബായ സുറിയാനി സഭ മുന്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തിരുമേനിയുടെ അവസാന വാക്കുകള്‍.
കഴഞ്ഞ ജൂണ്‍ 11ന് എറണാകുളത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച മതസൗഹൃദ യാത്രയിലെ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് സക്കറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
സ്‌കൂളുകളില്‍ എല്ലാ മതങ്ങളുടേയും പോസിറ്റീവ് സൈഡ് പഠിപ്പിക്കണമെന്നും ഭീതിയും ഭയവും വിവിധ മതസ്ഥര്‍ക്കിടയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീതി, ഭയം, എന്നിവ വിവിധ മതങ്ങള്‍ക്കിടയില്‍ ഭയങ്കരമായിട്ടുണ്ട്. ചില വാക്കുകള്‍ ഒരുപക്ഷെ ഞെട്ടിപ്പിക്കുന്ന അവസ്ഥയിലേക്ക് സമൂഹിക മാധ്യമങ്ങളിലൂടെ എത്തി. സോഷ്യല്‍ മീഡിയ അപകടത്തിന്റെ ഘടകങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. കാരണം ചില വാക്കുകളെ പ്രൊജക്ട് ചെയ്ത് ഹലാല്‍ എന്നോ, ലവ് ജിഹാദ് എന്നോ, പറയുമ്പോള്‍ ആര്‍ക്കും പിണക്കങ്ങള്‍ തോന്നും. ഇങ്ങനെയുള്ള വാക്കുകളൊക്കെ എടുത്ത് അമ്മാനമാടി എന്താണ് അതിന്റെ അര്‍ത്ഥങ്ങള്‍ എന്നുപോലും അറിയാതെ. ഇത് അകല്‍ച്ചകള്‍ വര്‍ധിപ്പിക്കുന്ന നിലയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മളോരോരുത്തരും അലോഹ എന്നും അള്ളാ എന്നും ഇശ്വരന്‍ എന്നും ദൈവമെന്നും വ്യത്യസ്ത നാമധേയങ്ങളില്‍ ഭഗവാനെ വിളിക്കും. എന്നാല്‍ ഈ ആശയം പലപ്പോഴും നമ്മുടെ പുതുതലമുറക്ക് കൈമാറാന്‍ നമ്മള്‍ പരാജയപ്പെട്ടു.
വളരെ അനിവാര്യമായ ഘടകമാണ് വിദ്യാഭ്യാസ മേഖലയിലുണ്ടാവേണ്ട ഒരു വ്യതിയാനം. എല്ലാ മതങ്ങളുടെയും പോസിറ്റീവ് സൈഡ് പഠിപ്പിക്കാന്‍ സ്‌കൂളിങില്‍ ഉണ്ടാവേണ്ടതുണ്ട്. ഇന്ന് നമ്മള്‍ ചെയ്യുന്നത് എന്താണ്, നമ്മുടെ മതങ്ങളുടെ മാത്രം പോസിറ്റീവ് സൈഡാണ് പഠിപ്പിക്കുന്നത്.