ഛോട്ടാം മുംബൈ സിനിമയിലെ സാന്താക്ലോസിനെ കത്തിക്കുന്ന സീനിന്റെ പേരില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നതായി തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം. ആ സീന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്നും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുന്നതിന് കാരണമാകുമെന്നും സെന്‍സര്‍ബോര്‍ഡ് പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഛോട്ടാ മുംബൈ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയാക്കിയ ശേഷം ആ സിനിമ പുറത്തിറങ്ങുമോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. സിനിമ സെന്‍സര്‍ ചെയ്യാന്‍ പറ്റില്ല എന്ന രീതിയില്‍ സെന്‍സര്‍ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് അന്ന് സംസാരമുണ്ടായി.
സിനിമയുടെ ക്ലൈമാക്‌സ് സീനില്‍ സാന്താക്ലോസിനെ കത്തിക്കുന്ന സീന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. ക്ലൈമാക്‌സിലെ കത്തിക്കുന്ന രംഗം മാറ്റണമെന്നും പറഞ്ഞു.
ഇത് കേട്ട മണിയന്‍പിള്ള രാജു ആകെ ഷോക്കായി. കാരണം അതായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്. അതുമാറ്റിയിട്ട് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. വലിയ സജ്ജീകരണങ്ങള്‍ ഒരുക്കി പൂര്‍ത്തിയാക്കിയ രംഗമായിരുന്നു അത്. ആ രംഗം പ്രശ്‌നമാണെന്ന് കേട്ടപ്പോള്‍ മണിയന്‍പിള്ള രാജു അതിന് വേണ്ടി വാദിച്ചു. എല്ലാ വര്‍ഷവും ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്നതാണെന്നും അതില്‍ ഒരു തരത്തിലുള്ള മതനിഷേധമോ മറ്റെന്തെങ്കിലും ഇല്ല എന്നും അദ്ദേഹം വാദിച്ചു.
മണിയന്‍പിള്ള രാജു ഇക്കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ കൊച്ചിയിലുള്ള ആളുകളെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ഇത്തരത്തിലൊരു പരിപാടി അവിടെ നടക്കാറുണ്ടെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും അതിലില്ല എന്നും സെന്‍സര്‍ബോര്‍ഡ് മനസ്സിലാക്കുകയും സിനിമക്ക് സര്‍ട്ടിഫിക്കറ്റ് തരികയും ചെയ്തു. അത്തരമൊരു പ്രതിസന്ധി കൂടെ മറികടന്നതിന് ശേഷമാണ് ആ സിനിമ റിലീസായത്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
CONTENT HIGHLIGHTS: Religious sentiments will be hurt, Chota Mumbai can’t be given censor certificate: Benny P. Nayarambalam