കണ്ണൂര്‍: ചാനലുകളിലെ ആക്ഷേപ ഹാസ്യ പരിപാടികള്‍ രാഷ്ട്രീയക്കാര്‍ ആസ്വദിക്കുമ്പോള്‍ ജാതിമത ശക്തികളാണ് എതിര്‍പ്പുന്നയിക്കുന്നതെന്ന് അവതാരകന്‍ ജോര്‍ജ്ജ് പുളിക്കന്‍. പണ്ടു പറഞ്ഞതല്ലല്ലോ ഇപ്പോള്‍ പറയുന്നതെന്നു ഓര്‍മപ്പെടുത്തുകയാണ് പരിപാടിയിലൂടെ ചെയ്യുന്നതെന്നും ജോര്‍ജ്ജ് പുളിക്കന്‍ പറഞ്ഞു. കൈരളി ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതിരഹിത പത്രപ്രവര്‍ത്തനം മതി എന്നു പറയുന്ന സമൂഹമാണ് ഇന്നുള്ളത്. ഷോ പൊലിപ്പിക്കുന്നതിനാണ് സിനിമയെ ഇതിലുപയോഗിക്കുന്നത്. ആക്ഷേപിക്കാനല്ല, വിമര്‍ശിക്കാനാണ് പരിപാടി നടത്തുന്നത്. രണ്ടു പ്രോഗ്രാം ചെയ്യാനുള്ള വിഷ്വല്‍സ് ഇന്നു കിട്ടുന്നുണ്ട്. അതേസമയം ഭാവിയില്‍ ഇത്തരം പരിപാടികളില്‍ നിയന്ത്രണങ്ങള്‍ വന്നെന്നു വരാം. ഇന്ന് ഞങ്ങള്‍ ആലോചിക്കുന്നതിനെക്കാള്‍ വലിയ തമാശയുള്ള ട്രോളുകളാണ് വരുന്നത്. കുട്ടികള്‍ അരമണിക്കൂര്‍ വാര്‍ത്തകള്‍ കാണുന്നതു കുറഞ്ഞുവെന്നും പുളിക്കന്‍ പറഞ്ഞു.
ശത്രുവിനെ സ്നേഹിക്കുകയും തല്ലിയവന് മറുകരണം കാട്ടിക്കൊടുക്കുകയും ചെയ്യണമെന്നു പറയുന്നവര്‍ തമ്മിലെ തല്ലു കണ്ടാണ് താന്‍ താത്വിക അവലോകനം തുടങ്ങിയതെന്നും ജോര്‍ജ്ജ് പുളിക്കന്‍ പറഞ്ഞു.
മതസാമുദായിക ശക്തികള്‍ മുഖ്യധാരയില്‍ ഇടപെടുമ്പോള്‍ ഞങ്ങള്‍ തിരിച്ചും ഇടപെടുകയാണെന്ന്മനോരമ ന്യൂസിലെ “തിരുവാ എതിര്‍വാ” അവതാരകന്‍ ടി.കെ സനീഷ് പറഞ്ഞു. പൊട്ടാന്‍ വെമ്പുന്ന വികാരങ്ങളുമായി നടക്കുന്ന അനുയായികളാണ് പ്രശ്നമുണ്ടാക്കുന്നത്. കടുത്ത തെറിയാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ വിമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെയാണെന്നും സനീഷ് പറഞ്ഞു. രാഷ്ട്രീയക്കാര്‍ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നു. രമേശ് ചെന്നിത്തല ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയപ്പോള്‍ വടക്കുനോക്കി യന്ത്രത്തിലെ സീനുകള്‍ വച്ച് അതിനെ ചിത്രീകരിച്ചത് അദ്ദേഹത്തിന് ഇഷ്ടമാവുകയായിരുന്നു. കൈയടിക്കാനും അംഗീകരിക്കാനും മലയാളിക്കു മടിയാണെന്നും സനീഷ് പറഞ്ഞു.
വിമര്‍ശിക്കാന്‍ കൂടുതല്‍ അവസരം തരുന്നത് രാഷ്ട്രീയ നേതാക്കളാണെന്ന് കൈരളി ടി.വി അവതാരകന്‍ സുരരാജ് പറഞ്ഞു. പരിഹസിക്കപ്പെട്ടാലും എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. ട്രോളുകള്‍ ചിലപ്പോഴൊക്കെ ജോലിയില്‍ വലിയ ഉപകാരമാവാറുണ്ടെന്നും സുരരാജ് പറഞ്ഞു.