സ്വവര്‍ഗരതി; എതിര്‍ക്കുന്നവരില്‍ മത സംഘടനകളും പുരോഗമന മുഖമുള്ളവരും
section 377
സ്വവര്‍ഗരതി; എതിര്‍ക്കുന്നവരില്‍ മത സംഘടനകളും പുരോഗമന മുഖമുള്ളവരും
അലി ഹൈദര്‍
Sunday, 9th September 2018, 10:39 am

ഇന്ത്യന്‍ ഭരണഘടന സമത്വം ഉറപ്പ് നല്‍കുമ്പോഴും സ്വകാര്യത മൗലീകവകാശമാണെന്ന് കോടതികള്‍ അവര്‍ത്തിച്ച് ആണയിടുമ്പോഴും നമ്മളില്‍ ചിലര്‍ക്കെങ്കിലും ഇന്നലവരെ സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടായിരുന്നില്ല. എന്നാല്‍ സ്ഥിതിഗതികള്‍ മാറുകയാണ്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്രവിധ വന്നതോടെ ഇന്ത്യ മഴവില്‍ അണിഞ്ഞിരിക്കുകയാണ്.

എന്നിരുന്നാലും ഈ ചരിത്രവിധിക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്ന ചെറുതല്ലാത്തൊരു വിഭാഗം മറുവശത്തുണ്ട്. സുന്നി വിഭാഗത്തിലെ പ്രബല വിഭാഗമായ ഇ.കെ സുന്നിയും എ.പി സുന്നിയും ജമാഅത്ത് ഇസ് ലാമിയും തുടങ്ങി ആര്‍.എസ്.എസും കമ്മ്യൂണിസ്റ്റ് സംഘടനയായ എസ്.യു.സി.ഐയും വരെ വിധിയെ നഖശിഖാന്തമെതിര്‍ത്തു രംഗത്തുവന്നു.

സംസ്‌കൃതിയുടെയും മതത്തേയുമൊക്കെ കൂട്ടുപിടിച്ച് കൊണ്ടാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതിയെ ഇവര്‍ എതിര്‍ക്കുന്നത്.

സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കാനാകില്ലെന്ന് ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്ന് ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖായ അരുണ്‍ കുമാര്‍ പറയുന്നു. സുപ്രീംകോടതി വിധിയില്‍ പറയുന്നതുപോലെ സ്വവര്‍ഗ ലൈംഗികത കുറ്റമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍ അത് സ്വാഭാവികമല്ലാത്തതിനാല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമത്തിലെ വ്യവസ്ഥകള്‍ തെറ്റാണെന്നും അത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ചൂണ്ടിക്കാണിച്ച് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് സംഘടനയായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയത്.

സ്വവര്‍ഗ്ഗ ലൈംഗികത ഒരു മാനസിക പ്രശ്നമാണെന്നും അതിന് ഒരിക്കലും സാമൂഹിക അംഗീകാരം നല്‍കരുതെന്നുമാണ് ഇവര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

സ്ത്രീകള്‍, കുട്ടികള്‍, മത-സാമൂഹിക ന്യൂനപക്ഷങ്ങള്‍ എന്നിവയുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

 

വൃത്തികെട്ട പാശ്ചാത്യന്‍ സംസ്‌കാരത്തിന് അടിമപ്പെട്ടവരല്ലാതെ സംസ്‌കാര ബോധമുള്ള ഒരു സമൂഹവും ഈ വിധിയെ സ്വാഗതം ചെയ്യില്ലെന്നായിരുന്നു എ.പി വിഭാഗത്തിന്റെ പത്രമായ സിറാജ് എഡിറ്റോറിയലിലൂടെ പറഞ്ഞത്. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രചോദനവും ഉത്സാഹവും നല്‍കുന്ന വിധിയാണ് കോടതിയുടേത്. രാജ്യം പുലര്‍ത്തിപ്പോന്ന സദാചാരത്തിനും സംസ്‌കാരത്തിനും ഭാരതീയ ദാര്‍ശനികതക്കും മതങ്ങളുടെ കാഴ്ചപ്പാടിനും വിരുദ്ധമാണിതെന്നും സിറാജ് പറയുന്നു.


Read  Also : ഞാനിനി ഒരു കുറ്റവാളിയല്ല, അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ്; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍


 

സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്ന “കണ്ടെത്തലും” സിറാജ് മുന്നോട്ടുവെക്കുന്നു. “സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്നാണ് ഇതേക്കുറിച്ച് വിപുലമായ പഠനം നടത്തിയ ഒട്ടേറെ ലൈംഗിക ശാസ്ത്രജ്ഞരുടെ പക്ഷം. ഇത്തരം മനോവൈകല്യങ്ങളെ ചികിത്സിച്ചു ഭേദമാക്കുകയല്ലാതെ നിയമത്തിന്റെ പരിരക്ഷ നല്‍കി സമൂഹത്തില്‍ പടരാന്‍ അവസരം നല്‍കുകയല്ല ഭരണ നേതൃത്വവും നീതിന്യായ വ്യവസ്ഥയും ചെയ്യേണ്ടത്.” എന്നാണ് സിറാജ് അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ മുസ്‌ലീങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും പ്രാതിനിധ്യം അവകാശപ്പെടുന്ന ഇ കെ സുന്നി വിഭാഗത്തിന്റെ “സുപ്രഭാതം” പത്രത്തില്‍ സമസ്ത സെക്രട്ടറി ആലികുട്ടി മുസ്‌ലിയാര്‍ എഴുതിയ ലേഖനത്തിലും സമാന അഭിപ്രായമാണ് പങ്കുവെക്കുന്നത്.

സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമമെന്നും ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസിലാക്കാമെന്നും ഈ വിധി ഇന്ത്യയില്‍ നാളിതു വരെ നിലനിന്നിരുന്ന സംസ്‌കൃതിയെയാണ് ചോദ്യം ചെയ്യുന്നതെന്നും ആലികുട്ടി മുസ്‌ലിയാര്‍ വിശദീകരിക്കുന്നു. എക്കാലത്തും ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിച്ച മനുസ്മൃതിയെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ലേഖനത്തില്‍ വിശദീകരിക്കുന്നത്.

Image result for ALIKUTTY MUSLIYAR

“സ്വവര്‍ഗപ്രേമികളെ ഇന്ത്യന്‍ പാരമ്പര്യം അംഗീകരിക്കുന്നില്ല. ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തില്‍ ആരും സ്വവര്‍ഗപ്രണയത്തെ അംഗീകരിച്ചിരുന്നില്ല. കന്യകയുമായി സ്വവര്‍ഗരതിയിലേര്‍പ്പെട്ടത് കന്യകയാണെങ്കില്‍ ഇരുനൂറ് പണം പിഴയായി വാങ്ങുകയും പത്ത് ചാട്ടവാറടി നല്‍കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന മനുസ്മൃതി ഇത് ചെയ്തത് വിവാഹിതയാണെങ്കില്‍ അവരുടെ രണ്ടുവിരലുകള്‍ ഛേദിക്കണമെന്നും തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി രാജവീഥിയിലൂടെ നടത്തണമെന്നും കൂടി കല്‍പ്പിക്കുന്നുണ്ട്”. അദ്ദേഹം അഭിപ്രായപ്പെടുന്നു.

“ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതം ഇണകളായിത്തീര്‍ന്നവര്‍ തമ്മിലുള്ള ബന്ധമാണെന്ന മതത്തിന്റെ വീക്ഷണമാണ് മാനവികവും ശാസ്ത്രീയവും. മറിച്ചുള്ളതെല്ലാം പ്രകൃതിവിരുദ്ധവും ദൈവികവിരുദ്ധവും ആണ്”. ആലിക്കുട്ടി മുസ്ലിയാര്‍ പറയുന്നു.

സമൂഹത്തില്‍ പുരോഗമന മുഖമുണ്ടെന്ന് നടിക്കുന്ന ജമാഅത്ത് ഇസ്‌ലാമിക്കും ഇക്കാര്യത്തില്‍ മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. ലൈംഗിക ആരാജക്വത്തിലേക്ക് നയിക്കുമെന്നും കുടുംബസംവിധാനത്തെ തകര്‍ക്കുമെന്നും പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി വിധിയ്ക്കെതിരെ രംഗത്തുവന്നത്.


Read Also : 377ാം വകുപ്പിനെതിരായ പോരാട്ടത്തില്‍ സഹായിച്ചവരും വിലങ്ങുതടിയായി നിന്നവരും


മത ശാസനകളേയും നമ്മുടെ സംസ്‌കാരത്തേയും ജനഭൂരിപക്ഷത്തിന്റെ നിലപാടുകളേയും തള്ളിക്കളയുന്ന ഈ ലജ്ജാകരമായ ലൈംഗിക വൈകൃതത്തെ, മൂല്യച്യുതിയെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ജനാധിപത്യമായ എല്ലാവഴിയും സ്വീകരിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും” എന്നും ജെ.ഐ.എച്ച് സെക്രട്ടറി ജനറല്‍ മുഹമ്മദ് സാലിം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Image result for സ്വവര്‍ഗരതി

ഇന്ത്യയില്‍ 1 % പോലും സ്വവര്‍ഗരതിക്കാരല്ലെന്ന് പറയുന്നവര്‍ തന്നെയാണ് ഈ ഒരു ശതമാനത്തില്‍ താഴെ വരുന്നവരെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ അവരുടെ പാട്ടിന് ജീവിക്കാന്‍ വിട്ടാല്‍ കുടുംബം എന്ന സംവിധാനം തന്നെ തകര്‍ന്നടിയുമെന്ന് ബേജാറാവുന്നത് എന്നായിരുന്നു മുസ്‌ലിം സംഘടനകളുടെ സ്വര്‍ഗരതിക്കെതിരെയുള്ള നിലപാടിനെ കുറിച്ച് നിരീക്ഷകന്‍ നസറുദ്ധീന്‍ ചേന്ദമംഗലൂര്‍ പറഞ്ഞത്.

“സ്വവര്‍ഗരതി നിഷിദ്ധമാണെന്ന് കരുതുന്നവരും ആധുനിക ശാസ്ത്രത്തിന്റെയും പുതിയ സാമൂഹിക ചുറ്റുപാടുകളുടേയും പശ്ചാത്തലത്തില്‍ ഒരാളുടെ ജന്മനാ ഉള്ള ലൈംഗിക സ്വഭാവത്തെ വിലക്കുന്നത് ഇസ്‌ലാമികമല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. വളരെ മികച്ച പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും നടക്കുന്നുമുണ്ട്. പക്ഷേ ഇവിടെ പ്രശ്‌നം അതല്ല. ചുംബന സമരമായാലും സ്വവര്‍ഗ ലൈംഗികതയായാലും തങ്ങളുടെ ധാര്‍മിക സങ്കല്‍പത്തിന് വിരുദ്ധമായത് ക്രിമിനല്‍ കുറ്റവും മറ്റുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടവുമാവുന്നതിന്റെ യുക്തി എന്താണ് ? തങ്ങളുടെ വിശ്വാസ സങ്കല്‍പങ്ങള്‍ക്കും “സംസ്‌കാര” ത്തിനും എതിരായത് കൊണ്ട് പശുവിനെ കൊല്ലുന്നവരും തിന്നുന്നവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന സംഘ് പരിവാര്‍ നിലപാടില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഇതിനുള്ളത്”? നസറുദ്ധീന്‍ ചോദിക്കുന്നു.

ഇവിടെ മുസ്‌ലിം സംഘടനകളുടെ നിലപാട് ഈ ആശയ തലത്തില്‍ നില്‍ക്കുന്നതേ അല്ല. അവരുടെ നിലപാടുകള്‍ കൃത്യമായി ജമാഅത്ത്, ഇ കെ / എ പി സുന്നി വിഭാഗങ്ങള്‍ ഒദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ വളരെ വ്യക്തമായും കൃത്യമായും പറയുന്നത് സ്വവര്‍ഗരതിക്കാരെ “ക്രിമിനലുകള്‍” ആയി കണ്ട് “ജയിലിലടക്കുന്ന” 377 വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കോടതി വിധി തെറ്റാണെന്ന്. അതായത് തുടര്‍ന്നും ഇവരെ ക്രിമിനലുകളായി കണ്ട് വേട്ടയാടി ജയിലിലടക്കണം എന്ന് തന്നെയാണ് ഇവര്‍ പറയുന്നത്. അത് ബീഫ് നിരോധനത്തിനായി നിയമ നിര്‍മാണം വേണമെന്നും ലംഘിക്കുന്നവരെ സ്റ്റേറ്റ് ശിക്ഷിക്കണമെന്നും പറയുന്ന സംഘി നിലപാടിന് സമാനമാണ് ; കറ കളഞ്ഞ ഫാഷിസമാണ്. തങ്ങളുടെ വിശ്വാസത്തിന് എതിരായി നില്‍ക്കുന്നവരെ വിമര്‍ശിക്കുന്നത് തീര്‍ത്തും ജനാധിപത്യപരമാണ്, പക്ഷേ അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണെന്നും ജയിലിലടക്കണമെന്നും കരുതുന്നത് ഫാഷിസ്റ്റ് മനോഭാവം മാത്രമാണ്. നസറദ്ധീന്‍ പറയുന്നു.

മുസ്‌ലിം സംഘടനയുടെ നിലപാടില്‍ മാധ്യമപ്രവര്‍ത്തക ശാഹിന നഫീസ പറയുന്നത്. “ഇപ്പോള്‍ സുപ്രീം കോടതി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ ഈ സംരക്ഷണം ഉണ്ടല്ലോ ,അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ കാലങ്ങളായി നിങ്ങള്‍ അനുഭവിച്ചു പോരുന്നതാണ്. ആര്‍ട്ടിക്കിള്‍ 30 അടക്കം.(ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം).

നിങ്ങള്‍ അനുശാസിക്കുന്ന മൊറാലിറ്റിയല്ല, അതിനും മേലെയാണ് കോണ്‍സ്റ്റിറ്റുഷനല്‍ മൊറാലിറ്റി എന്നാണ് സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞത്. ബീഫ് തിന്നുന്നത് കൊണ്ട് പശുസംരക്ഷണക്കാരാല്‍ തല്ലിക്കൊല്ലപ്പെടാതിരിക്കാന്‍ നിങ്ങള്‍ക്കുള്ള അതേ അവകാശമാണ്, സ്വന്തം ലൈംഗികസ്വത്വത്തിനനുസരിച്ച് ജീവിക്കുന്നതിന്റെ പേരില്‍ നിങ്ങളാല്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ ലിംഗലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഉള്ളത് .

നിങ്ങളുടെ മതം ഇതിനൊക്ക എതിരാണ് എന്നല്ലേ, ഓ, ആയ്‌ക്കോട്ടെ നിങ്ങള്‍ പോയി സമരം ചെയ്‌തോളൂ. പക്ഷേ സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തണം എന്ന ആ ആവശ്യമുണ്ടല്ലോ. അതങ്ങു കയ്യില്‍ തന്നെ വെച്ചാല്‍ മതി”.

 

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍