| Friday, 28th July 2023, 9:13 pm

ഖുര്‍ആന്‍ കത്തിച്ച സംഭവം;ശ്രീനഗറിലെ മുഹറം ഘോഷയാത്രയില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപിടിച്ച് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശ്രീനഗറിലെ മുഹറം ഘോഷയാത്രയിലും പ്രതിഷേധം. ഖുര്‍ആന്‍ ഉയര്‍ത്തിപിടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. ഖുര്‍ആന്‍ കത്തിച്ചെതിനെതിരായ പോസ്റ്ററുകളും ഖുര്‍ആന്‍ കോപ്പിയും ഉയര്‍ത്തിപിടിച്ചായിരുന്നു മതനേതാക്കള്‍ സംഭവത്തിലെ പ്രതിഷേധം അറിയിച്ചത്.

വ്യാഴ്ചയായിരുന്നു ഷിയാ സമുദായക്കാര്‍ മുഹറം ഘോഷയാത്ര നടത്തിയത്. ഗുരുബസാറില്‍ നിന്ന് ദര്‍ഗേറ്റിലെ ഇമാംബര്‍ഗയിലേക്കുള്ള പരമ്പരാഗത റൂട്ടുകളിലൂടെയായിരുന്നു ഘോഷ യാത്ര.

സഹോദര്യവും സഹിഷ്ണുതയും പഠിപ്പിക്കുന്ന ഖുര്‍ആനിനെ അവഹേളിച്ചത് സഹിക്കാനാവുന്നതല്ലെന്നും ഇത്തരം പ്രവര്‍ത്തികളെ ലോക നേതാക്കള്‍ എതിര്‍ക്കണമെന്നും ഷിയാ നേതാക്കള്‍ ഘോഷയാത്രയില്‍ പറഞ്ഞു.

‘സഹോദര്യവും സഹിഷ്ണുതയും പഠിപ്പിക്കുന്ന ഖുര്‍ആനിനെ അവഹേളിച്ചത് സഹിക്കാനാവുന്നതല്ല. ഈ അവിശുദ്ധ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നു, ഘോഷയാത്രയില്‍ പങ്കെടുത്ത സയീദ് ഹബീബ് കാസ്മി സിയാസറ്റിനോട് പറഞ്ഞു. ലോക നേതാക്കള്‍ ഇത്തത്തിലുള്ള പ്രവര്‍ത്തകളെ ചെറുക്കണമെന്നും കര്‍ബല നല്‍കുന്ന സന്ദേശം സമാധാനമാണെന്നും എല്ലാ മതപരമായ ഗ്രന്ഥങ്ങളെയും ബഹുമാനിക്കുമ്പോള്‍ മാത്രമേ അത് സാധ്യമാകുകയുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഷിയാ സമുദായ നേതാക്കള്‍ പറഞ്ഞു. ഖുര്‍ആനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവരും മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജൂണ്‍ 28നായിരുന്നു സ്റ്റോക്ഹോമിലെ മസ്ജിദിന് പുറത്ത് വെച്ച് ഇറാഖ് പൗരന്‍ ഖുര്‍ആന്‍ കത്തിച്ചത്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തിയായിട്ടാണ് ഇയാള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ കത്തിക്കുമ്പോള്‍ 200 ഓളം ആളുകള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ലോക രാഷ്ട്രങ്ങള്‍ സംഭവത്തില്‍ പ്രതിഷേധം അറിയിക്കുകയും ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും രംഗത്ത് വന്നിരുന്നു. മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ ചെറുക്കാന്‍ അന്താരാഷ്ട്രതലത്തില്‍ നിയമം കൊണ്ടുവരാന്‍ ലോക രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് അവര്‍ പറഞ്ഞിരുന്നു. ഒരു മതവിഭാഗത്തെയും അതിന്റെ വിശുദ്ധ ഗ്രന്ഥത്തെയും അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്നും ഒ.ഐ.സി അറിയിച്ചു.

Content Highlight: Religious leaders carried copies of the Quran and anti-Sweden banners in muharramm procession

Latest Stories

We use cookies to give you the best possible experience. Learn more