| Sunday, 11th August 2019, 10:45 pm

'പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പേ പുലര്‍ച്ചേയുള്ള ദീപാരാധനയും പൂജയും നടക്കണം'; പഴയങ്ങാടി ക്ഷേത്രം ശുചിയാക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, കുറുമാത്തൂര്‍ മസ്ജിദ് വൃത്തിയാക്കി അശോകനും സന്തോഷും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കനത്ത് പെയ്ത മഴയിലും മലവെള്ളത്തിലും കണ്ണൂരിലെ ശ്രീകണ്ഠപുരം പുഴയില്‍ നിന്നുള്ള പ്രളയജലം തീരത്തുള്ള പഴയങ്ങാടി അമ്മകോട്ടം ദേവീ ക്ഷേത്രത്തെ പൂര്‍ണമായും മുക്കി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തില്‍ ആദ്യമായാണ് വെള്ളം കയറുന്നത്. ശ്രീകോവിലിലടക്കം വെള്ളം കയറിയിരുന്നു.

രണ്ട് ദിവസത്തെ പ്രളയമിറങ്ങിയപ്പോള്‍ ബാക്കിയായത് മാലിന്യകൂമ്പാരമായിരുന്നു. പ്ലാസ്റ്റിക്കും മരത്തടികളും ചപ്പുചവറുകളും കന്നുകാലികളുടെ ജഡവും തുടങ്ങി ശ്രീകോവിലടക്കം മാലിന്യവും ചെളിയും കൊണ്ട് മൂടി.

നിത്യപൂജകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതെല്ലാം വൃത്തിയാക്കുന്നത് വലിയ വെല്ലുവിളിയായപ്പോഴാണ് പഴയങ്ങാടി പ്രദേശത്തെ മുസ്ലിം ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ് ടീം രംഗത്തെത്തിയത്. ക്ഷേത്രം വൃത്തിയാക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അതിനെന്താ പൂര്‍ണ സന്തോഷമെന്ന് പൂജാരിയുടെ മറുപടിയും ലഭിച്ചു. അതോടെ ഇരുപത്തിയഞ്ചോളം വരുന്ന വൈറ്റ് ഗാര്‍ഡ് ടീം പൂര്‍ണ സജ്ജരായി ശുചീകരണത്തിനിറങ്ങി. മണിക്കൂറുകള്‍ക്കകം ശ്രീകോവിലും ക്ഷേത്രപരിസരവും വൃത്തിയാകുകയും ചെയ്തു.

പണിക്കിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് ചായയും പലഹാരവും വെള്ളവുമായി പൂജാരിയും സംഘവും കൂടെ തന്നെ ഉണ്ടായിരുന്നു. പണിയും കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളുടെ മനസ്സ് നിറഞ്ഞ സനേഹവും അഭിനന്ദനവും വാങ്ങിയാണ് വൈറ്റ് ഗാര്‍ഡ് സംഘം ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്.

നടന്‍ ആസിഫ് അലി ഉള്‍പ്പെടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഇത് കേരളം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ക്ഷേത്രം വൃത്തിയാക്കുന്ന പ്രവര്‍ത്തകരുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഏത് മതത്തിനായാലും ആരാധിക്കുന്ന ദൈവത്തിന് ഒരു രൂപമാണ് ഉള്ളതെന്നും മതം മനുഷ്യസ്നേഹത്തെ അടയാളപ്പെടുത്താനുള്ളതാണെന്നും അതുകൊണ്ട് ഏത് മതത്തിലുള്ളവര്‍ ക്ഷേത്രം വൃത്തിയാക്കാന്‍ വന്നാലും അത് തങ്ങള്‍ക്ക് സന്തോഷമാണെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞത്.

” ഏത് മതക്കാരായാലും അവര്‍ ആരാധിക്കുന്ന ദൈവത്തിന് ഒരു രൂപമാണുള്ളത്, മതം മനുഷ്യസ്നേഹത്തെയാണ് അടയാളപ്പെടുത്തേണ്ടത് അതുകൊണ്ട് ക്ഷേത്രം ശുചീകരിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ വന്നാലും ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ വന്നാലും അത് ഞങ്ങള്‍ക്ക് സന്തോഷം മാത്രമാണെന്ന് ”ക്ഷേത്രം ഭാരവാഹിയായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞത്.

മുസ്‌ലീം ഭൂരിപക്ഷ മേഖലയാണെങ്കിലും നിത്യവും അമ്മകോട്ടം ദേവിക്ഷേത്രത്തിലെ കീര്‍ത്തനങ്ങള്‍ കേട്ടാണ് ഞങ്ങള്‍ എഴുന്നേല്‍ക്കുന്നതും വീട്ടിലെത്തുന്നതുമെല്ലാം. അതുകൊണ്ട് തന്നെ അമ്പലം വൃത്തിയാക്കാന്‍ ഇറങ്ങിയത് ഞങ്ങള്‍ക്ക് പൂര്‍ണമായും സന്തോഷവും അഭിമാനവുമാണെന്നാണ് വൈറ്റ് ഗാര്‍ഡ് സംഘത്തെ നയിച്ചവരും പറയുന്നത്.

ബലി പെരുന്നാളായ ഇന്ന് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിന് മുന്‍പ് നാട്ടിലെ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ തിരി തെളിയട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ഇവര്‍ പറയുന്നു.

സമാനമായ പ്രവര്‍ത്തിയാണ് കൂറുമാത്തൂരിലെ അശോകനും സന്തോഷും ചെയ്തത്. നാളെ പെരുന്നാള്‍ നിസ്‌കാരം നടക്കേണ്ട കുറുമാത്തൂര്‍ ജുമാ മസ്ജിദ് ഇരുവരും ചേര്‍ന്ന് വൃത്തിയാക്കുകയായിരുന്നു.

വയനാട്ടിലെ പൊന്‍കുഴിപ്പുഴയിലെ ശ്രീരാമക്ഷേത്രവും മുസ്‌ലീം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയാണ് ശുചീകരിച്ചത്.

വയനാട്ടിലെ പൊന്‍കുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ശ്രീരാമക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയത്. വെള്ളം ഒഴിഞ്ഞതോടെ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെ ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 അംഗ സന്നദ്ധസേവകര്‍ ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും വൃത്തിയാക്കുകയായിരുന്നു.

പുഴയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള മറ്റുകെട്ടിടങ്ങളും വൈറ്റ് ഗാര്‍ഡ്പ്രവര്‍ത്തകര്‍ വൃത്തിയാക്കി.

ഈ പ്രവര്‍ത്തികളെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.

We use cookies to give you the best possible experience. Learn more