വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കി പോന്നിരുന്ന ഇന്ത്യന്‍ സാമൂഹിക ബോധത്തെ മാറ്റിയെഴുതിയ വിധിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 വകുപ്പ് നിലനില്‍ക്കുമോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്.
497-ാം വകുപ്പിന്റെ പരിധിയില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വകുപ്പ് തന്നെ കാലഹരണപ്പെട്ടതാണെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ കോടതി വിധിയെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന സമീപനമല്ല മത -സാമൂദായിക സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പലരും വിധിയെ അംഗീകരിക്കാന്‍ തയ്യാറാകുന്ന രീതിയിലല്ല പ്രതികരിച്ചത്.
കോടതി വിധി നിരാശാജനകമാണ് എന്നാണ് അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു.
കുടുംബബന്ധത്തിന്റെ പവിത്രതയും മൂല്യങ്ങളും മാനിക്കുന്ന വിധികളാണ് പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടാകേണ്ടത്. ഇഷ്ടപ്രകാരം ആരുമായും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവദനീയമാകുമ്പോള്‍ പരമ്പരാഗതമായി നിലനിന്നിരുന്ന കുടുംബബന്ധങ്ങളെ അത് ദുര്‍ബലപ്പെടുത്തും.
പടിഞ്ഞാറിനെ സാംസ്‌കാരികമായി എല്ലാ അര്‍ത്ഥത്തിലും അനുകരിക്കുന്നവരാകരുത് കേരളജനതയെന്നാണ് കാന്തപുരത്തിന്റെ വാദം. അതോടൊപ്പം സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് കാന്തപുരം പറഞ്ഞു.
സമാന അഭിപ്രായമാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റിന്റേതും. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി ലൈംഗിക അരാജകത്വത്തിന് വഴിയൊരുക്കുമെന്നാണ് ഇവരുടെ വാദം.
സുപ്രീംകോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണ്. അനിയന്ത്രിത ലൈംഗിക ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുമെന്നാണ് ജമാഅത്തിന്റെ വാദം.
സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തുകയും സംസ്ഥാനത്ത് ഗര്‍ഭഛിദ്രങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ തന്നെ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാണ് ജമാഅത്ത് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞത്.
അതേസമയം ഉഭയസമ്മതപ്രകാരമുള്ള വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന കോടതി വിധിയില്‍ ആശങ്കകളുണ്ടെന്നായിരുന്നു സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയുടെ അഭിപ്രായം. ജനാധിപത്യ രാജ്യമെന്ന നിലയില്‍ വിധി സ്വാഗതാര്‍ഹമാണ്. കുടുംബന്ധങ്ങളെ ഇത് ശിഥിലമാക്കുമോ എന്ന ആശങ്കയാണുള്ളതെന്നാണ് ജോസഫൈന്‍ പറഞ്ഞത്.
എന്താണ് ചരിത്രമായ സുപ്രീം കോടതി വിധി?
സ്ത്രീകളെ പുരുഷന്റെ അടിമയായി ചിത്രീകരിക്കുന്ന 497ാം വകുപ്പ് ഏറ്റവും സ്ത്രീവിരുദ്ധമായ വകുപ്പാണെന്ന് ഒരേ സ്വരത്തില്‍ പുറത്ത് വന്ന സുപ്രീം കോടതി വിധി. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരും ഇതേ നിലപാടാണ് സ്വീകരിച്ചത്.
കോടതി വിധിയോടെ ഇന്ത്യന്‍ പീനല്‍ കോഡിലെ 158 വര്‍ഷം പഴക്കമുള്ള സെക്ഷന്‍ 497 എടുത്തുമാറ്റപ്പെട്ടിരിക്കുകയാണ്.
” വ്യക്തിപരമായ അന്തസ്സിനെയും സ്ത്രീകളുടെ തുല്യതയേയും ബാധിക്കുന്ന നിയമത്തിലെ ഏത് വ്യവസ്ഥിതിയും ഭരണഘടനാ വിരുദ്ധമാണ്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ലെന്ന് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു ലിംഗത്തിനുമേല്‍ മറ്റൊരു ലിംഗത്തിന്റെ നിയമപരമായ പരമാധികാരം തെറ്റാണ്.” എന്നാണ് ജസ്റ്റിസ് ഖന്‍വില്‍ക്കറിന്റെയും തന്റെയും വിധിന്യായം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്. സെക്ഷന്‍ 497 ഏകപക്ഷീയമാണെന്നും വിധിയില്‍ പറയുന്നു.
മറ്റൊരു പുരുഷന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിവാഹിതനെ ശിക്ഷിക്കുന്ന നിയമമാണ് സെക്ഷന്‍ 497. രണ്ടാമത്തെ യുവതിയുടെ ഭര്‍ത്താവിന്റെ അനുമതിയോടെയാണ് ഈ ബന്ധം നടന്നതെങ്കില്‍ അതിനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നതായിരുന്നു നിയമം. ഈ നിയമപ്രകാരം സ്ത്രീയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രസ്തുത നിയമമാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
അഭിമാനത്തോടെ ജീവിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ലംഘിക്കുന്ന സെക്ഷന്‍ 497 ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമായി പറയാമെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധം പങ്കാളിയുടെ ആത്മഹത്യയിലേക്ക് നയിക്കുകയാണെങ്കില്‍ ബന്ധത്തിലേര്‍പ്പെട്ട പങ്കാളിയ്ക്കെതിരെ സെക്ഷന്‍ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സെക്ഷന്‍ 497 റദ്ദാക്കിയ സാഹചര്യത്തില്‍ ക്രിമിനല്‍ കോഡ് ഓഫ് പ്രൊസീജിയറിലെ സെക്ഷന്‍ 198(2) കോടതി റദ്ദാക്കിയിട്ടുണ്ട്.
യുക്തിരഹിതമായ, പൗരാണികമായ ചട്ടമാണിതെന്നാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ പറഞ്ഞത്. ” വിവാഹേതര ബന്ധത്തില്‍ പുരുഷന്‍ അക്രമിയും സ്ത്രീ ഇരയും എന്ന ധാരണ പഴഞ്ചനാണ്. അത് ഇനിയും തുടരുന്നത് നല്ലതല്ല.” എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത് സ്ത്രീയെ ജംഗമസ്വത്തായി കണക്കാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്ഷന്‍ 497 സ്ത്രീകളുടെ അന്തസ്സിന് എതിരാണെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢും അഭിപ്രായപ്പെട്ടത്. ” സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള, വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്ത്രീയുടെ അവകാശത്തെ 497 നിഷേധിക്കുന്നു. പുരുഷാധിപത്യത്തെ പോറ്റിവളര്‍ത്തുന്ന ഒരു നിയമമാണിത്. സമൂഹം ചിന്തിക്കുന്നതുപോലെ സ്ത്രീകള്‍ ചിന്തിക്കണമെന്ന് പറയരുത്.”
“ലൈംഗിക പരമാധികാരത്തോടുള്ള ആദരവിന് ഊന്നല്‍ കൊടുക്കണം. ഈ പരമാധികാരം ഇല്ലാതാക്കുന്ന അവസ്ഥയെ വളര്‍ത്തലല്ല വിവാഹം.” എന്നുപറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.
വിവേചനത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ സെക്ഷനെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ പറയുന്നത്.