വാഷിങ്ടണ്‍: ചൈന, ക്യൂബ, പാകിസ്ഥാന്‍, മ്യാന്‍മര്‍, സൗദി ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളെ മതസ്വാതന്ത്യത്തിന്റെ അടിസ്ഥാനത്തില്‍ ‘പ്രത്യേക ആശങ്കയുള്ള രാജ്യങ്ങള്‍'(countries of particular concern) ആയി പ്രഖ്യപിച്ച് യു.എസ്.
ലോകത്തെമ്പാടുമുള്ള ഗവണ്‍മെന്റുകളും രാജ്യവിരുദ്ധരും വ്യക്തികളെ അവരുടെ മത വിശ്വാസത്തിന്റെ പേരില്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ജയിലിലടക്കുകയും കൊല്ലുകയും ചെയ്യുന്നുവെന്ന് 12 രാജ്യങ്ങളെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യവും, വിശ്വാസങ്ങളുടെയും സ്ഥിതി തങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുമെന്നും വിവേചനം നേരിടുന്നവര്‍ക്കുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ സ്ഥിരമായി ഇടപെടുമെന്നും അതിന് പ്രസ്തുത രാജ്യങ്ങളുടെ സമ്മതം വേണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
‘ചില സാഹചര്യങ്ങളില്‍ ഈ രാജ്യങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി വ്യക്തികളുടെ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും അടിച്ചമര്‍ത്തുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ആളുകളില്‍ വിഭജനം സൃഷ്ടിക്കുക്കാനും സാമ്പത്തിക ഭദ്രത തകരുന്നതിനും കാരണമാകുന്നു. കൂടാതെ ഇവ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം തെറ്റായ ചെയ്തികള്‍ക്ക് യു.എസ് കൂട്ടുനില്‍ക്കില്ല.
ഇന്ന് ഞാന്‍ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് വിധേയരായ മ്യാന്‍മര്‍, ചൈന, ക്യൂബ, എറിത്രിയ, ഇറാന്‍, നിക്കരാഗ്വെ, നോര്‍ത്ത് കൊറിയ, പാകിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, താജികിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം, 1998 പ്രകാരം പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളായി പ്രഖ്യപിക്കുന്നു.
അല്‍-ഷബാബ്, ബോകോ ബറാം, ഹയത് താഹിരിര്‍ അല്‍- സലാം, ഹൗതിസ്, ഐ.എസ്- ഗ്രേറ്റര്‍ സഹാറ, ഐ.എസ്-വെസ്റ്റ് ആഫ്രിക്ക, ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്‌ലാം വല്‍-മുസ്‌ലിമിന്‍, താലിബാന്‍, വാഗ്നര്‍ ഗ്രൂപ്പ് എന്നീ സംഘടനകളെ അവയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ആശങ്കയുള്ള സംഘടനകളായാണ് കണക്കാക്കുന്നത്,’ ബ്ലിങ്കെന്‍ പറഞ്ഞു.
അതേസമയം, ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്‍ര്‍നാഷ്ണല്‍ ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടും ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ് ഉള്‍പ്പെടുത്തിയില്ല.
‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന് കീഴിലുള്ള പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താതെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ണടച്ചിരിക്കുകയാണ്,’ യു.എസ്.സി.ഐ.ആര്‍.എഫ് ആരോപിച്ചു.