| Tuesday, 30th April 2019, 8:03 am

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറഞ്ഞു; തീവ്ര ഹിന്ദുത്വ നിലപാട് വര്‍ധിച്ചെന്നും യു.എസ്.സി.ഐ.ആര്‍.എഫ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് ഇന്ത്യയില്‍ മുമ്പ് ഒന്നുമില്ലാത്ത രീതിയില്‍ വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതി കൂടിയെന്ന് റിപ്പോര്‍ട്ട് ഉള്ളത്.

വിയോജിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ അംഗീകരിക്കാന്‍ പോലും തയ്യാറാകാതെയാണ് ഗവണ്‍മെന്റ് എടുക്കുന്നതെന്നും ഇന്ത്യയുടെ പേര് എടുത്ത് പറയാതെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടില്‍ 174ാം പേജിലാണ് ഇന്ത്യയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഉള്ളത്.

മതപരമായ വേര്‍തിരിവുകള്‍ രാഷ്ട്രീയമായും സാമൂഹികമായും ആളുകള്‍ ഉപയോഗിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. രാജ്യത്ത് തീവ്ര ഹിന്ദുത്വ നിലപാടുകള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ അഹിന്ദുക്കളായവരുടെയോ ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ഇത്തരം നീക്കമെന്നും ബീഫിന്റെ പേരിലും മതമാറ്റത്തിന്റെ പേരിലും ഉണ്ടാവുന്ന ആള്‍കൂട്ട ആക്രമണത്തില്‍ പൊലീസ് നിര്‍വികാരമായിട്ടാണ് പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ടിനായി പല സമയങ്ങളില്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും മറ്റും ശ്രമിച്ചപ്പോള്‍ പലപ്പോഴും ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more