| Monday, 17th September 2018, 5:31 pm

നിപയുടെ മറവില്‍ സൂപ്പിക്കടയില്‍ ആത്മീയ വ്യാപാരത്തിനു ശ്രമം: വിശ്വാസത്തെ ചൂഷണംചെയ്യുന്ന മഖ്ബറ നിര്‍മാണത്തെ എതിര്‍ക്കുമെന്ന് കുയ്യണ്ടം മഹല്ല് ഖത്തീബ്

ജംഷീന മുല്ലപ്പാട്ട്

കോഴിക്കോട്: പന്തിരിക്കരയിലെ സൂപ്പിക്കടയില്‍ നിപ വൈറസ് ബാധ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളെ മറയാക്കി ആത്മീയ വ്യാപാരത്തിന് ശ്രമം. ഇതിനായി സൂപ്പിക്കടയിലെ കുയ്യണ്ടം മഹല്ലിനു കീഴിലെ കപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മഖ്ബറയുടെ (ശവകുടീരം) നിര്‍മാണം പുരോഗമിക്കുന്നു. ഇതിനെതിരെ നാട്ടുകാരും മത സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും മഹല്ല് കമ്മറ്റിയും പ്രതിഷേധത്തിലാണ്. ചാലക്കര അബ്ദുള്ള എന്നയാളുടെ വീട്ടുവളപ്പിലാണ് മഖ്ബറ പണിയുന്നത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് സൂപ്പിക്കടയില്‍ ഒരു സൂഫി വര്യന്റെ മഖ്ബറ സംരക്ഷിച്ചിരുന്നെന്നും പിന്നീട് ഇതിന് നാശം സംഭവിച്ചെന്നും ഇത് പ്രദേശത്തെ ദുരന്തഭൂമിയാക്കിയെന്നും പ്രചരിപ്പിച്ചാണ് മഖ്ബറയുടെ നിര്‍മാണം നടത്തുന്നത്. “കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പരിസരത്ത് ഒരുപാട് ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഹനാപകടം സംഭവിച്ച് 6 മരണവും, നിപ്പ ബാധിച്ച് 4 മരണവും കരിമ്പനി ബാധിച്ച് ഒരാളും ഇവിടെ മരിച്ചിട്ടുണ്ട്. ഇതിനെല്ലാം കാരണം മഖ്ബറ ആരും ശ്രദ്ധിക്കാതെ നശിച്ചുപോയതാണെന്നും മഖ്ബറ പുനര്‍നിര്‍മിച്ചാലേ നാടിനു ദുരന്തങ്ങളില്‍ നിന്നും മോചനം ഉണ്ടാകൂ എന്നും” പ്രച്ചരിപ്പിച്ചാണ് സ്വകാര്യ വ്യക്തി മഖ്ബറ നിര്‍മാണം തുടങ്ങിയതെന്ന് പ്രദേശവാസിയും ഐ.എന്‍.എല്‍ നേതാവുമായ അബ്ദുല്‍ അസീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


മഖ്ബറക്കായി ചുമര്‍ കെട്ടി കട്ടിലവെച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും പിരിവുകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നാട്ടുകാര്‍ക്ക് ഒരുതരിപോലും വിശ്വാസമില്ലാത്ത മഖ്ബറ നിര്‍മിച്ച് പണം ഉണ്ടാക്കാനാണ് സ്വകാര്യ വ്യക്തി ശ്രമിക്കുന്നതെന്ന് അബ്ദുല്‍ അസീസ് ആരോപിക്കുന്നു.

അതേസമയം, വിശ്വാസത്തെ ചൂഷണംചെയ്യുന്ന മഖ്ബറ നിര്‍മാണത്തെ എതിര്‍ക്കണമെന്ന് കുയ്യണ്ടം മഹല്ല് ഖത്തീബ് സൈതലവി മദനി വൈള്ളമുണ്ട വെള്ളിയാഴ്ച ജുമുഅക്കുശേഷം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഒരു ഖബറില്‍ മറവിട്ടു കിടക്കുന്ന ഒരാളെ പരിപാലിക്കാത്തത് കൊണ്ടാണ് ഒരു നാട്ടില്‍ ദുരന്തം ഉണ്ടാകുന്നതെങ്കില്‍ ആ ഖബര്‍ ഉള്‍പ്പെടെ നശിപ്പിക്കുകയാണ് വേണ്ടതെന്ന് ഖത്തീബ് പറഞ്ഞിരുന്നു.

“നിരപരാധികളായ ആളുകളെ കൊല്ലാന്‍ ഖബറില്‍ മറവിട്ടു കിടക്കുന്ന ഒരാള്‍ക്ക് അവകാശമില്ല. അങ്ങനെയുള്ള ഒരാള്‍ അവിടെ മറവിട്ടു കിടക്കുന്നതെങ്കില്‍ അത് പൂര്‍ണമായും നശിപ്പിക്കപ്പെടണം. മരിച്ചു പോയ ഒരാള്‍ക്ക് നിരപരാധികളായ ആളുകളെ കൊല്ലാന്‍ താല്‍പ്പര്യം ഉണ്ടാകില്ല. അങ്ങനെ കൊല്ലുന്ന ഒരാളാണെങ്കില്‍ മരിച്ചു കിടക്കുന്നത് മഹാനല്ല- സൈതലവി മദനി പറയുന്നു.


2018 മെയ് മാസത്തിലാണ് കേരളത്തില്‍ നിപ വൈറസ് ബാധിച്ചതായി പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂറ്റ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ചങ്ങരോത്ത് എന്ന ഗ്രാമത്തിലാണ് നിപയുടെ ഉറവിടം എന്ന് ആരോഗ്യവകുപ്പ് വിദഗ്ദര്‍ സ്ഥിരീകരിച്ചിരുന്നു. മെയ് 5നു മരിച്ച സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്തില്‍ നിന്നാണു നിപ പടര്‍ന്നത് എന്നാണ് നിഗമനം. രണ്ട് ആഴ്ചക്കു ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവായ മൂസയും പിതാവിന്റെ സഹോദരിയായ മറിയവും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞിരുന്നു.

പടര്‍ന്നു പിടിച്ച വൈറസ് അപഹരിച്ചത് 17 ജീവനുകളാണ്. 2000ത്തോളം ആളുകള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലും ആയിരുന്നു. നിപ കേരളത്തില്‍ ആകമാനം തന്നെ വലിയ ഭീതിക്ക് വഴിവെച്ചിരുന്നു. മരിച്ച വ്യക്തികളുടെ മയ്യിത്ത് വീട്ടിലും പള്ളിയിലും കയറ്റാതെ പള്ളിക്കാട്ടില്‍ വച്ച് നിസ്‌കരിച്ചു, പ്രദേശത്ത് രോഗബാധിതരുടെ വീടിനു ചുറ്റുമുള്ള നൂറോളം വീടുകള്‍ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു, പ്രദേശത്ത് ആളുകള്‍ പുറത്തിറങ്ങുന്നില്ല തുടങ്ങി നിരവധി വ്യാജ പ്രചരണങ്ങള്‍ ചങ്ങരോത്തിനെ കുറിച്ചും പരിസര പ്രദേശങ്ങളായ പന്തിരിക്കര, സൂപ്പിക്കടയെക്കുറിച്ചും നടന്നിരുന്നു. എന്നാല്‍ നിപ എന്ന മഹാ വിപത്തില്‍ നിന്നും വ്യാജ പ്രചരങ്ങളില്‍ നിനും ചെങ്ങരോത്തും സൂപ്പിക്കടയുമൊക്കെ കരകയറി.

അജ്മീര്‍ മഖ്ബറയില്‍ ആളുകള്‍ പോയിരുന്നതു പോലെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സൂപ്പിക്കടയിലും വിശ്വാസികള്‍ എത്തിയിരുന്നു എന്നാണ് സ്വകാര്യ വ്യക്തിയുടെ വാദം. എന്നാല്‍ ഇതിനുള്ള ചരിത്രപരമായ തെളിവുകള്‍ ഇല്ല. നാട്ടിലെ മുതിര്‍ന്നവര്‍ക്ക് പോലും ഇതിനെ കുറിച്ച് അറിവില്ല.


അതേസമയം, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ സ്ഥലം കാടായിരുന്നു എന്നും മലബാര്‍ കുടിയേറ്റ നടക്കുന്ന കാലഘട്ടത്തിലാണ് കടിയങ്ങാടില്‍ നിന്നും കിഴക്കോട്ടുള്ള ഒരു നാട് തന്നെ രൂപപ്പെട്ടതെന്നും അബ്ദുല്‍ അസീസ് പറയുന്നു. അതുവരെ കോഴിക്കോട് നിന്നും കുറ്റ്യാടിയിലേയ്ക്കുള്ള ഒരു ഒറ്റയടിപ്പാത മാത്രമായിരുന്നു സൂപ്പിക്കട എന്നും പെരുവണ്ണാമൂഴി ഡാം വന്നതിനു ശേഷമാണ് കൂടുതല്‍ വികസനങ്ങള്‍ ഉണ്ടായതെനും അബ്ദുല്‍ അസീസ് പറഞ്ഞു.

വസ്തുതാപരമായി തെളിവില്ലാത്ത ഒന്നിന് ആത്മീയ പരിവേഷം നല്‍കി കീശവീര്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് നാട്ടുകാര്‍ പറയുന്നു. മഖ്ബറ നിര്‍മാണത്തിനെതിരെ ജനകീയ സാംസ്‌ക്കാരിക കൂട്ടായ്മയുണ്ടാക്കി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള ആലോചനയിലാണ് സൂപ്പിക്കടക്കാര്‍.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more