| Saturday, 12th November 2022, 12:17 pm

രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തണം, മുദ്രാവാക്യങ്ങള്‍ കൊണ്ട് ഞങ്ങള്‍ മടുത്തു: ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. പ്രസംഗങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ ഡെമോക്രാറ്റിക് പീസ് മൊമെന്റ് പാര്‍ട്ടി ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുമായി ലയിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാന്‍ ആണ് ഉപയോഗിക്കേണ്ടത്. രാഷ്ട്രീയത്തിന്റെയും മുദ്രാവാക്യങ്ങളുടെയും മതത്തിന്റെയും പേരില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആളുകളെ അനുവദിക്കരുത്,’ ഗുലാം നബി ആസാദ് പറഞ്ഞു.

മുദ്രാവാക്യങ്ങളില്‍ മാത്രം മുഴുകുന്ന പാര്‍ട്ടികളെ ജനങ്ങള്‍ തള്ളിക്കളയണമെന്നും ആസാദ് പറഞ്ഞു.

‘ഞങ്ങള്‍ മുദ്രാവാക്യങ്ങള്‍ കൊണ്ട് മടുത്തുകഴിഞ്ഞു. ചില മുദ്രാവാക്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചു. ഇനിയും ഒരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ആസാദ് പറഞ്ഞു.

താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സൈന്യവും പൊലീസും തീവ്രവാദികളെ നേരിട്ടിരുന്നു. തെറ്റായ വഴിയില്‍ പോയ നൂറുകണക്കിന് യുവാക്കളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നു. നമ്മള്‍ കൊല്ലാന്‍ മാത്രം തുടങ്ങിയാല്‍ എല്ലാ യുവാക്കളും അവസാനിക്കും. എന്നാല്‍ പിന്നീട് നമ്മള്‍ എവിടെയും എത്തില്ലെന്നും ആസാദ് ചൂണ്ടിക്കാണിച്ചു.

ജമ്മു-കശ്മീരില്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. അഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഭരണം അവസാനിച്ചതിനാല്‍ വളരെയധികം പ്രശ്‌നങ്ങളാണ് കശ്മീരില്‍ നിലനില്‍ക്കുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ ശേഷിയുള്ളൂവെന്ന് ഗുലാംനബി ആസാദ് പറഞ്ഞിരുന്നു. രണ്ട് മാസംമുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അദ്ദേഹം വീണ്ടും പാര്‍ട്ടിയെ വാഴ്ത്തിയത് അനുയായികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു.

അതേസമയം, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് ഗുലാംനബി ആസാദ്. ഓഗസ്റ്റ് 26നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് പിന്നാലെയായിരുന്നു രാജി.

രാജിയെത്തുടര്‍ന്ന് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. ജമ്മുവില്‍ സെപ്റ്റംബര്‍ 26ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ പ്രഖ്യാപനം.

Content Highlight: Religion must be separated from politics, says Ghulam Nabi Azad

We use cookies to give you the best possible experience. Learn more