| Tuesday, 8th October 2024, 9:19 am

മതവിശ്വാസം ഭരണഘടനയേക്കാള്‍ വലുതല്ല; നൗഷാദ് അഹ്‌സനിക്കെതിരായ കേസില്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കേരള ഹൈക്കോടതി. 2017ല്‍ കോഴിക്കോട്ടെ മര്‍ക്കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന് വിദ്യാര്‍ത്ഥിനി ഹസ്തദാനം നല്‍കിയ സംഭവത്തില്‍ പെണ്‍കുട്ടി ശരീഅത്ത് നിയമം ലംഘിച്ചുവെന്നും മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഹര്‍ജിക്കാരന്‍ നൗഷാദ് അഹ്‌സനി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.

ഇതിനെതിരെ പെണ്‍കുട്ടി നല്‍കിയ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ്  അഹ്‌സനി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

രാജ്യത്ത് ഭരണഘടനയാണ് വലുതെന്ന് പറഞ്ഞ ഹൈക്കോടതി ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അധികാരമുണ്ടെന്നും എന്നാല്‍ ഇത് തികച്ചും വ്യക്തിപരായ അവകാശമാണെന്നും വ്യക്തമാക്കി. അതിനാല്‍ തന്നെ ഒരുമതവും ആചാരവും മറ്റൊരാള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

നിയമവിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ നൗഷാദ് അഹ്‌സിനിക്കെതിരെ കലാപശ്രമം, സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രവര്‍ത്തി ചെയ്തു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു.

എന്നാല്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. മതത്തില്‍ നിര്‍ബന്ധാവസ്ഥ എന്നൊരു കാര്യം ഇല്ലെന്ന് പറഞ്ഞ കോടതി നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം എന്ന കാര്യം ഖുറാനില്‍ തന്നെ പറയുന്നുണ്ടെന്നും വ്യക്തമാക്കി.

നൗഷാദിനെതിരെ പെണ്‍കുട്ടി നല്‍കിയ കേസ് നിലവില്‍ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ആ കേസില്‍ ഹരജിക്കാരനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതിയാണെന്ന് പറഞ്ഞ ഹൈക്കോടതി ഹരജിക്കാരന്‍ നിരപരാധിയാണെങ്കില്‍ പ്രസ്തുത കോടതിയില്‍ നിന്ന് വിടുതല്‍ നേടാം എന്നും വ്യക്തമാക്കി. അല്ലാത്തപക്ഷം സവിശേഷ അധികാരം ഉപയോഗിച്ച് കേസില്‍ ഹൈക്കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Religion is not greater than the constitution; High Court in the case against Naushad Ahsani

We use cookies to give you the best possible experience. Learn more