| Monday, 16th December 2024, 11:44 am

മതത്തിന്റെ പേരില്‍ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ മതം നിരോധിക്കാറില്ല; വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കണ്ടതല്ലെന്നും രാഷ്ട്രീയ കളികളാണ് നിരോധിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന പൊതു താത്പര്യ ഹരജികള്‍  പരിശോധിക്കവേയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്. പൊതുതാത്പര്യ ഹരജിയിലെ തുടര്‍വാദം ജനുവരി 20ലേക്ക് മാറ്റിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ മതം നിരോധിക്കാറില്ലല്ലോ എന്നും രാഷ്ട്രീയത്തിന്റെ പേരിലുള്ള കാര്യങ്ങള്‍ക്ക് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ കോടതി പൊളിറ്റിക്‌സ് അല്ല പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജനുവരിയില്‍ മഹാരാജാസ് കോളേജില്‍ നടന്ന എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷങ്ങളുടെ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Content Highlight: Religion does not prohibit when actions are done in the name of religion; High Court says no need to ban student politics

We use cookies to give you the best possible experience. Learn more