ചക്കര ജിലേബി എനിക്കിഷ്ടമല്ല. പഞ്ചാര ജിലേബിയോടാണ് കമ്പം. പഞ്ചാര ജിലേബി കുഞ്ഞിമ്മുവിന് ഇഷ്ടമല്ല. ചക്കര ജിലേബിയാണ് അവള്‍ക്കു പ്രിയം. വഴിയോരങ്ങളില്‍ ജിലേബി വില്‍ക്കുന്നവരെ കണ്ടാല്‍ അവള്‍ ചക്കര ജിലേബിക്കു വാശി പിടിക്കും. എനിക്കാണെങ്കില്‍ അതിന്റെ മണം പോലും ഇഷ്ടമല്ല. ഒരു കിലോ ചക്കര ജിലേബി വാങ്ങിയാല്‍ വീടെത്തും മുമ്പേ അവള്‍ തിന്നു തീര്‍ക്കും. കുറച്ചു പഞ്ചാര ജിലേബി വാങ്ങിക്കൂടായിരുന്നോ എന്നു ചോദിച്ചാല്‍ ‘ന്താ പ്പം ചക്കര ജിലേബി തിന്നാല്‍’ എന്നാകും അവളുടെ നിലപാട്. അങ്ങിനെയാണ് ഞങ്ങള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ക്കു മധുരം വെച്ചു തുടങ്ങിയത്.
എന്നുവെച്ചു ഞാനൊരു പഞ്ചാരക്കുഞ്ചുവൊന്നുമല്ല. അതൊക്കെ ശത്രുക്കളും അസൂയാലുക്കളും വെറുതെ പറയുന്നതാണ്. സത്യത്തില്‍ മധുരങ്ങളോട് എനിക്കു അത്ര താല്‍പര്യമില്ല. അതുകൊണ്ട് പഞ്ചാര ജിലേബിക്കു ഞാന്‍ വാശി പിടിക്കാറില്ല. പഞ്ചാര ജിലേബി എന്റെ അനേകം ഗൃഹാതുരത്വങ്ങളില്‍ ഒന്നാണ്. വെല്ലിമ്മച്ചിക്കും അമ്മായിമാര്‍ക്കുമൊപ്പം താത്തൂര്‍ നേര്‍ച്ചക്കു പോയപ്പോഴോ താത്തൂര്‍ നേര്‍ച്ചക്കു പോയ അമ്മായിമാര്‍ കൊണ്ടുവന്നപ്പോഴോ ആണ് ജിലേബിയുടെ മധുരം ആദ്യമറിയുന്നത്. താത്തൂര്‍ രക്തസാക്ഷികളുടെ ആണ്ടു നേര്‍ച്ച ഞങ്ങളുടെ നാട്ടിലെ ആഘോഷമാണ്. മാവൂരും ചെറുവാടിയും കൂളിമാടും പാഴൂരും കൊടിയത്തൂരുമൊക്കെ അടങ്ങുന്ന വിശാലമായ ഒരു ഭൂവിഭാഗത്തിന്റെ ആനന്ദോത്സവം.
താത്തൂരിലെ നേര്‍ച്ചപ്പറമ്പില്‍ പഞ്ചാര ജിലേബി മാത്രമല്ല, ചെറുപ്പക്കാരുടെ പഞ്ചാരയടിയുടെ മധുരവും നിറഞ്ഞു നില്‍ക്കും. താത്തൂരിലേക്കുള്ള ഇടവഴികളിലും അങ്ങാടിയിലെ റോഡുകളിലും നേര്‍ച്ചപ്പറമ്പിലുമൊക്കെ അങ്ങിനെ ആണും പെണ്ണും ഇടകലര്‍ന്നു നടക്കും. അതിനിടയില്‍ വീണു കിടക്കുന്ന ഒളികണ്‍ നോട്ടങ്ങളിലും പാല്‍പ്പുഞ്ചിരിയിലും വീണു മയങ്ങിക്കിടക്കും സുന്ദരന്മാരും സുന്ദരികളും. ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ജിലേബിയോ കുപ്പിവളകളോ കൈമാറും. തേനായിലെ ഇടവഴികളിലൂടെ പാത്തുമ്മയോടും നബീസയോടും ലൈലയോടുമൊക്കെ മിണ്ടാതെ മിണ്ടിയും ചിരിക്കാതെ ചിരിച്ചും എത്രയോ വര്‍ഷം ഞാന്‍ താത്തൂര്‍ മല കയറി.
മഹര്‍റം റമാസത്തിലാണ് താത്തൂര്‍ നേര്‍ച്ച. നാലു ദിവസം നീണ്ടു നില്‍ക്കും. ഒന്നാം ദിവസം താത്തൂരുകാരാണ് നടത്തുക. രണ്ടാം ദിവസം മാവൂരുകാരും മൂന്നാം ദിവസം ഇരുവഴിഞ്ഞിപ്പുഴക്കു അക്കരെയുള്ള ചെറുവാടിക്കാരും. നാലാം ദിവസം ചാലിയാര്‍ പുഴയുടെ അക്കരെയുള്ള കൊന്നാരുകാരുടെ വകയാണ് നേര്‍ച്ച. അന്നു കൊന്നാരു തങ്ങളുടെ നേതൃത്വത്തിലുള്ള വരവുണ്ടാകും. പണ്ടൊക്കെ നെറ്റിപ്പട്ടം കെട്ടിയ ആനയും ചെണ്ടമേളയുമൊക്കെയായാണ് തങ്ങന്മാരുടെ വരവ്.
തലയില്‍ കൊട്ടകളേന്തിയ അനുചരന്മാര്‍ വരിവരിയായി പിന്നാലെ വരും. കൊട്ട നിറച്ചും ചീരണിയാകും. റോഡിന്റെ രണ്ടു വശങ്ങളില്‍ വരിവരിയായി നില്‍ക്കുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും ചീരണി കിട്ടും. അതില്‍ നാനാ ജാതി മതസ്ഥരുമുണ്ടാകും. ആനയും ചെണ്ടമേളവുമൊക്കെ അനിസ്‌ലാമികമാണെന്നു ഇടക്കാലത്തു ഒരുസ്താദ് ഫതവ പുറപ്പെടുവിച്ചതോടെ നിര്‍ത്തലാക്കി. കൊന്നാരു തങ്ങന്മാരുടെ വരവ് ഇപ്പോഴും തുടരുന്നു.
ആദ്യത്തെ മൂന്നു ദിവസവും ചോറും നല്ല ഇറച്ചി വരട്ടിയതുമുണ്ടാകും. കറികളുണ്ടാകില്ല. ആ ചോറിനും ഇറച്ചിക്കും വല്ലാത്ത സ്വാദാണ്. കുശിനിപ്പുരയില്‍ നിന്നുയരുന്ന അവയുടെ മണം തന്നെ വയറു നിറയ്ക്കും. പട്ടിണിക്കാലങ്ങളില്‍ പലര്‍ക്കും ആ മൂന്നു ദിവസം ശരിക്കും ആഘോഷമായിരുന്നു. വാഴയിലയില്‍ ചോറും ഇറച്ചിയും വാങ്ങി തോര്‍ത്തില്‍ കിഴി കെട്ടി ആളുകള്‍ മലയിറങ്ങിപ്പോകും. ചിലര്‍ പാത്രങ്ങളുമായാണ് വരിക. ചിലര്‍ അവിടെയിരുന്നു തന്നെ കഴിക്കും.
താത്തൂര്‍ പണ്ടേ ജനനിബിഡമായ സ്ഥലമാണ്. അവിടം ഒരു കച്ചവട കേന്ദ്രമായിരുന്നു. മാവൂരില്‍ രണ്ടു കടകളേ ഉണ്ടായിരുന്നുള്ളു. ആ കടകള്‍ക്കുതന്നെ പത്തെഴുപത്തഞ്ചു കൊല്ലത്തെ ചരിത്രമേയുണ്ടാകൂ. താത്തൂര്‍ പണ്ടേ അങ്ങാടിയാണ്. താത്തൂരങ്ങാടിയെന്നാണ് അറിയപ്പെടുക. നേരാം വണ്ണം വഴികള്‍ പോലുമില്ലാത്ത ആ കുന്നിന്‍ മുകളില്‍ എങ്ങിനെ ഒരങ്ങാടി രൂപപ്പെട്ടുവെന്നു അറിയില്ല. ആളുകള്‍ തിങ്ങിപ്പാര്‍ത്ത സ്ഥലമായിരുന്നതുകൊണ്ടാകണം.
ചാലിയാറിലൂടെ വരുന്ന ചരക്കുതോണികള്‍ അടുപ്പിച്ചിരുന്നത് താത്തൂര്‍ പൊയിലിനും വെസ്റ്റ് പാഴൂരിനും ഇടയിലുള്ള കടവിലാണ്. താത്തൂരങ്ങാടിയിലേക്കുള്ള ചരക്കിറക്കുന്ന കടവായതുകൊണ്ടാണ് അതിനു അങ്ങാടിക്കടവു എന്ന പേരു വന്നത്.
താത്തൂര്‍ നേര്‍ച്ചയുള്ള ദിവസങ്ങളില്‍ സ്‌കൂള്‍ ഉച്ചക്കു വിടും. ആര്‍ത്തുവിളിച്ചൊരു പാച്ചിലാണ് കുട്ടികള്‍. ചോറും ഇറച്ചിയും വിളമ്പുമ്പോഴേക്കും പാഞ്ഞെത്തണം. രണ്ടു കുന്നു കയറണം. ആദ്യം ചിറ്റാലിപിലാക്കലേക്ക്. അവിടുന്നു താത്തൂരിലേക്ക്. തേനായില്‍ നിന്നു കൈത്തോട്ടിന്റെ വക്കിലൂടെ നെല്‍പാടം കടന്നു കുത്തനെയുളള പാറയിലൂടെയാണ് താത്തൂരിലേക്ക് കയറുന്നത്. ആരോടെങ്കിലുമൊക്കെ അടുത്തു നിന്നു ചില്ലറക്കാശ് ഒപ്പിച്ചു വെച്ചിട്ടുണ്ടാകും.
കോലൈസും പാട്ടുപുസ്തകങ്ങളുമാണ് നേര്‍ച്ചപ്പറമ്പിലെ എന്നെ ആകര്‍ഷിക്കുന്ന രണ്ടു ഘടകങ്ങള്‍. പെണ്‍കുട്ടികള്‍ വളക്കച്ചവടക്കാര്‍ക്കു ചുറ്റും കൂടി നില്‍ക്കും. കുറച്ചു മുതിര്‍ന്നപ്പോള്‍ പെണ്‍കുട്ടികളുടെ കൈപിടിച്ചു, വേദനിപ്പിക്കാതെ വളക്കച്ചടവക്കാര്‍ വളയിട്ടു കൊടുക്കുന്നതു അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
വി.എം. കുട്ടിയുടേയും വിളയില്‍ വത്സലയുടേയും എം.പി. ഉമ്മര്‍ കുട്ടിയുടേയും പീര്‍ മുഹമ്മദിന്റേയുമൊക്കെ മുഖചിത്രമുള്ള മാപ്പിളപ്പാട്ടിന്റെ പുസ്തകങ്ങള്‍ ആദ്യമായി കാണുന്നതു താത്തൂരിലെ നേര്‍ച്ചപ്പറമ്പിലാണ്. ഐസു വാങ്ങിയില്ലെങ്കിലും പാട്ടു പുസ്തകങ്ങള്‍ വാങ്ങാതെ ഞാന്‍ വരാറില്ല. പിന്നീട് ഫസീലയായി മാറിയ വത്സലയുടെ ഹെയര്‍ സ്‌റ്റൈല്‍ അന്നു പ്രസിദ്ധമാണ്. അമ്പിളിക്കല പോലെ നെറ്റിയിലേക്ക് തൂങ്ങി നില്‍ക്കുന്ന മുടിയിഴകളായിരുന്നു അതിന്റെയൊരഴക്. അന്നൊക്കെ ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന രണ്ട് സെലിബ്രിറ്റികള്‍ വി.എം. കുട്ടിയും വിളയില്‍ വത്സലയുമായിരുന്നു.
പക്ഷേ, അവര്‍ തൊട്ടടുത്ത നാട്ടില്‍ ഗാനമേളക്കു വന്നപ്പോള്‍ ടിക്കറ്റെടുക്കാന്‍ കാശില്ലാത്തതിനാല്‍ പോകാന്‍ പറ്റിയില്ല. എം.പി. ഉമ്മര്‍ കുട്ടിയും സംഘവും വി.എം.കുട്ടിയും സംഘവുമൊക്കെ ഒരേ വേദിയില്‍ മത്സരിച്ചു പാടുന്ന കാലമാണ്. നോട്ടീസിന്റെ തലക്കെട്ട് രസമുണ്ടാകും. വമ്പിച്ച മാപ്പിളപ്പാട്ട് മഹാമഹം എന്നാകും നോട്ടീസ്. ഈ മഹാമഹം എന്താണാവോ?
താത്തൂരിലെ രക്തസാക്ഷികള്‍ ആരാണെന്നതിനു ആധികാരികമായ വിവരങ്ങളൊന്നുമില്ല. താത്തൂരിലെ പള്ളി എന്നു സ്ഥാപിച്ചതാണെന്നോ നേര്‍ച്ച തുടങ്ങിയിട്ടു എത്ര വര്‍ഷമായെന്നോ ഒരു പിടിയുമില്ല. 22 രക്തസാക്ഷികളുണ്ടെന്നാണ് പറയുന്നത്. രണ്ടു തരം കഥകളാണ് പഴയ ആളുകളില്‍നിന്നു കേട്ടവര്‍ കേട്ടവര്‍ കൈമാറി പ്രചരിച്ചത്. പക്ഷേ, അവയൊന്നും വിശ്വാസ യോഗ്യമല്ല.
അതിലൊരു കഥ ഇങ്ങിനെയാണ്. എളമരം കടവിനടുത്തൊരു പൂപ്പാറക്കടവുണ്ട്. അവിടെ ഒരമ്പലമുണ്ടായിരുന്നു. അമ്പലക്കടവില്‍ ഒരിക്കലൊരു മുസല്‍മാന്‍ തന്റെ മീന്‍ തോണി അടുപ്പിച്ചു. അമ്പക്കടവില്‍ ഇറച്ചിയോ മീനോ കയറ്റാന്‍ പാടില്ലല്ലോ. അതിന്റെ പേരില്‍ ലഹളയായി. യുദ്ധമായി. ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരാണ് താത്തൂരില്‍ അന്തിയുറങ്ങുന്നത്.
രണ്ടാമത്തെ കഥയും ഹിന്ദു മുസ്‌ലിം കലഹവുമായി ബന്ധപ്പെട്ടാണ്. ഒരു ഹിന്ദു ജന്മി നല്‍കിയ സ്ഥലത്താണ് താത്തൂര്‍ പള്ളി സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദുക്കളില്‍ ഒരു വിഭാഗം പള്ളിയുടെ സ്ഥലത്തിന് അവകാശ വാദമുന്നയിച്ചു. അതു കലഹത്തിലും യുദ്ധത്തിലും കലാശിച്ചു. ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരാണ് താത്തൂരില്‍ അന്തിയുറങ്ങുന്നത്.
1921ലെ മലബാര്‍ ലഹള കാലത്ത് താത്തൂര്‍ പള്ളിക്കു നേരെ പട്ടാളത്തിന്റെ ആക്രമണം നടന്നിരുന്നു. ലഹളക്കാര്‍ പള്ളിയില്‍ ക്യാമ്പു ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളം പള്ളിക്കു തീവെക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീടിനു മുകളിലെ കുറുമ്പറക്കുന്നിലായിരുന്നു അന്നു പട്ടാള ക്യാമ്പ്. തീവെപ്പിനിടെ പൊള്ളലേറ്റ നിലയില്‍ പള്ളിയുടെ മുകള്‍ നിലയില്‍ നിന്ന് എടുത്തു ചാടിയ മുതീരിപ്പറമ്പില്‍ അര്‍മാന്‍ട്ടി പിന്നെയും കുറേക്കാലം ജീവിച്ചാണ് മരിച്ചത്. മുകളില്‍ നിന്നു ചാടിയ അര്‍മാന്‍ട്ടി കുഴിച്ചു വെച്ച ഒരു ഖബറിലേക്ക് വീണു. അതില്‍ അനക്കമറ്റു കിടന്ന അര്‍മാന്‍ട്ടിയെ ആ വഴി വന്ന പട്ടാളക്കാര്‍ കണ്ടില്ല.
നേര്‍ച്ചപ്പറമ്പിലെ എന്റെ കുട്ടിക്കാല വിലാസങ്ങള്‍ ഏറെ നീണ്ടു നിന്നില്ല. അഞ്ചാം ക്ലാസിലായപ്പോഴേക്കും യതീംഖാനയിലേക്കു കൂടു മാറിയിരുന്നു. യതീംഖാനയിലെ മദ്്റസയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സിലബസാണ്. അതിലെ പാഠങ്ങളില്‍ നേര്‍ച്ചയും ഉറൂസും ഹറാമാണ്. നിഷിദ്ധമാണ്. ഹറാമായ കാര്യം ചെയ്താല്‍ നരകത്തില്‍ പോകും. അതുവരെ തിന്ന താത്തൂര്‍ നേര്‍ച്ചയുടെ ചോറും ഇറച്ചിയും മനസ്സിലൊരു ദഹനക്കേടായി. അല്ലാഹുവേ ഞാന്‍ നരകത്തില്‍ പോകുമോ?
രക്തസാക്ഷികളുടേയും തങ്ങന്മാരുടേയും ശൈഖന്മാരുടേയും ഖബറിടങ്ങളിലെ പ്രാര്‍ഥനയും നേര്‍ച്ചകളുമൊക്കെ മതത്തില്‍ കൂട്ടിച്ചേര്‍ത്ത കാര്യങ്ങളാണത്രെ. അങ്ങിനെയാണത്രെ നബി പഠിപ്പിച്ചിട്ടുള്ളത്. ദീനില്‍ കൂട്ടിച്ചേര്‍ത്തതെല്ലാം അക്രമമാണ്. എല്ലാ അക്രമങ്ങളും നരകത്തിലും. വെള്ളിയാഴ്ച പ്രസംഗങ്ങളില്‍ ഇമാം എപ്പോഴും അത് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. മറ്റൊന്നു കൂടി പഠിച്ചു. ശുഹദാക്കളുടെ ജാറം മൂടുന്നതു പോലുള്ള കര്‍മങ്ങളും അവരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണത്രെ.
ശിര്‍ക്ക് എന്നാല്‍ ബഹുദൈവാരാധന. ബഹുദൈവാരാധകര്‍ തീര്‍ച്ചയായും നരകത്തിലാണ്. വെള്ളിയാഴ്ച ഇമാം ആവര്‍ത്തിച്ചു പ്രാര്‍ഥിക്കുന്നത് അതാണ്: അല്ലാഹുമ്മ അദില്ലശ്ശിര്‍ക വല്‍ മുശ്രികീന്‍.. ബഹുദൈവാരാധകരെ നിന്ദ്യരാക്കണേമെ എന്നു. (ബുദ്ധിയുറച്ച ശേഷം ആ പ്രാര്‍ഥനക്കു ഞാന്‍ ആമീന്‍ പറയാറില്ല. കാരണം എന്റെ അനേകം സുഹൃത്തുക്കള്‍ ബഹുദൈവാരാധകരാണ്.) അല്ലാഹുവേ! അപ്പോള്‍ താത്തൂരിലെ നേര്‍ച്ചപ്പറമ്പില്‍ കൊല്ലം തോറുമെത്തുന്ന നൂറു കണക്കിന് മുസ്‌ലിങ്ങളാക്കെ നരകത്തിലാകുമോ? അക്കൂട്ടത്തില്‍ എന്റെ എത്രയെത്ര പ്രിയപ്പെട്ടവരാണുള്ളത്?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Religion and Festivals – P.T. Muhammed Sadik writes