മതം മാറലും മാറ്റലും
Daily News
മതം മാറലും മാറ്റലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2017, 4:34 pm

വിവാഹ മോചനങ്ങള്‍പോലും അറുമാസം കാലത്തോളം പുനരാലോചനയ്ക്ക് സമയം നല്‍കുന്ന നീതിന്യായ വ്യവസ്ഥയുടെ സുക്ഷമത മതംമാറ്റപോലുള്ള മൗലികമായ ഒരു പ്രക്രയിയില്‍ കാണിക്കാത്തത് പുനരാലോചിക്കേണ്ടതുണ്ട്. ഒറ്റ ദിവസംകൊണ്ട് കുപ്പായം മാറുന്നത്‌പോലെ മാറാന്‍ കഴിയുന്ന ഒന്നായി മതത്തെമാറ്റി മതസത്തയെതന്നെ അപഹസിച്ചുകൊണ്ടിരിക്കുന്ന ഈ ആളെ പിടിയന്‍മാരില്‍ നിന്ന് മതത്തെ രക്ഷിച്ചെടുക്കാനുള്ള ബാധ്യത യഥാര്‍ത്ഥ വിശ്വാസികള്‍ക്കും ഉണ്ട്.


കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കും വിധം ഇന്ന് മതമാറ്റത്തെ കുറിച്ചുള്ള ബഹളങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ ബഹളങ്ങളില്‍ ഇരുപക്ഷത്തേയും സജീവമാക്കുന്നത് മാതാത്മകതയുടെ ആന്തരിക പ്രചോദനങ്ങളാണെന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

ചില മതേതര വിശകലനങ്ങള്‍ക്ക് പോലും മതബോധത്തെ മറികടക്കാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ മതമാറ്റത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അത് ഇന്നലെയും ഇന്നും മതം എന്നതിനേക്കാള്‍ പ്രേരണയാകുന്നത് ഭൗതികജീവിതമായിരുന്നു എന്ന് വ്യക്തമാണ്. അന്യവത്ക്കരണം, ജാതി, ദാരിദ്ര്യം, ഇത്യാദി സാമൂഹ്യസന്ദര്‍ഭം സൃഷ്ടിച്ച സങ്കീര്‍ണ്ണമായ പ്രശ്‌നപരിസരം കേരളം പലകുറി ശരിയായി ചര്‍ച്ചചെയ്തിട്ടുണ്ട്.

മതത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ആശയ വ്യവഹാരം ഇവിടെയൊന്നും ഒട്ടും പ്രസക്തമായിരുന്നില്ല. നിലനില്‍ക്കുന്ന വിശ്വാസികളുടെ തന്നേയും ഭൂരിപക്ഷത്തിന്റെ അടിത്തറയായി മാറാന്‍ കഴിയുന്ന ഒരു ജീവിതം വിഭാവനം ചെയ്യാന്‍ കെല്‍പ്പുള്ള ഒരു മതവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

മതമല്ല ഭൗതികജീവിതമാണ് മനുഷ്യരെ നയിച്ചുകൊണ്ടിരിക്കുന്നത്. മതപ്രചാരകര്‍ പൂരപറമ്പിലെ ആള്‍ക്കൂട്ടങ്ങള്‍ക്ക് മുകളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശലോകം പ്രചാരകന്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ വിലപോലും ഇല്ലാത്തതാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഭൗതികവും ബൗദ്ധികവുമായ ജീവിതത്തിലേക്ക് ഒരു സംഭാവനയും നല്‍കാന്‍ കഴിയാത്ത ഈ മതങ്ങളുടെ ആന്തരിക പ്രതിസന്ധി മറച്ചുപിടിക്കാനുള്ള ബഹളങ്ങളാണ് ഇന്ന് നാം കാണുന്നത്.

ഇതാവട്ടെ മതപ്രോക്ത സംഘടനകള്‍ ഉണ്ടാക്കുന്ന ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയ ബഹളങ്ങളാണ്. വിശ്വാസപരമായ അനുശീലനങ്ങളുടെ ഭാഗംമാത്രമായ ഭൂരിപക്ഷവും ഈ ബഹളങ്ങള്‍ക്ക് പുറത്താണ്.

 

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ മകളോട് ടീച്ചര്‍ ചോദിച്ചുവത്രെ “”എന്താണ് സര്‍ട്ടിഫിക്കറ്റില്‍ മതം ചേര്‍ക്കാത്തത്, അതൊക്കെ പിന്നീട് പ്രശ്‌നമാവില്ലേയെന്ന്””. എന്റെ മോള് പറഞ്ഞ ഉത്തരം വളരെ ലളിതമായിരുന്നു. “”ടീച്ചറുടെ അച്ചനും അമ്മയും ഹിന്ദുവായതുകൊണ്ടല്ലെ ടീച്ചറും ഹിന്ദുവായത്, എന്റെ അച്ചനും അമ്മയ്ക്കും മതമില്ലാത്തതുകൊണ്ട് എനിക്കും മതമില്ല””. നാട്ടിലെ സകല മതങ്ങള്‍ക്കും ഇതില്‍ക്കൂടുതല്‍ വല്ല പ്രസക്തിയും ഉണ്ടോ?

പ്രണയം മതമാറ്റത്തിന് കാരണമായി തീരുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവത്തോടെ പരിശോധിക്കാനുള്ള ബാധ്യത കൂടുതല്‍ ഉള്ളത് മതേതരവാദികള്‍ക്കാണ്. ഒരു മതത്തിലേക്ക് മാത്രമല്ല, എല്ലാമതത്തിലേക്കും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒരു പ്രണയവും മതം, മതമാറ്റം, വിവാഹം തുടങ്ങിയ ഉപാധികളോടെ ആരംഭിക്കുന്നതല്ല.

പ്രണയിക്കുന്നവരില്‍ തന്നെ ചെറിയൊരു ശതമാനം മാത്രമേ വിവാഹത്തില്‍ എത്തിചേരുന്നുള്ളു. വിവാഹത്തോടടുക്കുമ്പോഴാണ് സമുദായങ്ങളുടെ സങ്കുചിതത്വങ്ങള്‍ അവര്‍ക്ക് മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. വ്യത്യസ്ത മതങ്ങളില്‍ തന്നെ നിലനിന്ന്‌കൊണ്ടോ, അതില്‍നിന്ന് പുറത്ത് കടന്നോ പുതിയൊരു ജീവിതം ഭാവന ചെയ്യാനുള്ള രാഷ്ട്രീയമായ ധീരത പ്രകടിപ്പിക്കാന്‍ ഉള്‍ക്കരുത്തുള്ളവര്‍ അങ്ങിനെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അത് കേരളീയ ജീവിതത്തില്‍ വലിയ അളവില്‍ നടക്കുന്നുണ്ട്.

 

അവരില്‍ നിന്ന് ഒരു മതരഹിതരുടെ തലമുറ ഇവിടെ ജീവിക്കുന്നുമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അങ്ങിനെ സാധിക്കണമെന്നില്ല. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടാതെരിക്കാന്‍ അത്തരക്കാര്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ സുരക്ഷിതത്വം കണ്ടെത്തുകയാണ്. അത് മാത്രമാണ് മിക്ക മതമാറ്റത്തിന് പിന്നിലേയും “”മതബോധം””.

രക്ഷിതാക്കള്‍ കുട്ടികളോടുള്ള ഇഷ്ടക്കുറവുകൊണ്ടോ അവരുടെ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ടൊ തീവ്രമായ മതബോധംകൊണ്ടൊ അല്ല മിശ്രവിവാഹത്തിന് തടസ്സം നില്‍ക്കുന്നത്. നമ്മള്‍ പുറത്ത് പടുത്തുയര്‍ത്തിയ മതനിരപേക്ഷമായ പൊതുയിടങ്ങള്‍ കുടുംബത്തിനകത്തേക്ക് സന്നിവേശിപ്പിക്കാന്‍ മടിക്കുന്ന ഒരു ജനതയാണ്. അതുകൊണ്ട് വ്യത്യസ്ത വിശ്വാസം വെച്ച് പുലര്‍ത്തുന്നവരെ ഒരു വീടിനകത്ത് സങ്കല്‍പ്പിക്കാനാവുന്നില്ല.
ഇത് പലപ്പോഴും കുടുംബത്തിനകത്തെ വിശ്വാസികളായ വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യമല്ല. അവര്‍ക്ക് മേല്‍ പ്രത്യക്ഷവും പരോക്ഷവുമായി സ്ഥാനമുറപ്പിച്ച മത ജാതി സംഘാടനത്തിന്റെ സാനിധ്യമുണ്ട്. ശാസനക്ക് വിധേയമാവേണ്ട ഗ്രോത്രജീവിതത്തിലേക്ക് ഒതുക്കപ്പെടുന്ന വിശ്വാസികള്‍ക്ക് മുകളില്‍ ഒരു അധികാരശക്തിയായി മാറിയിരിക്കുകയാണ് ഇന്ന് എല്ലാ മത ജാതി സാമുദായികവ്യവസ്ഥകളും സംഘടനകളും.

മിശ്രവിവാഹവും മിശ്രഭോജനവും വിപ്ലവകരമായി ആഘോഷിച്ച നവോത്ഥാന കാലത്തില്‍നിന്ന് മിശ്രവിവാഹം അടിച്ചുമാറ്റലും ഒളിച്ചോടലുമാക്കി പരിവര്‍ത്തിപ്പിച്ച ഒരു ജനതയെ സൃഷ്ടിച്ചെടുത്തത് ഇവരാണ്. മത ജാതി സംഘടനകളുടെ സാംസ്‌ക്കാരിക മൂലധനത്തെ വിഘടിക്കാന്‍ പഴയതുപോലെ മതേതര ശക്തികള്‍ക്ക് കഴിയുന്നില്ല.

മിശ്രവിവാഹത്തെ ഒരാഘോഷമാക്കിമാറ്റുന്ന ഒരു മതേതരശക്തികളും അതുണ്ടാക്കുന്ന സാമൂഹ്യവ്യവഹാരവും ഇവിടെ നിലനിന്നിരുന്നുവെങ്കില്‍ എല്ലാ മിശ്രപ്രണയങ്ങളുടേയും സുരക്ഷിത സ്ഥലമായി പാര്‍ട്ടിയോഫീസുകള്‍ മാറുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് അത് അങ്ങിനെയല്ല.

 

 

ജനനം, മരണം, വിവാഹം തുടങ്ങിയ സാമൂഹ്യവ്യവഹാരങ്ങളെ കേന്ദ്രീരിച്ച് നിലനിര്‍ത്തിപ്പോരുന്ന ആചാരപരതയാണ് മതസ്ഥാപനങ്ങള്‍ക്ക് വിശ്വാസികളുടെമേല്‍ അധീശത്വസ്ഥാപിക്കാനുള്ള മുഖ്യ ഉപകരണങ്ങള്‍. ആചാരപരതയെ പ്രശ്‌നവത്ക്കരിക്കാനും മതേതര പൊതുമണ്ഡലം നിര്‍മ്മിക്കാനും ശ്രമിക്കുന്നതിന് പകരം വിശ്വാസികളുടെ മൊത്തം വ്യവഹാരങ്ങളുടേയും പ്രതിനിധാനം മതസംഘടനകളാളെന്ന് ധരിച്ച മതേതര പാര്‍ട്ടികളുടെ നിഷ്‌ക്രിയത്വം അവരുടെ അധീശത്വം സ്ഥാപനവത്ക്കരിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

അതുകൊണ്ട് പ്രണയിക്കുന്നവരില്‍ കുറ്റം ആരോപിക്കാന്‍ ധൃതികാണിക്കേണ്ടതില്ല. കുടുംബം, സമൂഹം, രാഷ്ട്രീയ ഘടന അങ്ങിനെ നീളും കുറ്റവാളികളുടെ പട്ടിക.

ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശമാണ്. ഇത് ആധുനിക ഇന്ത്യ ഉയര്‍ത്തിപിടിക്കുന്ന മതേതരജിവിതം വിഭാവനം ചെയ്യുന്ന “പൗരസങ്കല്‍പ്പ”വമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തിയതാണ്.

ഒരു മതതത്വചിന്തയും അത്തരം ഒരു പൗരസംങ്കല്‍പ്പം അംഗീകരിക്കുന്നില്ല. മതമാറ്റം ചര്‍ച്ചചെയ്യുമ്പോള്‍ മൗലീകാവകാശം മുറുകെ പിടിക്കുന്നവര്‍ അവരുടെ മതത്തിലെ സ്ത്രീകള്‍ക്ക് അത് അംഗീകരിച്ച് കൊടുക്കില്ല. അപ്പോള്‍ അവര്‍ക്ക് മതനിയമമാണ് പ്രധാനം. ഒരു മതവും അതില്‍ നിന്ന് വ്യത്യസ്തമല്ല.

 

ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്തയും ഒരു പൗരന് മതമാറ്റത്തിന് നല്‍കുന്ന മൗലിക അവകാശത്തെ മതസംഘടനകളുടെ മതം മാറ്റാനുള്ള അവകാശമായി വ്യാഖ്യാനിച്ചെടുക്കുകയാണിവിടെ ചിലര്‍. അവര്‍ക്ക് അതിന് ആരാണ് അധികാരം നല്‍കിയിരിക്കുന്നത്.

മതം ഇന്ന് നിലനില്‍ക്കുന്നത് മറ്റേതെങ്കിലും ഒരു ആര്‍ജിത ചിന്താധാരയെ പോലെ ഒരു വ്യക്തി സ്വയത്തമാക്കുന്നതല്ല. അത് ജന്മം കൊണ്ട് രേഖപ്പെടുത്തപ്പെടുന്നതാണ്. ഈ രേഖപ്പെടുത്തലിലൂടെയാണ് നിയമപരമായി ആ വ്യക്തി സവിശേഷമായ മതത്തില്‍പെടുന്ന ഒരു പൗരനാകുന്നത്. നിയമപരമായി രേഖപ്പെടുന്നപ്പെടുന്ന ഈ പൗരത്വം ഒരു വ്യക്തിക്ക് മറ്റണമെങ്കില്‍ അതായത് മതം മാറണമെങ്കില്‍ നിയമപരമായ പക്രിയിലൂടെ മാത്രമേ സധ്യമാകു എന്ന് ഒരു വ്യവസ്ഥ ഉണ്ടാവേണ്ടതുണ്ട്.

വിവാഹ മോചനങ്ങള്‍പോലും അറുമാസം കാലത്തോളം പുനരാലോചനയ്ക്ക് സമയം നല്‍കുന്ന നീതിന്യായ വ്യവസ്ഥയുടെ സുക്ഷമത മതംമാറ്റപോലുള്ള മൗലികമായ ഒരു പ്രക്രയിയില്‍ കാണിക്കാത്തത് പുനരാലോചിക്കേണ്ടതുണ്ട്.

ഒറ്റ ദിവസംകൊണ്ട് കുപ്പായം മാറുന്നത്‌പോലെ മാറാന്‍ കഴിയുന്ന ഒന്നായി മതത്തെമാറ്റി മതസത്തയെതന്നെ അപഹസിച്ചുകൊണ്ടിരിക്കുന്ന ഈ ആളെ പിടിയന്‍മാരില്‍ നിന്ന് മതത്തെ രക്ഷിച്ചെടുക്കാനുള്ള ബാധ്യത യഥാര്‍ത്ഥ വിശ്വാസികള്‍ക്കും ഉണ്ട്.

സൂക്ഷമമായ പഠനങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തില്‍ മതം മാറാന്‍ തീരുമാനിച്ച ഒരാള്‍ക്ക് നിയമപരമായി അത് കഴിയുമെങ്കില്‍ എന്തിനാണ് മതസ്ഥാപനങ്ങളുടെ മതമാറ്റകേന്ദ്രങ്ങള്‍. നിരന്തരം അസ്വസ്തകള്‍ വിതച്ചുക്കൊണ്ട് മത ജാതി സംഘടനകള്‍ നടത്തുന്ന ഭ്രാന്തന്‍ അലര്‍ച്ചകളില്‍നിന്ന് സമൂഹത്തെ പുനര്‍നിര്‍മ്മിക്കേണ്ടതില്ലേ. മതസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എല്ലാമതമാറ്റ കേന്ദ്രങ്ങളും അടച്ചുപൂട്ടി മതമാറ്റത്തിന് നിയമപരമായ പക്രിയകള്‍ നിര്‍ബന്ധമാക്കണം എന്ന ആവശ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്.