കണ്ണൂര്‍: കോട്ടയത്തെ ദുരഭിമാനക്കൊലയുടെ യഥാര്‍ത്ഥ കാരണം ചര്‍ച്ചചെയ്യുന്നത് തന്നെ ഞെട്ടിക്കുന്നെന്ന് ഫുട്ബോള്‍ താരം സി.കെ വിനീത്. മതവും ജാതിയുമാണ് കെവിന്റെ കൊലപാതകത്തിന്റെ പ്രധാനകാരണം. എന്നാല്‍ ഇപ്പോള്‍ ഇതിലെ രാഷ്ട്രീയവും പൊലീസിന്റെ അനാസ്ഥയും മാത്രമാണ് സംസാരിക്കുന്നത്. മാധ്യമങ്ങള്‍ പോലും യഥാര്‍ത്ഥ കാരണം പറയുന്നില്ലെന്നും സി.കെ വിനീത് പറഞ്ഞു.
ഫേസ്ബുക്ക് വഴിയായിരുന്നു വിനീതിന്റെ പ്രതികരണം. ഭീകരമായ സംഭവത്തിനു പിന്നിലെ കാരണങ്ങളെ കുറിച്ച് സംസാരിക്കാനോ എഴുതാനോ ആരും തയ്യാറാവുന്നില്ല. ഇത് ജാതീയതയാണ്, പക്ഷേ ആരും അതിന്റെ പ്രാധാന്യം മനസിലാക്കുന്നില്ല. ഇതിനെ കുറിച്ച് ആരെങ്കിലും സംസാരിക്കണം.
Also Read ദുരഭിമാനക്കൊല; പൊലീസിന്റേത് ഗുരുതര വീഴ്ച, പൊലീസും പ്രതി സാനുവുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്
“ഈ നിമിഷത്തില്‍ കെവിന് കുടുംബത്തിന്റെ ദുഃഖം എനിക്ക് സങ്കല്പ്പിക്കാന് പറ്റുന്നില്ല. ഈ ദുരന്തത്തെ മറികടക്കാനുള്ള ശക്തി അവര്‍ക്ക് കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. തെറ്റിന് കൂട്ടുനിക്കാത്തവര് ഇപ്പോള്‍ മുന്നോട്ട് വരണം, പ്രതികരിക്കണം. അവന് എല്ലാം ചെയ്തത് പ്രണയത്തിന് വേണ്ടിയായിരുന്നു”. സി.കെ വിനീത് പറയുന്നു.
നേരത്തെ കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പിടിയിലായ നിയാസിന്റെ ഉമ്മ ലൈലാ ബീവി വെളിപ്പെടുത്തിയിരുന്നു. കെവിനുമായുള്ള നീനുവിന്റെ ബന്ധം ഇഷ്ടമല്ലെന്നും കെവിന് താഴ്ന്ന ജാതിക്കാരനാണെന്ന് ഇവര്‍ പറഞ്ഞിരുന്നെന്നും ലൈലാ ബീവി പറഞ്ഞിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടു. നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് വെളിപ്പെടുത്തി.