| Saturday, 27th July 2024, 11:49 am

ഹീമോഫീലിയ; കേരളത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി 'എമിസിസുമാബ്'; രാജ്യത്ത് ഇതാദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നൽകാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്. ആശധാര പദ്ധതിയിലൂടെയാണ് സൗജന്യ കുത്തിവെപ്പ് നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്നൂറോളം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നിലവിലെ മരുന്ന് ആഴ്ചയില്‍ രണ്ട് ദിവസം കുത്തിവയ്ക്കണം. പുതിയ മരുന്ന് മാസത്തില്‍ ഒരിക്കല്‍ കുത്തിവച്ചാല്‍ മതി. നേരത്തെയുള്ള മരുന്ന് ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് വേദന അനുഭവപ്പെടും. എമിസിസുമാബ് കുത്തിവയ്ക്കുമ്പോള്‍ കാര്യമായ വേദനയുണ്ടാവില്ല. എമിസിസുമാബ് ലഭ്യമാക്കുന്നതോടെ പൂർണമായും രക്തസ്രാവം (സീറോ ബ്ലീഡ് ) ഇല്ലാതാകുമെന്ന് പഠനങ്ങൾ‌ തെളിയിക്കുന്നു. 2019ൽ‌ ആലുവ ​ഹീമോഫീലിയ സെന്ററിലെ രണ്ട് പേർക്കാണ് കേരളത്തിലാദ്യമായി എമിസിസുബാബ് ചികിത്സ തുടങ്ങിയത്.

നേരത്തെ, ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികളുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ ജോലി എന്നിവ  മാറ്റി വെച്ച് കുത്തിവെപ്പ് എടുക്കാന്‍ ആശുപത്രികളില്‍ എത്തണമായിരുന്നു. ആഴ്ചകളിലുള്ള ഈ കുത്തിവെപ്പെടുക്കൽ കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാതാപിതാക്കളുടെ ജോലിയെയും ബാധിക്കും. ഇത് മാസത്തിൽ ഒരു ദിവസമായി ചുരുങ്ങുന്നത് വലിയ ആശ്വാസമാകും.

ജനിതകപ്രശ്‌നങ്ങൾ മൂലം രക്തം കട്ടപിടിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടർ 8, 9 എന്നിവ ഇല്ലാതിരിക്കുകയോ അളവ് കുറഞ്ഞിരിക്കുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയുണ്ടാകുന്നത്.

രക്തഘടകങ്ങൾ പ്രദാനം ചെയ്യുന്ന പ്രൊഫിലാക്‌സിസ് ചികിത്സ രോ​ഗികളിലെ രക്തസ്രാവം കുറക്കുമെങ്കിലും വർഷത്തിൽ അഞ്ചിലൊരു തവണയെങ്കിലും രക്തസ്രാവം ഉണ്ടാകാറുണ്ട്. കൃത്യമായ ചികിത്സ ലഭിക്കാതെ വന്നാൽ അത് കുട്ടികളിൽ ഭിന്നശേഷിക്കും കാരണമാകും. ഇതിന് പരിഹാരമായ എമിസിസുമാബ് മികച്ച ചികിത്സയാണെന്ന് മുംബൈ ഐ.സി.എം.ആറിലെ ഡോ. റിച്ചി പട്ടേലിന്റെ പഠനത്തിൽ കണ്ടെത്തി.

നിലവിൽ ആലുവയിൽ‌ 13 പേർക്ക് എമിസിസുബാബ് നൽകുന്നുണ്ട്. അവർക്ക് ഇതുവരെയും രക്തസ്രാവം വന്നിട്ടില്ലെന്ന് സെന്റർ മേധാവി ഡോ. എൻ വിജയകുമാർ പറഞ്ഞു. രോ​ഗികൾക്കും അവരുടെ കുടുംബത്തിനും ഏറ്റവും ആശ്വാസകരമാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Relief for patients; Free hemophilia medicine for children

We use cookies to give you the best possible experience. Learn more